‘അത് ഇന്ന് തുടങ്ങിയ ശീലമല്ല, ലാലേട്ടൻ സിനിമയിൽ വന്ന കാലം മുതൽ അങ്ങനെയാണ്’: പ്രചരിക്കുന്നത് ശുദ്ധ അസംബന്ധമെന്ന് സിദ്ധു പനയ്ക്കൽ Sidhhu Panakkal Slams Social Media Rumors About Mohanlal and SN Swamy
Mail This Article
തിരക്കഥാകൃത്ത് എസ്.എൻ. സ്വാമിയും മോഹൻലാലുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശുദ്ധ അസംബന്ധമാണെന്നും സീനിയേഴ്സിനെ ബഹുമാനിക്കുന്നതിൽ ഒരു വീഴ്ചയുംകാണിക്കാത്ത താരമാണ് മോഹൻലാലെന്നും പ്രൊഡക്‌ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ.
‘അതിനിടയിൽ കൂടി കയറിയോ?’ ഞാൻ ആ വിഡിയോ പലതവണ കണ്ടെങ്കിലും ഈ ചോദ്യം വ്യക്തമായി കേട്ടില്ല. അങ്ങനെ ഒരു ചോദ്യം വന്നിട്ടുണ്ടെങ്കിൽ അത് ലാലേട്ടന്റെ വിഡിയോ എടുക്കാൻ വന്ന ചാനൽ, യൂട്യൂബ് തുടങ്ങിയവരോടായിരിക്കും. കാരണം എസ്.എൻ. സ്വാമി സർ സ്റ്റെപ്പ് കയറുകയല്ല പതുക്കെ ഇറങ്ങി വരികയാണ്. അദ്ദേഹത്തിന് പിന്നിൽ വേഗത്തിൽ ഇറങ്ങിവരുന്ന ലാലേട്ടൻ പതുക്കെ ഇറങ്ങുന്ന സ്വാമി സാറിനോട് ആരും സ്വാഭാവികമായി പറയുന്ന കാര്യമാണ് പറഞ്ഞത്. ‘ഒരു ശകലം മാറി നിന്നാൽ ഞാൻ അങ്ങോട്ട് പോകും’ തരുൺമൂർത്തി ആയാൽ ഇങ്ങനെ പറയുമോ എന്നാണ് മറ്റൊരു ചോദ്യം. തീർച്ചയായും ഉണ്ടാകും തരുൺ മൂർത്തി പതുക്കെ ഇറങ്ങി വരികയാണെങ്കിൽ പിന്നാലെ ലാലേട്ടൻ തിരക്കിട്ട് വന്നാൽ ഇതു തന്നെയായിരിക്കും സംഭവിക്കുക.
തൊടുപുഴയിൽ തരുൺ മൂർത്തിയുടെ പടത്തിലാണല്ലോ അദ്ദേഹം അഭിനയിക്കുന്നത്. ലൊക്കേഷനിലേക്ക് തിരിച്ചെത്താനുള്ള തിരക്കിട്ട യാത്രയിലുമായിരിക്കും അദ്ദേഹം.
ക്ഷമയോടെ മണിക്കൂറുകളോളം ഒരേ നിൽപ്പ് നിന്ന് നാലായിരവും അയ്യായിരവും ആരാധകരുടെ കൂടെ ഫോട്ടോ എടുക്കുന്ന ആളാണ് ലാലേട്ടൻ. സീനിയേഴ്സിനെ ബഹുമാനിക്കുന്നതിൽ ഒരു വീഴ്ചയും അദ്ദേഹം കാണിക്കാറില്ലെന്ന് മാത്രമല്ല അവരെ അപമാനിക്കുന്നത് അദ്ദേഹം അനുവദിക്കുകയുമില്ല. അത് ഇന്ന് തുടങ്ങിയ ശീലമല്ല ലാലേട്ടൻ സിനിമയിൽ വന്ന കാലം മുതൽ അങ്ങനെയാണ്.
ലാലേട്ടൻ സിനിമയിൽ വന്ന ആദ്യകാലത്ത് പ്രേംനസീർ സാറും ലാലേട്ടനും അഭിനയിക്കുന്ന ഒരു ഔട്ട്ഡോർ ഷൂട്ടിങ്ങിനിടയിൽ കാണികളിൽ ഒരാൾ നസീർ സാറിനെതിരെ മോശം കമന്‍റ് വിളിച്ചു പറഞ്ഞപ്പോൾ അതു പറഞ്ഞയാളെ പിടിച്ചുനിർത്തി അടിച്ച ആളാണ് ലാലേട്ടൻ എന്ന് ഒരു ഇന്റർവ്യൂവിൽ ചോദ്യത്തിന് മറുപടിയായി ലാലേട്ടൻ തന്നെ പറഞ്ഞിട്ടുണ്ട്. അങ്ങനെ ഒരാൾ സ്വാമി സാറിനെ അപമാനിച്ചു എന്ന് പറഞ്ഞാൽ അത് ശുദ്ധ അസംബന്ധമാണ്. ലാലേട്ടനോട് ഒരിക്കലെങ്കിലും സംസാരിക്കാനോ പരിചയപ്പെടാനോ അവസരം ലഭിച്ചവരാരും സ്വാമി സാറിനെപറ്റിയും ലാലേട്ടനെ പറ്റിയും സോഷ്യൽ മീഡിയയിൽ വരുന്നതൊന്നും വിശ്വസിക്കില്ല.
ഒരു ഫോട്ടോ എടുക്കുന്നതുപോലും ബുദ്ധിമുട്ടാണെന്ന് കരുതുന്നവർക്കിടയിൽ ഫോട്ടോയ്ക്ക് നിന്നാൽ, അവിടെ നിന്നാൽ ശരിക്ക് ലൈറ്റ് കിട്ടില്ല അങ്ങോട്ട് മാറി നിൽക്കാം എന്ന് പറഞ്ഞ് ഫോട്ടോ എടുപ്പിച്ച് അത് കറക്റ്റ് ആയി കിട്ടിയിട്ടുണ്ടോ എന്ന് പരിശോധിച്ചിട്ടേ ലാലേട്ടൻ തിരക്കില്ലെങ്കിൽ ആളുകളെ പറഞ്ഞു വിടു. കുറേ ആളുകൾ ഫോട്ടോ എടുക്കാൻ ഉണ്ടെങ്കിൽ ഫോട്ടോഗ്രാഫറോട് ഇടയ്ക്ക് വിളിച്ചു ചോദിക്കും ശരിയായി കിട്ടിയോ എന്ന്. ഒരാൾക്ക് ഫോട്ടോ എടുക്കാൻ വല്ലപ്പോഴും കിട്ടുന്ന ഈ അപൂർവ അവസരം പാഴായി പോകരുത് എന്ന ചിന്ത ഉള്ളതുകൊണ്ടാണ് അത്. അങ്ങനെ ചെറിയ കാര്യം മുതൽ വലിയ കാര്യങ്ങൾ വരെ ഓരോന്നും വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്ന ആളാണ് ലാലേട്ടൻ.
പിന്നെ കേട്ടത് പഴയ ചില സിനിമ പ്രവർത്തകരെയും പ്രൊഡ്യൂസർമാരെയും അവരുടെ അവസാനകാലത്തിൽ ലാലേട്ടൻ സഹായിച്ചില്ല എന്നാണ്. ചിലർ ചെയ്യുന്നതുപോലെ സഹായം ചെയ്യുമ്പോൾ അത് വിഡിയോ എടുത്ത് പ്രചരിപ്പിക്കുന്ന ആളല്ല ലാലേട്ടൻ. സഹായം സ്വീകരിച്ചവർ ആ കാരുണ്യവും മനസ്സും തിരിച്ചറിയുന്നുണ്ട്. അത് ഈ പറയുന്നവർക്ക് എല്ലാം കിട്ടിയിട്ടുമുണ്ട്. കേരളത്തിൽ എന്ത് ദുരിതമോ ദുരന്തമോ ഉണ്ടായാൽ, ആദ്യം സഹായവുമായി എത്തുന്നത് ലാലേട്ടനെ പോലെയുള്ള വരല്ലേ. തന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷൻ മുഖേന അദ്ദേഹം ചെയ്യുന്ന സേവനങ്ങളും സഹായങ്ങളും ശ്ലാഹിക്കപ്പെടേണ്ടത് തന്നെയാണ്. പബ്ലിക്കായി പറയാതെ, പൊതുജനങ്ങൾ അറിയാതെ വിശ്വശാന്തി ഫൗണ്ടേഷനിലൂടെ ലാലേട്ടൻ ചെയ്യുന്ന സൽപ്രവർത്തികൾ അതിന്റെ ഗുണഭോക്താക്കൾക്കും വിശ്വശാന്തിയുടെ പ്രവർത്തകർക്കും മാത്രം അറിയാവുന്നതാണ്.
കോവിഡ് കാലത്ത് ഗവൺമെന്റിനും സിനിമ സംഘടനയ്ക്കും ചെയ്ത സഹായങ്ങൾക്ക് പുറമേ പഴയ കാലം മുതൽ തന്റെ കൂടെ പ്രവർത്തിച്ചവരെയും ഇപ്പോൾ പ്രവർത്തിക്കുന്നവരെയും ഫോൺ ചെയ്ത് സംസാരിക്കുകയും സഹായങ്ങൾ ആവശ്യമുള്ളവർക്ക് അത് നൽകുകയും ചെയ്തിട്ടുണ്ട് ലാലേട്ടൻ. ഇതെങ്ങനെ എനിക്കറിയാം എന്ന് ചോദിച്ചാൽ ലാലേട്ടന്റെ കയ്യിൽ ഇല്ലാത്തവരുടെ ഫോൺ നമ്പർ എന്റെ കയ്യിൽ നിന്നാണ് അദ്ദേഹം വാങ്ങിയിരുന്നത്. മിക്കവാറും ദിവസങ്ങളിൽ എന്നെയും വിളിക്കുമായിരുന്നു.
ലാലേട്ടനും എസ്.എൻ. സ്വാമി സാറും തമ്മിൽ എന്നും നല്ല ബന്ധത്തിൽ തന്നെയാണ്. കാള പെറ്റു എന്ന് കേട്ടാൽ ഉടൻ കയർ എടുക്കരുത്. പെറ്റത് കാളയാണോ പശുവാണോ എന്ന് ഉറപ്പിക്കുക കൂടി വേണം’.– സിദ്ധു പനയ്ക്കൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.