‘ആഗ്രഹിച്ച പല കാര്യങ്ങളും ഇന്ന് ഞങ്ങളുടെ ജീവിതത്തിലുണ്ട്’: മനോഹരനിമിഷങ്ങളുടെ ഓർമ്മച്ചിത്രങ്ങൾ പങ്കുവച്ച് അഹാന കൃഷ്ണ Ahaana Krishna Looks Back at Pivotal Year 2016: A Journey of Dreams
Mail This Article
ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളുടെ ഓർമ്മച്ചിത്രങ്ങൾ പങ്കുവച്ച്, കുറിപ്പുമായി നടി അഹാന കൃഷ്ണ. 2016– ലെ ഡയറിക്കുറിപ്പുകളും ചിത്രങ്ങളുമാണിവ. താൻ കണ്ട സ്വപ്നങ്ങൾക്ക് ചിറക് മുളച്ച 2016 – ലേക്ക് തിരിഞ്ഞു നോക്കുമ്പോൾ വലിയൊരു നന്ദിബോധം മാത്രമാണ് മനസ്സിലെന്നു താരം.
‘എന്റെ പ്രിയപ്പെട്ട ഛായാഗ്രാഹകൻ എന്നെ ക്യാമറയിൽ പകർത്തുന്നു’ എന്ന കുറിപ്പോടെ ഛായാഗ്രാഹകനും സുഹൃത്തുമായ നിമിഷ് രവിയെ ആദ്യം കണ്ടുമുട്ടിയതിന്റെയും അദ്ദേഹം തന്റെ ചിത്രങ്ങൾ പകർത്തിയ നിമിഷത്തിന്റെയും സന്തോഷവും താരം പങ്കുവച്ചു. ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന സിനിമയുടെ ഭാഗമായപ്പോൾ ലഭിച്ച 45,000 രൂപ അക്കൗണ്ടിൽ വന്ന ഉടനെ എടുത്ത സ്ക്രീൻഷോട്ടും താരം പങ്കുവച്ചു. അന്ന് 46,234 രൂപയായിരുന്നു അഹാനയുടെ ബാങ്ക് ബാലൻസ്. ഈ ഷൂട്ടിങ് വേളയിൽ അച്ഛൻ കൃഷ്ണകുമാർ കൂടെയുണ്ടായിരുന്ന കാര്യവും താരം ഓർത്തെടുത്തു. ചെന്നൈയിലെ എം.ഒ.പി കോളജിലെ പഠനകാലത്ത് ഒരു കൊച്ചു ഹോസ്റ്റൽ മുറിയിൽ നിന്നാരംഭിച്ച തന്റെ ജീവിതയാത്രയെക്കുറിച്ചും അഹാന വാചാലയായി. ‘എനിക്ക് സ്വന്തമെന്ന തോന്നലും സുരക്ഷിതത്വവും നൽകിയ ഒരിടം’ എന്നാണ് താരം ആ മുറിയെ വിശേഷിപ്പിച്ചത്.
‘തീർച്ചയായും ഇത് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച വർഷമൊന്നുമല്ല, കാരണം ഇന്നത്തെ എന്റെ ജീവിതം അന്നത്തേക്കാൾ എത്രയോ മനോഹരവും സൗകര്യപ്രദവുമാണ് (ദൃഷ്ടി തട്ടാതിരിക്കട്ടെ). എങ്കിലും, ഒട്ടേറെ പ്രധാനപ്പെട്ട ‘ആദ്യ നിമിഷങ്ങൾക്ക്’ സാക്ഷ്യം വഹിച്ച വർഷമായിരുന്നു അത്. എല്ലാ കാര്യങ്ങൾക്കും ഒരു ആദ്യാനുഭവമുണ്ടല്ലോ; ഇന്ന് ഞാൻ ആവോളം ആസ്വദിക്കുന്ന പല കാര്യങ്ങളുടെയും തുടക്കം 2016ലായിരുന്നു.
പിന്തിരിഞ്ഞു നോക്കുമ്പോൾ, പ്രതീക്ഷകളും സ്വപ്നങ്ങളും നിറഞ്ഞ ഞങ്ങളുടെ മുഖങ്ങളും മനസ്സുമാണ് ഞാൻ കാണുന്നത്. കഴിഞ്ഞ ആഴ്ച മുഴുവൻ എന്റെ ഹാർഡ് ഡിസ്കിൽ ഈ നിമിഷങ്ങൾക്കായി തിരയുമ്പോൾ, വലിയൊരു നന്ദിബോധം മാത്രമാണ് മനസ്സിൽ തോന്നിയത്. 2016ൽ ഞങ്ങൾ ആഗ്രഹിച്ച പല കാര്യങ്ങളും ഇന്ന് ഞങ്ങളുടെ ജീവിതത്തിലുണ്ട് എന്നതിൽ ഞാൻ അങ്ങേയറ്റം കടപ്പെട്ടവളാണ്. ‘ഒരിക്കലും പിന്നിലേക്ക് നോക്കരുത്’ എന്ന് ആളുകൾ പറയാറുണ്ട്. പക്ഷേ, ഇത്രയും മനോഹരമായ ഒരു അനുഭൂതിയാണ് അത് നൽകുന്നതെങ്കിൽ എന്തുകൊണ്ട് നോക്കിക്കൂടാ!’ എന്നാണ് ഈ ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചത്.