നടി ഗ്രേസ് ആന്റണിക്കെതിരെ സൈബര്‍ ലോകത്ത് വ്യാപക വിമർശനം. ഭർത്താവും സംഗീതസംവിധായകനുമായ എബി സിറിയക് നടത്തിയ പരാമർശമാണ് വിമർശനത്തിന് വഴിയൊരുക്കിയത്. 18 വയസ്സിൽ പരിചയപ്പെട്ട ഗ്രേസിനെ തനിക്കുവേണ്ട രീതിയിൽ മാറ്റിയെടുക്കുകയായിരുന്നു എന്ന എബിയുടെ വാക്കുകളാണ് വിമർശനങ്ങള്‍ക്ക് കാരണമായത്.
‘18ാം വയസ്സിലാണ് ഞങ്ങൾ പരിചയപ്പെടുന്നത്. 19 വയസ്സിലൊക്കെയാണ് പ്രണയത്തിലാവുന്നത്. അന്ന് ഒന്നും അറിയാത്ത കൊച്ചുകുട്ടിയാണ് (ഗ്രേസ്). ഞാൻ എനിക്കുവേണ്ട രീതിയിൽ ഗ്രൂം ചെയ്‌തെടുത്തതാണ്..’ എന്നായിരുന്നു എബിയുടെ വാക്കുകൾ. ഇതുകേട്ട ഗ്രേസ്, ‘വളർത്തിയെടുത്തു’ എന്നുകൂടെ കൂട്ടിച്ചേർത്തു. പൊട്ടിച്ചിരിച്ചുകൊണ്ടാണ് ഇരുവരും ഇക്കാര്യം അവതരിപ്പിച്ചത്. മൈൽസ്റ്റോൺ മേക്കേഴ്സ് യൂട്യൂബ് ചാനലിനു അനുവദിച്ച അഭിമുഖത്തിലായിരുന്നു ഈ പരാമർശം.
അഭിമുഖത്തിനു ശേഷം ഗ്രേസിനെതിരെ കടുത്ത വിമർശനവും ഉയർന്നു. സ്വന്തം ഇഷ്ടങ്ങള്‍ക്കു വേണ്ടി പങ്കാളിയെ മാറ്റിയെടുത്തെന്ന് അവകാശപ്പെടുന്നത് സ്ത്രീവിരുദ്ധമായ പരാമർശമാണെന്നും ഇത് തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകുന്നതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ഒപ്പം തന്നെ വിമർശകർക്ക് മറുപടിയുമായി ഗ്രേസ് ആന്റണിയും എത്തി.
എബിയെ ടാഗ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച റീലിന്റെ ക്യാപ്ഷനിലൂടെയാണ് ഗ്രേസിന്റെ മറുപടി. ‘പെർഫെക്ട് ഗ്രൂമിങ് ഏട്ടായി’ എന്നായിരുന്നു ഗ്രേസിന്റെ അടിക്കുറുപ്പ്. സുഹൃത്തുക്കൾക്കൊപ്പം ഗ്രേസും എബിയും കാറിൽ സഞ്ചരിക്കുന്നതാണ് വിഡിയോയിൽ ഉള്ളത്. എന്നാല്‍ ഈ വിഡിയോയ്ക്ക് പിന്നാലെയും വ്യാപക വിമർശനം ഉയർന്നു. ‘ഗ്രൂമിങ് എന്നൊക്കെ തമാശയായി പറയാനുള്ളതല്ല. അതും ഒരു പബ്ലിക് ഫിഗർ, പബ്ലിക് പ്ലാറ്റഫോമിൽ’ എന്നായിരുന്നു ഒരാളുടെ കമന്റ്. സെലിബ്രിറ്റി എന്ന നിലയിൽ അൽപം കൂടി ഉത്തരവാദിത്തം ആകാമെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു ഗ്രേസ്- എബി വിവാഹം. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ എബി സിറിയക് തോമസിന്റെയും ഷാജി സിറിയകിന്റെയും മകനാണ് എബി ടോം സിറിയക്. മ്യൂസിക് പ്രോഗ്രാമറും അറേഞ്ചറും കൂടിയായ എബി, ഒട്ടേറെ മലയാളം ചിത്രങ്ങളുടെ സംഗീത വിഭാഗത്തിൽ പിന്നണിയിൽ പ്രവർത്തിച്ചിട്ടുണ്ട്.