‘അനിയത്തിപ്രാവിന് 29 വയസ്സായി...എന്നെ ഇന്നത്തെ ഞാനാക്കി മാറ്റിയ മനുഷ്യനോടൊപ്പം...’: സന്തോഷം പങ്കുവച്ച് കുഞ്ചാക്കോ ബോബൻ
Mail This Article
മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായ അനിയത്തിപ്രാവ് റിലീസ് ചെയ്തിട്ട് ഇന്ന് 29 വർഷങ്ങൾ തികയുമ്പോൾ സംവിധായകൻ ഫാസിലിനെ സന്ദർശിച്ച സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടൻ കുഞ്ചാക്കോ ബോബൻ.
‘വർഷങ്ങൾ കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ കടന്നുപോകുന്നു... പക്ഷേ, എന്നെ ഇന്നത്തെ ഞാനാക്കി മാറ്റിയ ഈ മനുഷ്യനോടുള്ള സ്നേഹവും ബഹുമാനവും എന്നും പുതുമയോടെ, അല്ലെങ്കിൽ അതിനേക്കാൾ തീവ്രമായി നിലനിൽക്കുന്നു! തലമുറകൾ കൈമാറുന്ന ദശാബ്ദങ്ങൾ നീണ്ട ഞങ്ങളുടെ ഈ ബന്ധം തുടരുമ്പോൾ, എന്റെ ജീവിതത്തിലെ ഏറ്റവും മറക്കാനാവാത്ത ഈ ദിനത്തിൽ അദ്ദേഹത്തിന്റെ അനുഗ്രഹം തേടാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി ഞാൻ കരുതുന്നു.
അനിയത്തിപ്രാവിന് 29 വയസ്സായി.
സ്നേഹം, സ്നേഹം മാത്രം... തിരശ്ശീലയ്ക്ക് അകത്തും പുറത്തും എന്റെ ജീവിതത്തിലെ ഈ മാന്ത്രിക യാത്രയിൽ ഒപ്പമുണ്ടായിരുന്ന എല്ലാവരോടും സ്നേഹം. ഈ ജീവിതം ഇത്ര മനോഹരമാക്കിയതിന് എല്ലാ സാങ്കേതിക പ്രവർത്തകർക്കും, കലാകാരന്മാർക്കും, മാധ്യമങ്ങൾക്കും, പ്രേക്ഷകർക്കും, സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും പ്രത്യേക സ്നേഹം അറിയിക്കുന്നു’ എന്നാണ് ഫാസിലിനൊപ്പമുള്ള സെൽഫി പോസ്റ്റ് ചെയ്ത് കുഞ്ചാക്കോ ബോബൻ കുറിച്ചത്.
1997ൽ ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവ് എന്ന സിനിമയിലൂടെയാണ് കുഞ്ചാക്കോ ബോബന്റെ അരങ്ങേറ്റം. സുധി എന്ന കഥാപാത്രമായിരുന്നു താരത്തിന്.