ബിസിസ്സിലൂടെയും സിനിമയിലൂടെയും തനിക്ക് ഒരുപാട് ചതികൾ പറ്റിയെന്നും ജീവിതം കൈവിട്ട് പോയ അവസ്ഥയാണെന്നും വ്യവസായിയും നിര്‍മാതാവുമായ മുരളി കുന്നുംപുറത്ത് തുറന്നു പറഞ്ഞത് കഴിഞ്ഞ ദിവസമാണ്. ‘നദികളിൽ സുന്ദരി യമുന’, ‘സുമതി വളവ്’ അടക്കമുള്ള സിനിമകളിലൂടെ ഏകദേശം ഒൻപത് കോടിയുടെ നഷ്ടമാണ് തനിക്കുണ്ടായതെന്നും ജീവനൊടുക്കുകയല്ലാതെ മറ്റു വഴികളിലെന്നുമാണ് സോഷ്യൽ മീഡിയയിൽ വൈറലായ വിഡിയോയിൽ മുരളി പറയുന്നത്. ജയസൂര്യ നായകനായ ‘വെള്ളം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് മുരളി. മുരളിയുടെ ജീവിതകഥയാണ് ‘വെള്ളം’.
‘സുമതി വളവ്’ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയ്ക്കും സംവിധായകൻ വിഷ്ണു ശശിശങ്കറിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് മുരളി ഉന്നയിച്ചത്. പിന്നാലെ നടന്ന ചർച്ചകളിൽ വൻ വിജയം നേടിയ ‘മാളികപ്പുറം’ വിഷ്ണു അല്ല, നായകനായ ഉണ്ണി മുകുന്ദനാണ് സംവിധാനം ചെയ്തത് എന്ന തരത്തിലും ആരോപണങ്ങൾ ശക്തമായി.
ഇപ്പോഴിതാ, ഈ വിവാദവുമായി ബന്ധപ്പെട്ട് തിരക്കഥാകൃത്തും സംവിധായകനുമായ വിനോദ് ഗുരുവായൂർ സോഷ്യൽ മീഡിയയിൽ കുറിച്ചതാണ് ശ്രദ്ധേയമാകുന്നത്.
‘സത്യങ്ങൾ എല്ലാം പുറത്ത് വരട്ടെ …എല്ലാം നല്ല സിനിമകൾക്ക് വേണ്ടിയാവണം …അവസാന വിജയങ്ങൾ അവർക്കുള്ളതാണ്…മനസ്സിൽ സിനിമ മാത്രമുള്ളവർക്കാണ് എന്നും അവസാന വിജയം’ എന്നാണ് ‘മാളികപ്പുറം’ സിനിമയിലെ ഒരു രംഗത്തിന്റെ വിഡിയോ പങ്കുവച്ച് വിനോദ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.