‘എനിക്ക് ആരോടും വൈരാഗ്യമില്ല, അപവാദം പറഞ്ഞും പ്രചരിപ്പിച്ചും ജീവിതം തകർത്ത മാധ്യമങ്ങളോടു പോലും’: നിശാൽ ചന്ദ്ര അന്നു പറഞ്ഞത് Nishal Chandran: A Look into His Life, Career, and Past Controversies
Mail This Article
ഒരു കാലത്ത് മലയാള സിനിമയിലെ ശ്രദ്ധേയനായ ബാലതാരമായിരുന്നു നിശാൽ ചന്ദ്ര. എന്നാൽ പിന്നീട് പഠനത്തിനു പ്രാധാന്യം നൽകി സിനിമ വിട്ട നിശാൽ ഇപ്പോൾ അമേരിക്കയിൽ പ്രമുഖ ബാങ്കിൽ വലിയ പ്രതിഫലം വാങ്ങുന്ന ഉദ്യോഗസ്ഥനാണ്.
ഭാര്യ രമ്യയ്ക്കും രണ്ടു മക്കൾക്കും ഒപ്പം ന്യൂ ജഴ്സിയിൽ ആണ് താമസം. നടി കാവ്യ മാധവനാണ് നിശാൽ ചന്ദ്രയുടെ ആദ്യഭാര്യ. ഇവർ പിരിഞ്ഞ ശേഷം വിവാഹ മോചനവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ നിഷാലിന്റെ പ്രതികരണം രേഖപ്പെടുത്തി പ്രശസ്ത ചലച്ചിത്രവാരികയിൽ അദ്ദേഹത്തിന്റെ അഭിമുഖം തയാറാക്കിയതിന്റെ അനുഭവം സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുകയാണ് പത്രപ്രവർത്തകനായ ടി സി രാജേഷ്. പത്ത് വർഷത്തിലേറെ പഴയ അഭിമുഖത്തിൽ താൻ നേരിട്ട അപവാദങ്ങളെക്കുറിച്ച് നിശാൽ ചന്ദ്ര മനസ്സ് തുറക്കുന്നുണ്ട്.
‘നിഷാൽ ചന്ദ്രയെ മറന്നുവോ?
ഒരു സെലിബ്രിറ്റി വിവാഹത്തിലേയും വിവാഹമോചനത്തിലേയും പ്രധാന കഥാപാത്രമായിരുന്നു നിഷാൽ. ഒരുതരത്തിൽ പറഞ്ഞാൽ പലർക്കും മുന്നിലെ വില്ലൻ. അന്ന് ‘നീലക്കുയിലുകൾ’ ഇല്ലാതിരുന്നതിനാൽ നിഷാൽ റീലാക്കപ്പെട്ടില്ലെന്നു മാത്രം. വിവാഹമോചന നടപടികൾ പൂർത്തിയായശേഷം എല്ലാവരും മറുവശത്തെ കേട്ടപ്പോൾ, വെള്ളിനക്ഷത്രം എഡിറ്ററായിരുന്ന പ്രസാദ് ലക്ഷ്മണന്റെ നിർദ്ദേശപ്രകാരം ഞാൻ പോയി നിഷാലിനെ കേട്ടു. അതാണ് ഈ രണ്ട് പേജുകളിൽ. പിന്നീട് നിഷാൽ മറ്റെവിടെയെങ്കിലും അഭിമുഖം കൊടുത്തുവോ എന്നും അറിയില്ല.
(ഇടയ്‌ക്കൊക്കെ പഴയകാലത്തിന്റെ കയ്യിലുള്ള തിരുശേഷിപ്പുകൾ ഇങ്ങനെ പൊക്കിയെടുക്കുന്നത് ഒരു രസമാണ്. വീട് വൃത്തിയാക്കലിന്റെ ഭാഗമായി ഇങ്ങനെ ചിലതൊക്കെ ഇനിയും പ്രതീക്ഷിക്കാം.)’ എന്നാണ് അഭിമുഖം പ്രസിദ്ധീകരിച്ച വാരികയുടേ പേജ് സഹിതം രാജേഷ് സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.
‘എനിക്ക് ആരോടും വൈരാഗ്യമില്ല. അപവാദം പറഞ്ഞും പ്രചരിപ്പിച്ചും ജീവിതം തകർത്ത മാധ്യമങ്ങളോടു പോലും’ എന്നാണ് നിശാൽ ഇന്റർവ്യൂവിൽ പറയുന്നത്.
അടുത്തിടെ നിശാലിനെക്കുറിച്ച് എഴുതപ്പെട്ട ഒരു ഫെയ്സ്ബുക്ക് കുറിപ്പ് വൈറൽ ആയിരുന്നു. പല ഓൺലൈൻ മാധ്യമങ്ങളും ഈ കുറിപ്പ് വാർത്തയാക്കിയിട്ടുണ്ട്.
നിശാലിന് ഇപ്പോൾ ജോലി യുഎസിലെ ബാങ്കിന്റെ തലപ്പത്താണെന്നും മുൻപ് കുവൈറ്റ് ബാങ്കിൽ മാസം 15 ലക്ഷം രൂപ ശമ്പളത്തിലായിരുന്നു അദ്ദേഹത്തിനു ജോലിയെന്നും കുറിപ്പിൽ പറയുന്നു. നിശാൽ ചന്ദ്ര 2013ൽ മാവേലിക്കര സ്വദേശി രമ്യയെ വിവാഹം കഴിച്ചു. ഇപ്പോൾ ദാമ്പത്യത്തിന്റെ ജീവിതം 13 – ാം വര്‍ഷത്തില്‍. കുട്ടിക്കാലത്ത് സിനിമകളിലും മറ്റും അഭിനയിച്ചിട്ടുണ്ടെങ്കിലും പഠനത്തിനായിരുന്നു കുടുംബം പ്രാധാന്യം നല്‍കിയത്. യുഎസില്‍ ഉപരിപഠനം നടത്തിയ നിശാല്‍ തിരുവനന്തപുരം സ്വദേശിയാണ്. കുമാരപുരത്തെ ചന്ദ്രമോഹന്റെയും മണിയുടേയും ഇളയമകനായി ജനിച്ച നിഷാൽ പഠിക്കാന്‍ മിടുക്കനായിരുന്നതിനാല്‍ തന്നെ 1998ലാണ് യുഎസിലേക്ക് ഉപരിപഠനത്തിന് പോകുന്നത്. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നു കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്ങില്‍ ബിരുദവും ടെലികമ്മ്യൂണിക്കേഷന്‍സില്‍ മാസ്റ്റേഴ്സും ഒരുമിച്ചെടുത്ത് 2002ലാണ് പഠിച്ചിറങ്ങുന്നത്. ശേഷം തൊട്ടു പിന്നാലെ തന്നെ വാള്‍ സ്ട്രീറ്റിലെ പ്രമുഖ ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കില്‍ കണ്‍സള്‍ട്ടന്റായി ജോലിയിലും പ്രവേശിച്ചു. അതിനിടെ സിനിമയിലേക്ക് കാസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. എങ്കിലും കരിയര്‍ ബില്‍ഡിങ്ങിന്റെ തിരക്കിലായിരുന്നു നിഷാല്‍. ഒരു ബന്ധു വഴി ആണ് മാവേലിക്കര സ്വദേശിനിയും മൈക്രോബയോളജിയില്‍ ബിരുദാനന്തര ബിരുദധാരിയായ രമ്യയുമായുള്ള വിവാഹാലോചന വരുന്നത്. ഇപ്പോൾ അവർ സന്തോഷത്തോടെ ജീവിക്കന്നുവെന്നും കുറിപ്പിൽ വിശദീകരിക്കുന്നു. എന്നാൽ ഈ കുറിപ്പ് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല.
നിശാലിന്റെ ഒരു കുടുംബ ചിത്രവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. മക്കൾക്കും ഭാര്യയ്ക്കുമൊപ്പം നിറഞ്ഞ ചിരിയോടെയുള്ള നിശാലിന്റെ സെൽഫി പ്രേക്ഷകരും ഏറ്റെടുത്തു.