‘ഇവനൊക്കെ പടം എടുക്കാൻ അറിയുമോ എന്ന് ചോദിച്ചിട്ടുണ്ട്’: ട്രോളുകളിൽ സന്തോഷം മാത്രമേ തോന്നിയിട്ടുള്ളൂവെന്ന് ഷാജി കൈലാസ് Shaji Kailas's Son Rushi's Viral Vlogs
Mail This Article
മലയാള സിനിമയുടെ പ്രിയസംവിധായകന്‍ ഷാജി കൈലാസിന്റെയും നടി ആനിയുടെയും മകൻ റുഷിന്റെ വ്ലോഗുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ആനിയോടൊപ്പവും ഷാജി കൈലാസിനൊപ്പവുമുള്ള റുഷിന്റെ വ്ലോഗുകൾ ഇതിനോടകം വൈറലാണ്. തനിക്കെതിരെ വരുന്ന ട്രോളുകളെക്കുറിച്ച് ഷാജി കൈലാസ് വളരെ രസകരമായാണ് റുഷിന്റെ വ്ലോഗിൽ സംസാരിക്കുന്നത്.
ട്രോളുകൾ ഉണ്ടെങ്കിലേ നമ്മൾ ഇവിടെ ഉണ്ടെന്ന് ആളുകൾ അറിയുകയുള്ളൂവെന്നാണ് ഷാജി കൈലാസ് പറയുന്നത്. അതിൽ സന്തോഷം മാത്രമേ തോന്നിയിട്ടുള്ളുവെന്നും അദ്ദേഹം പറയുന്നു. ‘ട്രോളുകൾ ഉണ്ടെങ്കിലേ നമ്മൾ ഇവിടെ ഉണ്ടെന്ന് ആളുകൾ അറിയുകയുള്ളൂ. എന്നെയൊക്കെ എന്തുമാത്രം ട്രോൾ ചെയ്തിട്ടുണ്ട്. എനിക്ക് സന്തോഷം മാത്രമല്ലേയുള്ളൂ. ഇവനൊക്കെ പടം എടുക്കാൻ അറിയുമോ എന്ന് ചോദിച്ചിട്ടുണ്ട്. ഇയാൾ ഒക്കെ ഔട്ട് ഡേറ്റഡ് അല്ലേ എന്ന് ചോദിക്കുന്നവരുണ്ട്. ഔട്ട് ഡേറ്റഡ് ആയിരിക്കാം, നമ്മൾ പഴയ ആളല്ലേ. പക്ഷെ ഇപ്പോൾ ലേറ്റസ്റ്റ് ജനറേഷനു മുന്നിൽ ഞങ്ങൾ ഹിറ്റ് കൊടുത്തില്ലേ. എനിക്ക് മത്സരം വരണം, എന്നെ വെല്ലുവിളിക്കണം, എന്നാൽ എനിക്ക് സന്തോഷത്തോടെ ചെയ്യാൻ കഴിയും. രണ്ട് തെറികൾ കേൾക്കുമ്പോൾ അല്ലേ സന്തോഷം ഉള്ളൂ. എല്ലാം നല്ലത് എന്ന് പറഞ്ഞാൽ ഓക്കേ എന്ന് പറയാൻ കഴിയുമോ.
ഏറ്റവും വലിയ ഹിറ്റ് കൊടുത്തിട്ടുള്ള ആറാംതമ്പുരാൻ ഇറങ്ങിയപ്പോൾ പ്രൊഡ്യൂസറിന്റെ മുന്നിൽ വന്നിട്ട് ഒരാൾ ഇത് എന്താണ് ഉണ്ടാക്കി വെച്ചിരിക്കുന്നതെന്ന് ചോദിച്ചിട്ടുണ്ട്’’.– ഷാജി കൈലാസ് പറയുന്നു.
ആനിയോടൊപ്പമുള്ള റുഷിന്റെ വ്ലോഗും വൈറലായിരുന്നു.