‘സ്വന്തം കുടുംബത്തെ വേർപിരിഞ്ഞുവെന്ന തോന്നൽ ആദ്യം മാറ്റണം, ഇനിയുള്ള യാത്രയിൽ ഒന്നിച്ച് നീങ്ങാം’; മരുമകളെ സ്വാഗതം ചെയ്ത് കണ്ണൻ സാഗർ
Mail This Article
മകൻ പ്രവീൺ കണ്ണന്റെ വധുവിനെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്ത് നടന്‍ കണ്ണൻ സാഗർ. മരുമകൾക്കുള്ള ആശംസകളും ഉപദേശങ്ങളുമാണ് കണ്ണൻ സാഗർ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. സ്വന്തം കുടുംബത്തിൽ നിന്ന് വേർപിരിഞ്ഞുവെന്ന തോന്നൽ വേണ്ടെന്നും ജീവിതം സന്തോഷവും സൗഹൃദവും നിറഞ്ഞതാകട്ടെയെന്നും കണ്ണൻ സാഗർ കുറിച്ചു.
കണ്ണൻ സാഗർ പങ്കുവച്ച കുറിപ്പ് വായിക്കാം:
ഞങ്ങളുടെ കുടുംബത്തോടൊപ്പം വന്നുചേർന്ന അഞ്ചാമതൊരാൾ. സ്വാഗതം മോളേ, ഇനിയുള്ള യാത്രയിൽ നമുക്ക് ഒന്നിച്ച് നീങ്ങാം. സുഖത്തിലും ദുഃഖത്തിലും പങ്കുചേരുന്നു. സ്നേഹത്തിലും മനുഷ്യത്വത്തിലും പരോപകാരത്തിലും കൈകോർത്തു തുടക്കമിടാം.
സ്വന്തം മാതാപിതാക്കളേയും സഹോദരനേയും വേർപിരിഞ്ഞു വന്നുവെന്ന തോന്നൽ ആദ്യം മാറ്റണം. ഉത്തരവാദിത്തം എന്റെ മകൻ ഏറ്റെടുത്തില്ലേ. ഇനി എന്റെ പൊന്നനെ നന്നായി നോക്കണം. ജീവിതം സുരഭിലവും സൗഹാർദവും സന്തോഷവും നിറഞ്ഞതാകട്ടെ.
കുഞ്ഞി നാത്തൂനൊപ്പം ഞങ്ങളും ഉണ്ട്. ഞങ്ങളുടെ കുടുംബത്തിന്റെ സന്തോഷത്തിൽ മീഡിയ വഴിയും അല്ലാതെയും ഒപ്പം ചേർന്ന പ്രിയപ്പെട്ടവർക്ക് പറഞ്ഞാൽ തീരാത്ത കടപ്പാട് സ്നേഹം.’
കഴിഞ്ഞ ദിവസമാണ് നടനും മിമിക്രി താരവുമായ കണ്ണൻ സാഗറിന്റെ മകന്റെ വിവാഹം കഴിഞ്ഞത്. അവതാരക റോഷൻ എസ് ജോണിയാണ് വധു. ചങ്ങനാശ്ശേരി സബ് രജിസ്ട്രാർ ഓഫിസിൽ വച്ചാണ് ഇരുവരും നിയമപരമായി വിവാഹിതരായത്.