‘ഈ ദിവസം എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്’: ഹൃദ്യമായ കുറിപ്പ് പങ്കുവച്ച് ഭാവന Bhavana and Naveen Celebrate Wedding Anniversary
Mail This Article
നടി ഭാവനയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതൽ പിന്തുണ നൽകുന്നതിലൊരാൾ ഭർത്താവ് നവീനാണ്. താരം ഇക്കാര്യം തന്റെ പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുമുണ്ട്. ജീവിതത്തിലെ വിഷമ ഘട്ടങ്ങളിൽ ഭാവനയെ ചേർത്തുപിടിച്ചതും പൊരുതിത്തിരികെ വരാൻ പ്രോത്സാഹിപ്പിച്ചതും അദ്ദേഹമാണ്. ജീവിതത്തില്‍ താൻ എടുത്ത ഏറ്റവും നല്ല തീരുമാനമാണ് നവീൻ എന്നും ഭാവന പറഞ്ഞിട്ടുണ്ട്.
ഇവരുടെ ഏഴാം വിവാഹവാർഷികമാണിന്ന്. നവീനൊപ്പമുള്ള മനോഹരമായ സെൽഫി ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് ഭാവന സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ഹൃദ്യമാണ്.
‘ഈ ദിവസം എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്. ഇത്രയും നാൾ നിന്നെ ശല്യം ചെയ്യുന്നത് ഞാൻ എത്രമാത്രം ആസ്വദിച്ചിട്ടുണ്ടെന്നും, ഭാവിയിലും അത് തുടരാൻ ഞാൻ എത്രമാത്രം ആവേശത്തിലാണെന്നും നീ അറിയണം. സന്തോഷവും, സ്നേഹവും, ഉല്ലാസവും, തമാശകളും നിറഞ്ഞ മറ്റൊരു 365 ദിവസങ്ങൾക്കായി’ എന്നാണ് താരം കുറിച്ചത്.
2018 ജനുവരി 22നായിരുന്നു ഭാവനയും കന്നഡ നടനും നിർമാതാവുമായ നവീനുമായുള്ള വിവാഹം. ‘റോമിയോ’ എന്ന കന്നഡ ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും പരിചയപ്പെട്ടതും ആ അടുപ്പം സൗഹൃദത്തിലേക്കും തുടർന്നു പ്രണയത്തിലേക്കുമെത്തിയതും. അഞ്ച് വർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം.
നവാഗതനായ റിയാസ് മാരാത്ത് സംവിധാനം ചെയ്യുന്ന ‘അനോമി’യാണ് ഭാവനയുടെ റിലീസിനൊരുങ്ങുന്ന ചിത്രം.