ADVERTISEMENT

മകൾ മാതംഗി ജയ്‌ പ്രൈമറി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി സീനിയർ സ്കൂളിലേക്ക് കടക്കുന്നതിന്റെ സന്തോഷവും അഭിമാനവും പങ്കുവച്ച് നടി ലക്ഷ്മിപ്രിയ. മാതു ഗ്ലോബൽ പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് ഗ്രാജ്വേഷൻ ചടങ്ങിൽ പങ്കെടുത്ത വിശേഷങ്ങളാണ് താരം പങ്കുവച്ചത്.

‘മാതംഗി ജയ്‌യുടെ ഗ്രാജുവേഷൻ സെറിമണി. ഒരായിരം ഓർമകൾ കൊണ്ട് എന്റെ കണ്ണ് നിറഞ്ഞൊഴുകിക്കൊണ്ടേയിരുന്നു. എന്റെ കണ്ണുനീരിനെ നിയന്ത്രിക്കാൻ പ്രോഗ്രാം കഴിയും വരെയും എനിക്ക് സാധിച്ചിരുന്നില്ല. തുമ്പപ്പൂ പോലെയുള്ള വിരലുകളുമായി രണ്ട് കാലുകളിലും കൈകളിലും കാന്യൂല കുത്തി, മൂക്കിൽ പാല് ഒഴിച്ച് കൊടുക്കാനുള്ള ട്യൂബ് ഇട്ട്, കണ്ണിൽ ബ്ലൈൻഡ് മാസ്ക് വച്ച് ഒരുപാട് വയറുകളാൽ ചുറ്റപ്പെട്ട്, ദിവസങ്ങളോളം ഒരു ചെറിയ ബോക്സിൽ ഐസിയുവിൽ പരിചരണമേറ്റ് എനിക്ക് ലഭിച്ച ഒരു പൂമ്പാറ്റ!! എനിക്ക് ഇവളെ വേണം എന്ന വാശിയോടെ ഉറങ്ങാതെ ഞാനും ഏട്ടനും മാത്രമായി വളർത്തിയെടുത്ത മുത്ത്!!

ADVERTISEMENT

കഴിഞ്ഞ ദിവസം അവളുടെ ഗ്രാജ്വേഷൻ ദിനമായിരുന്നു. ഇനി സീനിയർ സ്കൂളിലേക്ക്! പഠിക്കാൻ മിടുക്കിയായിരുന്നിട്ടും വിദ്യാഭ്യാസം പാതി വഴിയിൽ മുറിഞ്ഞു പോയ എനിക്ക് അവളുടെ സ്കൂൾ മികവുറ്റതാവണം എന്ന് നിർബന്ധം ആയിരുന്നു. മാതുന് മൂന്ന് വയസ്സ് തികഞ്ഞ വെള്ളപ്പൊക്ക കാലത്താണ് കയ്യിൽ വലിയ ഒരു പാവയുമായി അഡ്മിഷൻ എടുക്കാൻ പോയത്. ആദ്യമായി ഷർട്ടിന്റെ ബട്ടൺ ഇടാൻ പഠിച്ചു, ഷൂ ലേസ് കെട്ടാൻ പഠിച്ചു, ഓറഞ്ചു കളറിന് ‘ഓച്ചൻ’ എന്നു പറഞ്ഞത് മെല്ലെ ‘ഓറഞ്ച്’ എന്നായി...ശരിക്കും ഒരു പൂമ്പാറ്റ ചിറക് വിരിച്ച് പറക്കും പോലെ! മലയാളം മാത്രം സംസാരിക്കുന്ന വീട്ടിൽ നിന്നും ഇംഗ്ലിഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യുന്ന കുട്ടിയായി, ആരും പറഞ്ഞു കൊടുക്കാതെ ശാരീരികമായി അത്ര സുഖമില്ലാത്ത കൂട്ടുകാരന്റെ സഹായിയായി, അതുകണ്ട് കണ്ണ് നിറഞ്ഞ് അധ്യാപകർ എന്നെ വിളിച്ച് അവളുടെ സഹാനുഭൂതിയെക്കുറിച്ച് പറഞ്ഞു..

തുടക്കം മുതലേ അവളെ വലിയ പഠിപ്പിസ്റ്റ് ആക്കാൻ എനിക്ക് ആഗ്രഹമില്ലായിരുന്നു. സ്‌ട്രെസ് ഫ്രീയായി ചുറ്റുപാടുകളെ നിരീക്ഷിച്ചും കളിച്ചും ചിരിച്ചും പാടിയും കഥ പറഞ്ഞും ‘ബാല്യം’ ആസ്വദിച്ചു പോകട്ടെ എന്നായിരുന്നു പ്ലാൻ. പരീക്ഷകളുടെ സമ്മർദ്ദമില്ലാത്ത,സ്കൂൾ. പ്രിൻസിപ്പലിനെയും വൈസ് പ്രിൻസിപ്പലിനെയും മറ്റ് അധ്യാപരേയും കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്ത് അവരോട് കൊഞ്ചി. നിമിഷ കവിയായി, കഥാകാരിയായി, പാട്ടുകാരിയായി, ഒരു ലക്ഷം സംശയങ്ങൾ ചോദിച്ച് അങ്ങനെ അങ്ങനെ അങ്ങനെയങ്ങു വളർന്നു. ആദ്യ ദിവസം മുതൽ അവളോടൊപ്പം യാത്ര ചെയ്ത എല്ലാ അധ്യാപകരോടും അനധ്യാപകരോടും ഗ്രൗണ്ട് സ്റ്റാഫിനോടും നന്ദി അറിയിക്കുന്നു. എന്റെ പൂമ്പാറ്റ ഈ വലിയ ലോകത്ത് ഉയരത്തിൽ പറക്കുവാൻ കരുത്തുള്ള ചിറകുകൾ കരസ്ഥമാക്കട്ടെ! അതിന് ഈശ്വരൻ അനുഗ്രഹിക്കട്ടെ’ എന്നാണ് മകളുടെ ചിത്രം പങ്കുവച്ച് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ADVERTISEMENT
Lakshmi Priya's Daughter Graduates Primary School, Embarks on Senior School Journey:

Actress Lakshmi Priya shares her pride and joy as her daughter Mathangi Jay completes primary school and transitions to senior school. The heartfelt post details the emotional graduation ceremony and highlights Mathangi's journey and achievements.

ADVERTISEMENT
ADVERTISEMENT