‘എനിക്കു കുഞ്ചാക്കോ ബോബനോപ്പം അഭിനയിക്കാൻ എന്റെ അച്ഛൻ നിർമിച്ചതല്ല പ്രിയം, നിർമാതാവിന്റെ കൊച്ചുമകൾ സംസാരിച്ചപ്പോൾ സങ്കടം തോന്നി’: വെളിപ്പെടുത്തി ദീപ നായർ Deepa Nair Sets the Record Straight on 'Priyam' Production
Mail This Article
കുഞ്ചാക്കോ ബോബനെ നായകനാക്കി സനൽ സംവിധാനം ചെയ്ത ‘പ്രിയം’ സിനിമയിലെ നായികയാണ് ദീപ നായർ. 2000 – ൽ തിയറ്ററുകളിലെത്തിയ ഈ ഹിറ്റ് ചിത്രത്തിൽ ആനി ജോഷ്വ എന്ന കഥാപാത്രമായിരുന്നു ദീപയ്ക്ക്. എന്നാൽ അതിനു ശേഷം ദീപ അഭിനയരംഗം വിട്ടു. താരത്തിന്റെ ആദ്യത്തെയും അവസാനത്തെയും സിനിമയായി ‘പ്രിയം’.
ഇപ്പോഴിതാ, ‘പ്രിയം’ റിലീസായി 26 വർഷങ്ങൾക്കുശേഷം ഈ സിനിമയുമായി ബന്ധപ്പെട്ടു പ്രചാരത്തിലുള്ള ഒരു തെറ്റായ വാർത്ത തിരുത്തിയിരിക്കുകയാണ് ദീപ. ‘പ്രിയം’ നിർമ്മിച്ചത് ദീപ നായരുടെ അച്ഛനാണെന്ന തരത്തിൽ ചില പ്രചാരണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അതു സത്യമല്ലെന്നും ചിത്രത്തിന്റെ യഥാർത്ഥ നിർമ്മാതാവായ കെ.കെ. നായരുടെ കൊച്ചുമകൾ തന്നെ വിളിച്ചിരുന്നുവെന്നുമാണ് താരം പറയുന്നത്.
കുഞ്ചാക്കോ ബോബനോടൊന്നിച്ച് അഭിനയിക്കാനായി എന്റെ അച്ഛനാണ് പ്രിയം എന്ന സിനിമ നിർമിച്ചത് എന്നൊരു കഥ എങ്ങനെയോ പ്രചരിച്ചിരുന്നു. എന്നാൽ അത് സത്യമല്ല. ആ സിനിമയുടെ നിർമാതാവ് കെ.കെ. നായരാണ്. അവർ ഒരു സിനിമ മാത്രമാണ് നിർമിച്ചത്. കുറച്ചു മാസങ്ങൾക്കു മുൻപ് കെ.കെ. നായരുടെ കൊച്ചുമകൾ തന്നെ വിളിച്ച് സംസാരിച്ചപ്പോൾ ഏറെ സങ്കടം തോന്നി. ആ കുടുംബം നിർമിച്ച ഒരേയൊരു സിനിമയായിരുന്നു പ്രിയം. എന്നാൽ ചിത്രത്തിന്റെ ക്രെഡിറ്റ് പലപ്പോഴും താൻ പോലുമറിയാതെ തന്റെ അച്ഛനിലേക്ക് എത്തിയതിൽ ആ കുടുംബത്തിന് വലിയ വിഷമമുണ്ട്. തങ്ങൾ ചെയ്ത വലിയൊരു കാര്യത്തിന്റെ അംഗീകാരം മറ്റൊരാൾക്ക് പോകുമ്പോഴുള്ള വേദനയാണ് അവർ പങ്കുവച്ചതെന്നും ദീപ.
സിനിമയിൽ അഭിനയിക്കുക എന്നത് തന്റെ സ്വപ്നങ്ങളിൽ പോലുമില്ലായിരുന്നുവെന്നും ഛായാഗ്രാഹകൻ വിപിൻ മോഹൻ വഴിയാണ് അപ്രതീക്ഷിതമായി ആ അവസരം തന്നെ തേടിയെത്തിയതെന്നും ദീപ പറഞ്ഞു.
‘സിനിമയിൽ അഭിനയിക്കാൻ ആലോചനപോലും ഉണ്ടായിരുന്നില്ല. അപ്പോഴാണ് അപ്രതീക്ഷിതമായി സിനിമയിലേക്ക് അവസരം വരുന്നത്. വിപിൻ മോഹൻ, അദ്ദേഹത്തിന്റെ ഭാര്യ ഗിരിജ ആന്റി എന്നിവർ ഒരിക്കൽ ഒരു മാസികയിൽ എന്റെ ചിത്രം കണ്ടതുകൊണ്ട് വീട്ടിൽ വന്നു. അവരുടെ മൂത്ത മകനും ഞാനും എൽകെജിയിൽ ഒരുമിച്ചാണ് പഠിച്ചത്. അവരുടെ'ഇളയ മകൾ മഞ്ജിമ ഈ സിനിമയിൽ അഭിനയിക്കുന്നുണ്ടെന്നും പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഒരു കുഴപ്പവുമില്ല. ധൈര്യമായി വന്നോളൂ എന്നും അങ്കിളും ആന്റിയും പറഞ്ഞു. എന്നിട്ടും അമ്മയ്ക്കും അച്ഛനും ആദ്യം ചെറിയ പേടിയും മടിയും ഉണ്ടായിരുന്നു. ഇതൊരു നല്ല തീരുമാനമാണോ എന്ന് അവക്ക് സംശയമുണ്ടായിരുന്നു. എങ്കിലും അന്ന് പറഞ്ഞ ആ യെസ് ആണ് ഇന്നും എനിക്ക് ഇത്രയും സ്നേഹം നേടിത്തരുന്നത്’.– ദീപ കുറിച്ചു.