‘ശരീരം 80 കിലോയിൽ എത്തി, മുഖത്തും ഒരുപാട് മാറ്റങ്ങൾ വന്നു...ആന്റി എന്ന വിളിയും...’: തുറന്നു പറഞ്ഞ് ജ്യോതി കൃഷ്ണ Jyothikrishna's Candid Revelation: Battling Weight Gain and Body Shaming
Mail This Article
ശരീരഭാരം അമിതമായി വർധിച്ചതും അതുണ്ടാക്കിയ മാനസിക വിഷമങ്ങളും കാരണമാണ് താൻ കുറച്ചു കാലമായി സമൂഹ മാധ്യമങ്ങളിൽ നിന്നും ക്യാമറക്കണ്ണുകളിൽ നിന്നും വിട്ടുനിന്നതെന്ന് നടി ജ്യോതികൃഷ്ണ.
വണ്ണം കുറയ്ക്കാനുള്ള തന്റെ പുതിയ യാത്രയെക്കുറിച്ചും അതിനുണ്ടായ സാഹചര്യങ്ങളെക്കുറിച്ചും താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച പുതിയ വിഡിയോയിൽ പറയുന്നു.
കഴിഞ്ഞ ഡിസംബറിലെ യൂറോപ്പ് യാത്രയ്ക്ക് ശേഷമാണ് തന്റെ ശരീരഭാരം വർധിച്ചതെന്നും 76 കിലോയിൽ നിന്നു റമദാൻ മാസത്തെ ഭക്ഷണരീതികളും യുദ്ധസാഹചര്യം ഉണ്ടാക്കിയ സ്ട്രെസ്സും കാരണം ഭാരം 81 കിലോയിലേക്ക് എത്തിയെന്നും താരം. മറ്റുള്ളവരുടെ ബോഡി ഷെയിമിങ്ങും തന്നെക്കാൾ പ്രായമുള്ള കുട്ടികൾ പോലും ആന്റി എന്ന് വിളിക്കുന്ന അവസ്ഥയുമാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്നും ജ്യോതികൃഷ്ണ പറയുന്നു.
1992-ൽ ജനിച്ച താനൊരു 90സ് കിഡ് ആണെന്ന് തെളിയിക്കാൻ ആധാർ കാർഡ് പോലും കാണിക്കേണ്ടി വരുന്ന അവസ്ഥയാണെന്നും ഒരു തമിഴ് സിനിമയിൽ നിന്ന് വന്ന കാസ്റ്റിങ് കോൾ ആണ് തന്നെ മാറ്റി ചിന്തിപ്പിച്ചതെന്നും ജ്യോതികൃഷ്ണ.
‘‘ഫോട്ടോ എടുക്കാൻ താല്പര്യമില്ലാതെയായി. ഏത് ഫോട്ടോയിൽ നോക്കുമ്പോഴും മത്തങ്ങ പോലെ ഇരിക്കുന്നു. ശരീരം വണ്ണം വച്ചപ്പോൾ മുഖത്തും ഒരുപാട് മാറ്റങ്ങൾ വന്നു, മുഖത്ത് കറുത്ത പാടുകൾ എവിടെനിന്ന് വന്നു എന്നുപോലും അറിയില്ല. വല്ലാത്ത ഡിപ്രെഷനിൽ ആയിപോയി. അതിനിടയിൽ ഓൺലൈൻ ക്ലാസുകൾ തുടങ്ങി. എനിക്ക് എന്റേതായ സമയം കിട്ടാതായി. അതുകൊണ്ടാണ് ഞാൻ ആക്ടീവ് അല്ലാതിരുന്നത്’’.– ജ്യോതി പറയുന്നു.
‘‘രണ്ടു ദിവസം മുൻപ് ഒരു തമിഴ് സിനിമയിൽ നിന്ന് എന്നെ ഒരു കാസ്റ്റിങ് ഏജൻസി കോൺടാക്റ്റ് ചെയ്തു. എനിക്ക് തമിഴ് സിനിമ ചെയ്യാൻ വളരെ ഇഷ്ടമാണ്. അവർ എന്നോട് പറഞ്ഞു മാം ഇതൊരു അമ്മ കഥാപാത്രമാണ്, ഞാൻ പറഞ്ഞു പിന്നെന്താ നമുക്ക് ചെയ്യാം. പിന്നീടാണ് ഞാൻ അറിഞ്ഞത് അവർ എന്നെ വിളിച്ചത് 22 വയസ്സുള്ള ഒരാളിന്റെ അമ്മ ആകാനാണ്. കുഴപ്പമൊന്നുമില്ല, എന്നാലൂം ഞാൻ ആലോചിച്ചു, ഇപ്പോഴേ അങ്ങനത്തെ റോൾ ചെയ്യേണ്ട ആവശ്യമുണ്ടോ ? കുറച്ചുകൂടി കഴിഞ്ഞാൽ എന്തായാലും അങ്ങനത്തെ റോളുകളെ കിട്ടു.
ഇതില്ലാം കൂടി ആയപ്പോൾ എനിക്ക് മനസ്സിലായി ഇനി നന്നാക്കാൻ ഞാൻ തീരുമാനിച്ചാലേ പറ്റൂ. അങ്ങനെ ഞാൻ നന്നാകാൻ തീരുമാനിച്ചു. നന്നാവാൻ പലവട്ടം തീരുമാനിച്ച് പരാജയപ്പെട്ടിട്ടുള്ളതുകൊണ്ട് ഞാൻ തീരുമാനിച്ചു ഇത്തവണ ആരെയെങ്കിലുമൊക്കെ അറിയിച്ചിട്ട് നന്നാവാൻ തീരുമാനിച്ചാൽ നമ്മൾ ഉഴപ്പുമ്പോൾ ആരെങ്കിലുമൊക്കെ ചോദിക്കാൻ ഉണ്ടാകും. അങ്ങനെ ഞാൻ വെയ്റ്റ് കുറക്കാൻ തീരുമാനിച്ചു, അതിനുള്ള തയാറെടുപ്പുകൾ തുടങ്ങിയിരിക്കുകയാണ്’’. – ജ്യോതി കൃഷ്ണ പറയുന്നു.
നടി, അവതാരക, നർത്തകി എന്നീ നിലകളിൽ ശ്രദ്ധേയയായ താരമാണ് ജ്യോതികൃഷ്ണ. നിലവിൽ ഭർത്താവിനൊപ്പം ദുബായിൽ താമസിക്കുകയാണ് താരം.