പ്രശ്നങ്ങൾ എല്ലാം തീർന്നോ ? തോളിൽ കയ്യിട്ട് ഹരീഷ് കണാരനും ബാദുഷയും Harish Kanaran and Badusha End Dispute?
Mail This Article
നടന്‍ ഹരീഷ് കണാരനും പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ എന്‍.എം.ബാദുഷയും തമ്മിലുള്ള സാമ്പത്തിക തര്‍ക്കം അടുത്ത കാലത്ത് വലിയ വിവാദവിഷയമായിരുന്നു. ബാദുഷ തന്നിൽ നിന്ന് 20 ലക്ഷം രൂപ കടം വാങ്ങിയെന്നും അത് തിരികെ നൽകാൻ തയ്യാറാകുന്നില്ലെന്നുമുള്ള ആരോപണവുമായി ഹരീഷ് രംഗത്തെത്തുകയായിരുന്നു. ആരോപണങ്ങളില്‍ മറുപടിയുമായി ബാദുഷയും രംഗത്തെത്തിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കുന്നതിനിടെ തോളിൽ കയ്യിട്ട് നിൽക്കുന്ന ഹരീഷ് കണാരന്റെയും ബാദുഷയുടെയും ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. നടന്‍ നിര്‍മല്‍ പാലാഴിയുടെ ഗൃഹപ്രവേശ ചടങ്ങിനിടെ എടുത്ത ചിത്രം ബാദുഷ തന്നെയാണ് സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചത്. ഇതോടെ പ്രശ്നങ്ങളെല്ലാം പറഞ്ഞുതീര്‍ത്തോ എന്നാണ് കമന്‍റില്‍ ചോദ്യമുയരുന്നത്. ഇത് എഐ ചിത്രമെന്നും കമന്റുകളുണ്ട്.
ഹരീഷ് പറയുന്നതുപോലെ 20 ലക്ഷം രൂപ വാങ്ങിയിട്ടില്ലെന്നും രണ്ട് തവണയായി 14 ലക്ഷം രൂപയാണ് വാങ്ങിയതെന്നും അതിൽ 7 ലക്ഷം രൂപ ഇതിനകം തിരികെ നൽകിയിട്ടുണ്ടെന്നും ബാദുഷ പത്രസമ്മേളനം നടത്തി പറഞ്ഞിരുന്നു. ഇരുവരും തമ്മില്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ ചര്‍ച്ചയായിരുന്നു.