‘അവർ ജീവിച്ചിരുന്ന സ്ത്രീയാണ്, ഒരു രൂപ പ്രതിഫലം വാങ്ങാതെയാണ് ഞാൻ ആ സിനിമയിൽ അഭിനയിച്ചത്’: ആശ ശരത്
Mail This Article
ആശ ശരത്തും മകൾ ഉത്തര ശരത്തും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ഖെദ്ദ’ സിനിമയിലെ ചില രംഗങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. സ്കൂളിൽ പഠിക്കുന്ന മകൾക്ക് കാമുകനുണ്ടെന്ന് കണ്ടെത്തുന്ന അമ്മ ആ ബന്ധം തടയാൻ ശ്രമിക്കുന്നതും തുടർന്നുള്ള അവരുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവവികാസങ്ങളുമാണ് ചിത്രത്തിലുള്ളത്. എന്നാൽ സിനിമയിലെ ആശ ശരത്തിന്റെ കഥാപാത്രനിർമിതി വലിയ തോതിൽ വിമർശിക്കപ്പെട്ടു. എന്തിനാണ് ആശ ഇത്തരത്തിൽ ഒരു വേഷം ചെയ്തതെന്നാണാണ് ആരാധകർ ചോദിച്ചത്. ഇപ്പോഴിതാ, അതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആശ.
‘‘ഞാൻ ചെയ്ത കഥാപാത്രം ജീവിച്ചിരുന്നയാളാണ്. സിനിമ റീലീസ് ആയ കാലത്തും അവർ ജീവിച്ചിരുന്നു. ഇപ്പോൾ ജീവിച്ചിരിപ്പില്ല. ഞാൻ ആ സിനിമയിൽ അഭിനയിക്കുമ്പോൾ ആ സ്ത്രീ ജയിലിൽ ആയിരുന്നു. അങ്ങനെ ഒരാളുടെ ജീവിതമാണ് ആ സിനിമ. ഇപ്പോൾ, അമ്മ മകളെ കൊന്നു, അച്ഛൻ കൊന്നു എന്നൊക്കെ കേൾക്കുമ്പോൾ ഇതിന്റെ എല്ലാം ബാക് സ്റ്റോറി പലപ്പോഴും നമ്മൾ അറിയാറില്ല. അങ്ങനെ പ്രണയത്തിന് അടിമപ്പെട്ടു പോകുന്ന ഒരു സ്ത്രീയുടെ കഥയാണ് ആ സിനിമ. കഥ അല്ല ജീവിതമാണ്, അത് ഒരു നടന്ന സംഭവമാണ്. ഒരു രൂപ പ്രതിഫലം വാങ്ങാതെയാണ് ഞാൻ ആ സിനിമയിൽ അഭിനയിച്ചത്. അതത്രയും സാമൂഹിക പ്രസക്തിയുള്ള വിഷയമായത് കൊണ്ടാണത്’’.– ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തില്‍ ആശ ശരത് പറഞ്ഞു.
ചായില്യം, അമീബ, കെഞ്ചിര എന്നീ ചിത്രങ്ങളുടെ സംവിധായകനായ മനോജ് കാനയാണ് ‘ഖെദ്ദ’ തിരക്കഥയെഴുതി സംവിധാനം ചെയ്തത്.