‘ഞാൻ അവതരിപ്പിക്കുന്ന കുട്ടിയാണ്’ എന്ന് സർ ഓരോ തവണ പറയുമ്പോഴും എന്റെ ഹൃദയം വലിയ സന്തോഷത്തോടും അഭിമാനത്തോടും തുടിച്ചിരുന്നു...കുറിപ്പ് Neethu Krishna's Big Screen Debut in 'Prathichaya'
Mail This Article
റീലുകളിലൂടെയും അവതാരകയായും മലയാളികൾക്ക് സുപരിചിതയായ നീതു കൃഷ്ണ ബിഗ് സ്ക്രീനിൽ എത്തുന്ന ചിത്രമാണ് പ്രതിഛായ. നിവിൻ പോളിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രത്തില്‍ 'റോസ ജയദേവൻ' എന്ന കരുത്തുറ്റ കഥാപാത്രമായാണ് നീതു അഭിനയിക്കുന്നത്.
പ്രതിഛായ റിലീസാകുമ്പോൾ, സംവിധായകൻ തന്നെ ചേർത്തുപിടിച്ചപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് നീതു കൃഷ്ണ.
‘ഒരാൾ തന്റെ ചുറ്റുമുള്ള ഏറ്റവും നിസ്സഹായരായവരോട് എങ്ങനെ പെരുമാറുന്നു എന്നതിലാണ് അയാളുടെ യഥാർഥ സ്വഭാവം വെളിവാകുന്നത് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. സിനിമ എന്ന വലിയ കുടുംബത്തിലെ ഒരു തുടക്കക്കാരി എന്ന നിലയിൽ, ഏറ്റവും എളിയ സ്ഥാനത്തായിരുന്ന എനിക്ക് ഉണ്ണി സാറിൽ നിന്നും ഇന്നുവരെ അനുഭവിക്കാൻ കഴിഞ്ഞത് കരുണയും പരിഗണനയും സ്നേഹവും മാത്രമാണ്.
സാറിന്റെ അച്ചടക്കത്തിനും, ജോലിയിൽ എന്നെപ്പോലൊരു തുടക്കക്കാരിയുടെ നിലവാരത്തിലേക്ക് ഇറങ്ങിവന്ന് എന്നെ നയിച്ചതിനും നന്ദി. സർ നൽകിയ സുരക്ഷിതബോധത്തിനും ഏറ്റവും കംഫർട്ടബിൾ ആയ ഒരു സാഹചര്യത്തിൽ സിനിമയെ അനുഭവിക്കാൻ എനിക്ക് അവസരം നൽകിയതിനും നന്ദി പറയുന്നു. മറ്റ് അഭിനേതാക്കൾ തങ്ങളെ സിനിമയിലേക്ക് കൊണ്ടുവന്ന സംവിധായകരെ കുറിച്ച് സംസാരിക്കുന്നത് കേൾക്കുമ്പോൾ, എന്നെ ‘അവതരിപ്പിക്കുന്നു’ എന്ന് സ്ക്രീനിൽ എഴുതി കാണിക്കുന്നതിന് ഞാൻ ആരോടായിരിക്കും എന്നെങ്കിലും നന്ദി പറയുക എന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ടായിരുന്നു. അത് സാറായതിൽ ഞാൻ അങ്ങേയറ്റം കൃതാർത്ഥയും സന്തോഷവതിയുമാണ്.
‘ഞാൻ അവതരിപ്പിക്കുന്ന കുട്ടിയാണ്’ എന്ന് സർ ഓരോ തവണ പറയുമ്പോഴും എന്റെ ഹൃദയം വലിയ സന്തോഷത്തോടും അഭിമാനത്തോടും കൂടി തുടിച്ചിരുന്നു. സാറിനൊപ്പം ചിലവിട്ട ഓരോ നിമിഷവും, പ്രത്യേകിച്ച് സാറിന്റെ വാക്കുകളേക്കാൾ അർത്ഥവത്തായ പ്രവർത്തികൾ കണ്ട നിമിഷങ്ങൾ ഞാൻ എന്നും കാത്തുസൂക്ഷിക്കും. ‘പ്രതിഛായ’ എന്ന എന്റെ ജീവിതത്തിലെ ഈ മനോഹരമായ അധ്യായത്തിന് ശേഷവും, സർ ആരായിരുന്നുവെന്നും ആരാണെന്നുമുള്ള ഓർമ്മകൾ ആഴത്തിലുള്ള ബഹുമാനത്തോടെ ഞാൻ ഹൃദയത്തിൽ കൊണ്ടുനടക്കും. ബി. ഉണ്ണികൃഷ്ണനിലൂടെ ‘റോസ ജയദേവൻ’ ആയി നമുക്ക് തിയറ്ററുകളിൽ കാണാം’. – നീതു കൃഷ്ണ കുറിച്ചു.