‘എല്ലാ തെറ്റിദ്ധാരണകളും പറഞ്ഞു തീർത്തു, കൊടുക്കൽ വാങ്ങലുകളിൽ ഒരു ധാരണയിൽ എത്തി’: പിണക്കം മാറിയെന്ന് ബാദുഷയും ഹരീഷും Harish Kanaran and NM Badusha Settle Financial Dispute
Mail This Article
നടൻ ഹരീഷ് കണാരനും പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ എൻ.എം. ബാദുഷയും തമ്മിൽ നിലനിന്നിരുന്ന സാമ്പത്തിക തർക്കങ്ങൾ പരിഹരിച്ചു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോസും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
സംവിധായകൻ ലിയോ തദേവൂസിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനായി ഒന്നിച്ചു പോകാമെന്നു ഹരീഷ് കണാരൻ ബാദുഷയെ ക്ഷണിക്കുകയായിരുന്നു. ഹരീഷിന്റെ വിളിയനുസരിച്ച് ഹോട്ടലിലെത്തിയ ബാദുഷ, പിന്നീട് ഹരീഷിന്റെ വാഹനത്തിലാണ് വിവാഹവേദിയിലേക്ക് പോയത്.
‘പ്രിയ സുഹൃത്ത് ഹരീഷ് ഇന്നലെ രാത്രി വിളിക്കുകയും ഞാൻ എറണാകുളം വരുന്നുണ്ട് ഇന്ന് സംവിധായകൻ ലിയോ തദേവൂസിന്റെ മകന്റെ കല്യാണത്തിന് ഒന്നിച്ച് പോകാമെന്നും അറിയിച്ചതിനെ തുടർന്ന് ഞാൻ ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ എത്തുകയും അവിടുന്ന് ഹരീഷിന്റെ വാഹനത്തിൽ ഞങ്ങൾ ഒന്നിച്ച് കല്യാണം നടക്കുന്ന അസീസിയാ ഹോളിലോട്ട് പോകുകയും പോകുന്ന വഴി കലൂരിലുള്ള എന്റെ ഓഫീസിൽ കുറച്ച് സമയം ചിലവഴിക്കുകയും പിന്നീട് കല്ല്യാണത്തിൽ പങ്കെടുക്കുകയും അതിന് ശേഷം എന്റെ ഫ്ലാറ്റിൽ എത്തി സുഖമില്ലാതെ കിടക്കുന്ന എന്റെ ഉമ്മയെ സന്ദർശിക്കുകയും ചെയ്തു ഞങ്ങളുടെ ഇടയിലുള്ള എല്ലാ തെറ്റിദ്ധാരണകളും പറഞ്ഞു തീർക്കുകയും കൊടുക്കൽ വാങ്ങലുകളിൽ ഒരു ധാരണയിൽ എത്തുകയും ചെയ്തു. ഇത്രയും ദിവസം ചീത്ത പറയുവാനെങ്കിലും എന്നെ ഓർത്ത് കൊണ്ട് നിങ്ങൾ മാറ്റിവെച്ച ഓരോ സെക്കന്റുകൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. ഞങ്ങളെ സപ്പോർട്ട് ചെയ്ത് കൂടെ നിന്ന എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ നന്ദി ഞങ്ങളുടെ മുന്നോട്ടുള്ള എല്ലാ യാത്രകളിലും നല്ല കാര്യങ്ങൾക്കുള്ള സപ്പോർട്ടും മോശം കാര്യങ്ങൾക്കുമുള്ള വിമർശനങ്ങളുമായി പ്രിയപ്പെട്ടവർ കൂടെ ഉണ്ടാകുമെന്നുള്ള പ്രതീക്ഷയിൽ ഞങ്ങൾ വീണ്ടും ഒന്നിച്ച് യാത്ര തുടങ്ങുന്നു നന്ദി നന്ദി നന്ദി’ എന്നാണ് ഹരീഷിനൊപ്പമുള്ള വിഡിയോ പോസ്റ്റ് ചെയ്ത് ബാദുഷ കുറിച്ചത്.
ബാദുഷ തന്നിൽ നിന്ന് 20 ലക്ഷം രൂപ കടം വാങ്ങിയെന്നും അത് തിരികെ നൽകാതെ വഞ്ചിച്ചെന്നുമായിരുന്നു ഹരീഷ് കണാരന്റെ ആരോപണം. പണം തിരികെ ചോദിച്ചതിന്റെ പേരിൽ ചില സിനിമകളിൽ നിന്ന് തന്നെ ഒഴിവാക്കാൻ ബാദുഷ ഇടപെട്ടതായും ഹരീഷ് പറഞ്ഞിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ തള്ളി ബാദുഷ രംഗത്തെത്തി. താൻ 14 ലക്ഷം രൂപയാണ് വാങ്ങിയതെന്നും അതിന്റെ പകുതിയോളം തിരികെ നൽകിയിട്ടുണ്ടെന്നും ബാദുഷ വിശദീകരിച്ചു. പരസ്പരം നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ഇരുവരും പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ ഒത്തുതീർപ്പ്.