‘അദ്ദേഹവുമായി സിനിമ ചെയ്യരുതെന്നു പലരും പറഞ്ഞിരുന്നു, ഇതുപോലെ ഒരുപാട് വിഡിയോ അദ്ദേഹം ചെയ്തിട്ടുണ്ട്’: മറുപടിയുമായി ‘സുമതിവളവ്’ ടീം Producer Murali Kunnathumpara's Financial Woes in Cinema
Mail This Article
ബിസിസ്സിലൂടെയും സിനിമയിലൂടെയും തനിക്ക് ഒരുപാട് ചതികൾ പറ്റിയെന്നും ജീവിതം കൈവിട്ട് പോയ അവസ്ഥയാണെന്നും വ്യവസായിയും നിര്‍മാതാവുമായ മുരളി കുന്നുംപുറത്ത് തുറന്നു പറഞ്ഞത് കഴിഞ്ഞ ദിവസമാണ്. ‘നദികളിൽ സുന്ദരി യമുന’, ‘സുമതി വളവ്’ അടക്കമുള്ള സിനിമകളിലൂടെ ഏകദേശം ഒൻപത് കോടിയുടെ നഷ്ടമാണ് തനിക്കുണ്ടായതെന്നും ജീവനൊടുക്കുകയല്ലാതെ മറ്റു വഴികളിലെന്നുമാണ് സോഷ്യൽ മീഡിയയിൽ വൈറലായ വിഡിയോയിൽ മുരളി പറയുന്നത്. ജയസൂര്യ നായകനായ ‘വെള്ളം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് മുരളി. മുരളിയുടെ ജീവിതകഥയാണ് ‘വെള്ളം’. ‘സുമതി വളവ്’ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയ്ക്കും സംവിധായകൻ വിഷ്ണു ശശിശങ്കറിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് മുരളി ഉന്നയിച്ചത്.
ഇപ്പോഴിതാ, മുരളി കുന്നുംപുറത്തിന്റെ ആരോപണത്തിന് പിന്നാലെ, വാർത്താ സമ്മേളനത്തിൽ തങ്ങളുടെ ഭാഗം വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഭിലാഷ് പിള്ള, സംവിധായകൻ വിഷ്ണു ശശി ശങ്കർ, സംവിധായകൻ വിജേഷ് പനത്തൂർ എന്നിവർ.
സിനിമ ചെയ്താലോ എന്ന് മുരളി കുന്നുംപുറം ആവശ്യപ്പെട്ടതാണ്. 6 കോടി ബഡ്ജറ്റിൽ ഒരുക്കുന്ന ജിംഗിൾ ബെൽസ് എന്ന ചിത്രത്തിന്റെ കഥയാണ് ആദ്യം പറഞ്ഞത്. സുമതി വളവ് 10 കോടി രൂപ ബഡ്ജറ്റ് വരും എന്ന് മുരളിയോട് പറഞ്ഞിരുന്നു. സിനിമ തുടങ്ങുന്നതിന് മുൻപ് 25 ലക്ഷം രൂപ മാത്രമേ അക്കൗണ്ടിൽ ഉള്ളൂ എന്ന് പറഞ്ഞു. അദ്ദേഹവുമായി സിനിമ ചെയ്യരുത് എന്ന് പലരും പറഞ്ഞിരുന്നു.
പിന്നീട് കോ പ്രൊഡ്യൂസറെ കണ്ടെത്തി. ആറു കോടി രൂപ ചെന്നൈയിലെ കമ്പനി നൽകി. അഭിനയിച്ച പലർക്കും പ്രതിഫലം നൽകിയിട്ടില്ല. മ്യൂസിക് ഡയറക്ടർ, ക്യാമറമാൻ എന്നിവർ പരാതി നൽകിയിരുന്നു.
പടം ഇറങ്ങില്ല എന്ന് അറിഞ്ഞത് കൊണ്ടാണ് ഗോകുലം ഗ്രൂപ്പിനെ കണ്ടത്. പിന്നീട് എല്ലാം സെറ്റിൽ ചെയ്തത് ഗോകുലം ആണ്. ഇതുപോലെ ഒരുപാട് വിഡിയോ അദ്ദേഹം ചെയ്തിട്ടുണ്ട്.
വെള്ളം സിനിമയുടെ തമിഴ് പതിപ്പ് ചെയ്യാൻ നായകന് കഴിഞ്ഞ ദിവസമാണ് മുരളി അഡ്വാൻസ് കൊടുത്തത്. നഷ്ടം വന്നുവെന്നത് മുരളി തെളിയിക്കണം. തനിക്ക് നേരെ വലിയ സൈബർ അറ്റാക്ക് നടക്കുന്നുണ്ട് എന്നും അണിയറപ്രവർത്തകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തനിക്ക് സംവിധാനം ചെയ്യാൻ അറിയില്ല എങ്കിൽ പിന്നെ എന്തിനാണ് സുമതി വളവ് 2 ചെയ്യാൻ ക്ഷണിച്ചതെന്ന് വിഷ്ണു ശശി ശങ്കർ ചോദിച്ചു.