‘എല്ലാം വീണ്ടും ആദ്യം മുതൽ തുടങ്ങേണ്ടി വന്നു, പക്ഷേ ഇത്തവണ ഞാൻ പിന്മാറിയില്ല’: ആ മോഹം സാധ്യമാക്കി ദീപ്തി ജനാർദ്ദനൻ Deepthi Janardhanan Achieves Dream IIM Admission
Mail This Article
വർഷങ്ങൾക്ക് മുൻപ് കോളജ് കാലഘട്ടത്തിൽ പരാജയപ്പെട്ടുപോയ ഐഐഎം പ്രവേശനം എന്ന തന്റെ വലിയ സ്വപ്നം ഇപ്പോൾ സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവച്ച് നടൻ നീരജ് മാധവിന്റെ ഭാര്യ ദീപ്തി ജനാർദ്ദനൻ.
‘ചില സ്വപ്നങ്ങൾ നമ്മെ വിട്ടുപോകില്ല... അവ എവിടെയോ ശാന്തമായി നമുക്കായി കാത്തിരിക്കും.
എന്റെ കോളജ് കാലഘട്ടത്തിൽ ഞാൻ ഇത് ഒത്തിരി ആഗ്രഹിച്ചിരുന്നു, ഒരു ഐഐഎമ്മിൽ പഠിക്കണമെന്നും, അവിടുത്തെ ജീവിതത്തിന്റെ ഭാഗമാകണമെന്നും. പക്ഷേ വിധിയുടെ പ്ലാനുകൾ മറ്റൊന്നായിരുന്നു. അന്ന് എനിക്ക് ക്യാറ്റ് പരീക്ഷ വിജയിക്കാൻ സാധിച്ചില്ല. സാവധാനം ഞാൻ ജോലിയിലേക്കും ഉത്തരവാദിത്തങ്ങളിലേക്കും എനിക്ക് സുരക്ഷിതമെന്ന് തോന്നിയ ഒരു കംഫർട്ട് സോണിലേക്കും ഒതുങ്ങിപ്പോയി. ദിവസങ്ങൾ വർഷങ്ങളായി മാറി. ആ സ്വപ്നത്തെക്കുറിച്ച് ഞാൻ സംസാരിക്കുന്നത് പോലും നിർത്തി... പക്ഷേ അത് ഒരിക്കലും എന്നെ വിട്ടുപോയിരുന്നില്ല.
ഒടുവിൽ ഒരു ദിവസം, ആ സ്വപ്നത്തിന് വീണ്ടും ചെവികൊടുക്കാൻ ഞാൻ തീരുമാനിച്ചു. തിരിച്ചുവരവ് അത്ര എളുപ്പമായിരുന്നില്ല. എനിക്ക് പരിചിതമായ സാഹചര്യങ്ങളിൽ നിന്ന് പുറത്തുകടക്കുക എന്നതായിരുന്നു അതിന്റെ അർത്ഥം. സ്വന്തം സംശയങ്ങളെ നേരിടേണ്ടി വന്നു, എല്ലാം വീണ്ടും ആദ്യം മുതൽ തുടങ്ങേണ്ടി വന്നു. പക്ഷേ ഇത്തവണ ഞാൻ പിന്മാറിയില്ല. ഇന്ന് ഇവിടെ നിൽക്കുമ്പോൾ, ഞാൻ പുതിയ ഒരിടത്ത് എത്തിയതായി എനിക്ക് തോന്നുന്നില്ല മറിച്ച്, പണ്ട് എവിടെയോ ഉപേക്ഷിച്ചുപോയ എന്റെ തന്നെ ഒരു പതിപ്പിലേക്ക് ഞാൻ തിരികെ എത്തിയതുപോലെ തോന്നുന്നു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ, ഞാൻ വീണ്ടും ഒരു കോളജ് വിദ്യാർഥിയെപ്പോലെ ചിരിച്ചു, പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കി, സമ്മർദ്ദമില്ലാതെ കൗതുകത്തോടെ ക്ലാസ് മുറികളിലിരുന്നു. ഞാൻ എത്രമാത്രം മിസ്സ് ചെയ്തിരുന്നു എന്ന് എനിക്ക് പോലും അറിയാതിരുന്ന ആ പഴയ ലഘുത്വം ഞാൻ തിരിച്ചറിഞ്ഞു.
ഇത് കേവലം ഒരു ഐഐഎമ്മിൽ പ്രവേശനം കിട്ടിയതിനെക്കുറിച്ച് മാത്രമല്ല. നഷ്ടപ്പെട്ടുപോയി എന്ന് കരുതിയ ജീവിതത്തിന്റെ ഒരു ഭാഗം വീണ്ടും ജീവിക്കാനും വളരാനും ലഭിച്ച ഒരു രണ്ടാം അവസരത്തെക്കുറിച്ചാണ്. ചില സ്വപ്നങ്ങൾക്ക് സമയമെടുക്കും. ചില യാത്രകൾ ഒരു വട്ടം പൂർത്തിയാക്കി തുടങ്ങിയ ഇടത്ത് തന്നെ എത്തും. ചില നിമിഷങ്ങൾക്കായി... എത്ര വളഞ്ഞ വഴികൾ താണ്ടുന്നതും നഷ്ടമല്ല’ എന്നാണ് ദീപ്തി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
നിരവധിയാളുകളാണ് ദീപ്തിക്ക് അഭിനന്ദനങ്ങളുമായി എത്തുന്നത്. ഏറെ അഭിമാനം എന്നാണ് നീരജ് മാധവ് കുറിച്ചത്.