‘ഇരുട്ടിന്റെ മറ നീക്കി നമുക്ക് വെളിച്ചത്തിന്റെ തിരി തെളിക്കാം’: ഐക്യദാർഢ്യം പ്രഖ്യാപിച്ചവർക്കു നന്ദി പറഞ്ഞ് വിമൺ ഇൻ സിനിമ കലക്ടീവ് WCC Expresses Gratitude for Survivor Support in Malayalam Cinema
Mail This Article
ഇരയാക്കപ്പെട്ടവരെ അതിജീവിതകളാക്കാൻ ഒപ്പം നിന്നവർക്ക് നന്ദി പറഞ്ഞ് മലയാളസിനിമയിലെ വനിതാ ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മയായ വിമൺ ഇൻ സിനിമ കലക്ടീവ്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അതിജീവിതയെ പിന്തുണച്ചവർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചവർക്കും നന്ദി പറഞ്ഞുകൊണ്ട് മെഴുകുതിരി തെളിച്ചുള്ള കൂട്ടായ്മ സംഘടിപ്പിക്കുകയാണ് വിമൺ ഇൻ സിനിമ കലക്ടീവ്.
‘2017 ഫെബ്രുവരി 17 ഏറ്റവും ഇരുണ്ട ദിവസമായിരുനെങ്കിലും, അതേ ദിവസമായിരുന്നു അവൾ സധൈര്യം അനീതിക്കെതിരെ പ്രതികരിച്ചത്. അവളുടെ പോരാട്ടത്തിനായി നമ്മൾ ഒരുമിച്ച് നിൽക്കുമെന്ന തീരുമാനത്തോടെയായിരുന്നു #അവൾക്കൊപ്പം എന്ന പ്രസ്ഥാനം പിറന്നത്. കഴിഞ്ഞ 9 വർഷമായി കേരളത്തിന്റെ സാമൂഹിക പരിവർത്തനത്തിൽ ഒരു ചെറിയ പങ്കു വഹിച്ച ഈ പ്രസ്ഥാനം ഇരയാക്കപ്പെട്ടവരെ അതിജീവിതകളാക്കാൻ നിരന്തരം പ്രവർത്തിച്ചു. പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട്, ഡബ്ല്യൂസിസി അവൾക്കൊപ്പവും, അതിജീവിച്ച എല്ലാവർക്കും ഒപ്പം നിൽക്കുന്നവരെ ഈ യാത്രയുടെ ഭാഗമാവാൻ ക്ഷണിക്കുന്നു. ഇരുട്ടിന്റെ മറ നീക്കി നമുക്ക് വെളിച്ചത്തിന്റെ തിരി തെളിക്കാം’. – എന്നാണ് വിമൺ ഇൻ സിനിമ കലക്ടീവ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
കോഴിക്കോട്– മാനാഞ്ചിറ ഓപ്പൺ സ്റ്റേജ്, കൊച്ചി അബ്ദുൾ കലാം മാർഗ്, മറൈൻ ഡ്രൈവ് തിരുവനന്തപുരം മാനവീയം വീഥി എന്നിവിടങ്ങളിൽ ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്.