‘സ്വർഗ്ഗത്തിലിരുന്ന് ഡാഡി മോളെ ഓർത്തു അഭിമാനിക്കുന്നുണ്ടാകും’; സഹോദരിക്കു ആശംസകളുമായി ഷൈൻ ടോം ചാക്കോ Shine Tom Chacko's Pride in Sister's Academic Triumph
Mail This Article
മാസ്റ്റേഴ്സ് ബിരുദം കരസ്ഥമാക്കിയ സഹോദരി റിയ മേരി ചാക്കോയെ അഭിനന്ദിച്ച് നടൻ ഷൈൻ ടോം ചാക്കോ. ന്യൂസിലാൻഡിലെ യൂണിവേഴ്സിറ്റി ഓഫ് കാന്റർബറിയിൽ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയ റിയയെ പ്രശംസിച്ചുകൊണ്ട് ഷൈൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. വൈകാരികമായാണ് പ്രിയ സഹോദരിക്ക് താരം ആശംസകൾ നേർന്നത്.
"മാസ്റ്റേഴ്സ് ബിരുദം നേടിയ റിയ മേരി ചാക്കോയ്ക്ക് അഭിനന്ദനങ്ങൾ. എന്റെ പ്രിയപ്പെട്ടവളേ, നിന്നെ ഓർത്ത് ഞാൻ ഒരുപാട് അഭിമാനിക്കുന്നു. ഈ പഠനകാലയളവിൽ നിനക്ക് നേരിടേണ്ടി വന്ന പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ച്, കഠിനാധ്വാനവും നിശ്ചയദാർഢ്യവുമുണ്ടെങ്കിൽ എന്തും സാധ്യമാണെന്ന് നീ ലോകത്തിന് കാണിച്ചുതന്നു. ഈ കാലഘട്ടത്തിലുടനീളം സ്നേഹത്തിന്റെയും കരുത്തിന്റെയും മാതൃകയായതിന് നന്ദി. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. സ്വർഗ്ഗത്തിലിരുന്ന് ഡാഡി തന്റെ മോളെ ഓർത്ത് അഭിമാനിക്കുന്നുണ്ടാകും."- ഷൈൻ ടോം ചാക്കോ കുറിച്ചു.
റിയ മേരി ചാക്കോയും സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. വിജയയാത്രയിൽ കൂടെ നിന്ന കുടുംബത്തിനും സുഹൃത്തുക്കൾക്കും പങ്കാളിക്കും നന്ദി പറഞ്ഞുകൊണ്ടാണ് റിയയുടെ കുറിപ്പ്.
"മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുന്നു! ഈ യാത്രയിൽ കൂടെയുണ്ടായിരുന്ന എല്ലാവരോടും വാക്കുകൾക്ക് അപ്പുറമായ നന്ദിയുണ്ട്. കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ, മുൻ സഹപ്രവർത്തകർ... നിങ്ങളുടെ സ്നേഹവും പിന്തുണയും പ്രോത്സാഹനവുമാണ് പ്രതിസന്ധികളിൽ എനിക്ക് കരുത്തായത്.
പ്രിയപ്പെട്ട പങ്കാളിക്ക്, നിന്റെ സാന്നിധ്യം എനിക്ക് ലോകത്തെക്കാൾ വലുതാണ്. എന്നെ പ്രചോദിപ്പിച്ചതിനും എന്റെ തണലായി നിന്നതിനും നന്ദി. എന്റെ സഹോദരങ്ങൾക്ക്, എന്റെ ഏറ്റവും വലിയ സപ്പോർട്ടർമാരായതിന് നന്ദി. നമ്മൾ ഒരുപാട് ഉയർച്ച താഴ്ചകളിലൂടെ കടന്നുപോയിട്ടുണ്ട്, എങ്കിലും നമ്മൾ എപ്പോഴും പരസ്പരം താങ്ങായി നിന്നു.
ജിമ്മിക്കും ചേട്ടനും കുട്ടികൾക്കും, ചിരിയും സന്തോഷവും നിറഞ്ഞ നിമിഷങ്ങൾക്ക് നന്ദി. മമ്മിക്കും പപ്പയ്ക്കും, നിങ്ങളുടെ അനുഗ്രഹങ്ങളാണ് എനിക്ക് എല്ലാം. അമ്മേ, അമ്മയുടെ ആകുലതകളും ഉപദേശങ്ങളുമാണ് എന്റെ കരുത്ത്. അച്ഛാ, ഇത് അച്ഛൻ കാരണമാണ് സാധ്യമായത്. നമ്മൾ ഇത് നേടിയെടുത്തു..!" - റിയ മേരി ചാക്കോ കുറിച്ചു.