‘കാൻസറിന്റെ വേദനയുണ്ടായിരുന്നിട്ടും ആ കണ്ണുകളിൽ ഒരിക്കലും തോൽവിയുടെ നിഴൽ ഞാൻ കണ്ടിട്ടില്ല’: ഹൃദയത്തിൽ തൊടും കുറിപ്പുമായി ആശ ശരത് Asha Sharath's Emotional Tribute to Late Disciple Jayashree
Mail This Article
അകാലത്തിൽ വിട്ടുപിരിഞ്ഞ ശിഷ്യയെക്കുറിച്ചു ഹൃദയത്തിൽ തൊടും കുറിപ്പുമായി നടിയും നർത്തകിയുമായ ആശ ശരത്. കാസർകോഡ് എന്‍മകജെയിലെ അസിസ്റ്റൻറ് കൃഷി ഓഫിസറായിരുന്ന ജയശ്രീ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഞായറാഴ്ചയാണ് മരിച്ചത്. കാൻസർ ബാധിതയായിരുന്നു.
‘പ്രിയപ്പെട്ട ജയശ്രീ,
ഈ കത്ത് എഴുതുമ്പോൾ വാക്കുകൾക്ക് പോലും വിറയലുണ്ട്. ജയശ്രീ എന്റെ ഒരു വിദ്യാർഥിനി മാത്രമായിരുന്നില്ല. ഈ ലോകം തന്ന ഒരു അത്ഭുതമായിരുന്നു. കാൻസറെന്ന കഠിന സത്യം ശരീരത്തെ പിടിച്ചുലച്ചിരുന്ന കാലത്ത്, എന്റെ ശിക്ഷണത്തിലേക്ക് എത്തിയ ദിവസം ജയശ്രീ എന്റെ നൃത്ത ജീവിതത്തിന്റെ അർത്ഥം തന്നെ മാറ്റിയ ഒരു ദിനമായിരുന്നു. ഒരു വനിതാ ദിനത്തിലാണ് അവർ എന്റെ ശിഷ്യയായത് എന്നത് ഇന്നും ഞാൻ വ്യക്തമായി ഓർക്കുന്നു. സ്ത്രീശാക്തീകരണം എന്ന വാക്കിന് ഒരു പുതിയ നിർവചനം രചിക്കപ്പെട്ടു. ധൈര്യത്തോടെ എന്തും അതിജീവിക്കുക എന്ന സത്യത്തിന്റെ സാക്ഷ്യമായി ജയശ്രീ നിലകൊണ്ടു. ആ കൈകളും കാലുകളും ഞാൻ ഒരു കുഞ്ഞിനെപ്പോലെ പിടിച്ചു താളം ചവിട്ടിയപ്പോൾ അത് പരിശീലനം മാത്രമായിരുന്നില്ല. വിശ്വാസത്തിന്റെ, സ്നേഹത്തിന്റെ, പ്രതീക്ഷയുടെ മുഹൂർത്തമായിരുന്നു. വേദനയുണ്ടായിരുന്നിട്ടും ആ കണ്ണുകളിൽ ഒരിക്കലും തോൽവിയുടെ നിഴൽ ഞാൻ കണ്ടിട്ടില്ല. ഓരോ ചുവടിലും, ഓരോ താളത്തിലും ‘എനിക്ക് കഴിയില്ല’ എന്ന വാക്ക് അവർ മറന്നിരുന്നു. ഗുരുവായൂരപ്പന്റെ സന്നിധിയിൽ സ്വപ്നവേദിയിൽ നർത്തകിയായ ദിവസം ഇന്നും എന്റെ മനസ്സിൽ തിളങ്ങുന്നൊരു ദീപമാണ്. ചിലമ്പണിഞ്ഞ്, മുഖത്ത് ആ സന്തോഷം നിറച്ച് നൃത്തം ചെയ്തപ്പോൾ വേദന പോലും അവർക്കു മുന്നിൽ തലകുനിച്ച നിമിഷമായിരുന്നു അത്. ജയശ്രീ, ഇന്ന് ഈ ലോകത്തോട് വിടപറഞ്ഞുവെങ്കിലും വേദനകളില്ലാത്ത ഒരു ലോകത്തേക്കാണ് പോയത് എന്ന് ഞാൻ വിശ്വസിക്കുന്നു. എങ്കിലും…അവിടെയും ചിലങ്കയുടെ ശബ്ദം അവർ കേൾക്കും എന്നുറപ്പുണ്ട്. കാരണം ആ ശബ്ദം ആത്മാവിന്റെ താളമാണ്. എന്റെ ശ്വാസമുള്ള കാലം മുഴുവൻ ജയശ്രീ എന്ന ശിഷ്യ എന്റെ അഭിമാനമായിരിക്കും’.– ആശ കുറിച്ചതിങ്ങനെ.
നൃത്തം അഭ്യസിക്കുന്ന ജയശ്രീയുടെ വിഡിയോയും ആശ ശരത് പങ്കുവച്ചു. രോഗം പോലും മറന്ന് നൃത്തം ചെയ്യാൻ തന്നെ പ്രേരിപ്പിച്ചത് ആശ ശരത്തും ആശയുടെ അമ്മ കലാമണ്ഡലം സുമതി ടീച്ചറുമാണെന്ന് ജയശ്രീ വിഡിയോയിൽ പറയുന്നു.