‘മൊബൈലിൽ വാൾ പേപ്പറായി ഉഗ്രൻ ന്യൂ ജനറേഷൻ കണിയും കാണാറുണ്ട്’; വിഷു ഓര്മയില് മനോജ് കെ. ജയൻ Manoj K Jayan's Nostalgic Vishu Memories
Mail This Article
വിഷു എന്ന വാക്ക് മനസ്സിലേക്കു വാരി വിതറുന്ന ഓർമകളിലൂടെ നടൻ മനോജ് കെ. ജയൻ
കുട്ടിക്കാലത്തു വെളുപ്പിനു വിളിച്ചുണർത്തി കണ്ണു പൊത്തി അമ്മ കാണിച്ച വിഷുക്കണിയിൽ നിന്നാണ് എന്റെ വിഷു ഓർമകൾ തുടങ്ങുന്നത്. മഞ്ഞ പട്ടുചേല ചുറ്റിയ നീലക്കണ്ണൻ. മുന്നിലെ ഓട്ടുരുളിയിൽ കണിവെള്ളരിയും നെല്ലും വാൽക്കണ്ണാടിയും സ്വർണനാണയവും കണിക്കൊന്നയും. കണി കണ്ടാൽ പിന്നെ, ഉറങ്ങരുതെന്നാണു പറയാറ്. പക്ഷേ, ഞങ്ങൾ ഉഴപ്പന്മാരായതു കൊണ്ടു വീണ്ടും കിടന്നുറങ്ങും. അതുകഴിഞ്ഞ് എഴുന്നേറ്റു വീണ്ടുമൊരു കണി കൂടി കണ്ടാണു വിഷു തുടങ്ങുക.
1974ലെ വലിയ അവധിക്കാലം. ചെന്നൈയിലേക്കായിരുന്നു ആ വെക്കേഷൻ യാത്ര. ഒരു മാസത്തേക്കു സാലിഗ്രാമത്തിൽ വാടകവീടൊക്കെ എടുത്താണ് അച്ഛനും കൊച്ചച്ഛനും അമ്മയും ഞങ്ങളുമൊക്കെ താമസം. വിഷു ദിവസം രാവിലെ മൈലാപൂർ സാന്തോമിലെ സ്വാമികളുടെ വീട്ടിലേക്കു പോയി. പടിവാതിൽ കടന്നതും അതാ ഉമ്മറത്ത് മുണ്ടുടുത്തു പച്ച ബെൽറ്റ് കെട്ടി പൊന്നാടയണിഞ്ഞു സ്വാമികളിരിക്കുന്നു. ആ കാഴ്ചയാണ് അന്നത്തെ എന്റെ വിഷുക്കണിയെന്ന് ഇപ്പോൾ തോന്നുന്നു.
അടുത്തു ചെന്നതും മടിയിലെ പണക്കിഴിയിൽ നിന്ന് ഒരു പിടി നാണയം വാരിയെടുത്തു കൈനീട്ടം തന്നു. വീട്ടിനകത്തു കയറി ഒരുക്കി വച്ച കണി കണ്ടു തൊഴുതു. ജയവിജയന്മാർ ചെമ്പൈ സ്വാമികളുടെ പ്രഥമ ശിഷ്യന്മാരായതുകൊണ്ട് ആ വീട്ടിൽ ഞങ്ങൾക്കു പ്രത്യേക സ്ഥാനമുണ്ട്. അന്നു പ്രാതലും കഴിച്ചാണു മടങ്ങിയത്.
ഷൂട്ടിങ് ലൊക്കേഷനിലും ഒരു കൃഷ്ണന്റെ ചിത്രവും കുറച്ചു പഴങ്ങളും കണിക്കൊന്നയുമൊക്കെ സംഘടിപ്പിച്ചു ഞാൻ കണി കാണൽ മുടക്കിയിട്ടില്ല കേട്ടോ. അതിനു പറ്റാത്ത സ്ഥലത്താണെങ്കിൽ തലേന്നു രാത്രി തന്നെ മൊബൈലിൽ വാൾ പേപ്പറായി ഒരുഗ്രൻ വിഷുക്കണിയുടെ ഫോട്ടോ ഇടും. രാവിലെ കണ്ണു തുറന്നു മൊബൈലിൽ നോക്കി ന്യൂ ജനറേഷൻ കണി കാണും.
പങ്കാളിയായ ആശ ജീവിതത്തിലേക്കു വന്നതിനു ശേഷമാണ് എന്റെ വിഷുക്കണി ഒന്നുകൂടി സമൃദ്ധമായത്. തലേന്നു തന്നെ ആശ കണി ഒരുക്കും. അഞ്ചു വർഷം മുൻപു ഗൂരുവായൂർ അമ്പലത്തിൽ പോയി ആയിരങ്ങൾക്കൊപ്പം കണി കാണാൻ ഭാഗ്യം കിട്ടിയിരുന്നു. ഗുരുവായൂരപ്പനെ കണി കാണണമെന്നുണ്ട്. അവിടുന്നു വിളിച്ചാൽ ഞാൻ പോകും.
