‘ഞാൻ അനുഭവിക്കുന്ന വേദന വാക്കുകൾക്ക് അതീതമാണ്... ഞങ്ങൾക്ക് നീ എല്ലാം ആയിരുന്നു’: ഹൃദയം നൊന്ത് നമിത പ്രമോദ് Namitha Pramod Mourns Loss of Makeup Artist Bijeesh
Mail This Article
മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ അപകടത്തിൽ മരണപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റ് ബിജീഷിന്റെ വിയോഗത്തിൽ വേദന പങ്കുവച്ച് നടി നമിത പ്രമോദ്.
എട്ടു വർഷത്തിലേറെയായി തന്റെ കൂടെയുണ്ടായിരുന്ന ബിജീഷ് വെറുമൊരു മേക്കപ്പ് ആർട്ടിസ്റ്റ് ആയിരുന്നില്ലെന്നും ഒരു സഹോദരനെപ്പോലെ തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്നും നമിത കുറിച്ചു.
‘പ്രിയപ്പെട്ട ബിജി, ഇന്ന് ഞാൻ അനുഭവിക്കുന്ന വേദന വാക്കുകൾക്ക് അതീതമാണ്. എന്റെ ഹൃദയം അത്രമേൽ ഭാരപ്പെട്ടിരിക്കുന്നു. മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ നിന്നെപ്പോലൊരാളെ എനിക്ക് നഷ്ടപ്പെടുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. നീ ഇനി നമ്മോടൊപ്പമില്ല എന്ന സത്യം ഉൾക്കൊള്ളാൻ എനിക്കിപ്പോഴും കഴിയുന്നില്ല. കഴിഞ്ഞ 8 വർഷത്തിലേറെയായി നീ എന്നെ ചേർത്തുപിടിച്ചു. നീ വെറുമൊരു മേക്കപ്പ് ആർട്ടിസ്റ്റ് മാത്രമായിരുന്നില്ല, എനിക്ക് കുടുംബാംഗത്തെപ്പോലെയായിരുന്നു. ജോലിസ്ഥലത്ത് ഓരോ ദിവസവും എന്നെ അത്രത്തോളം സുരക്ഷിതയായും സന്തോഷവതിയായും കംഫർട്ടബിളായും നീ നോക്കി. നിന്നെ എന്നും എന്റെ ഒരു സഹോദരനായിട്ടാണ് ഞാൻ കണ്ടിട്ടുള്ളത്.
നീ അത്രയും നിഷ്കളങ്കനും ആത്മാർത്ഥതയുള്ളവനുമായിരുന്നു... ഞാൻ അറിഞ്ഞിട്ടുള്ളതിൽ വെച്ച് ഏറ്റവും പരിശുദ്ധമായ ആത്മാക്കളിലൊന്ന്. തൃശൂർ പൂരത്തോടുള്ള നിന്റെ സ്നേഹവും ആവേശവും മറ്റാർക്കും ഇല്ലാത്തതായിരുന്നു. ഇത്തരമൊരു വിയോഗം എന്റെ ഹൃദയം തകർക്കുന്നു. ഇനി നീയില്ലാതെ എങ്ങനെ ഒരു ലൊക്കേഷനിലേക്ക് കാലെടുത്തു വയ്ക്കുമെന്ന് എനിക്കറിയില്ല. എന്റെ ജീവിതത്തിന്റെ അത്രയും പ്രധാനപ്പെട്ട ഭാഗമായിരുന്നു നീ.
ഞങ്ങൾക്ക് നീ എല്ലാം ആയിരുന്നു. ഇത്ര വേഗം യാത്രയാകുമെന്ന് കരുതിയില്ല. ഓരോ ദിവസവും ഞാൻ നിന്നെ മിസ്സ് ചെയ്യും. ആദരാഞ്ജലികൾ, ബിജി’ എന്നാണ് നമിത സോഷ്യൽ മീഡിയയിൽ കുറിച്ചത്.