‘വളരാൻ അനുവദിക്കൂ, പരാജയങ്ങളിൽ നിന്നു പഠിച്ച് ശക്തനായി തിരിച്ചു വരട്ടെ’: മാധവ് സുരേഷിനെതിരായ സൈബർ ആക്രമണത്തിൽ സംവിധായകൻ New Film 'Angam Attahasam' Sparks Online Debate Over Actor Madhav Suresh
Mail This Article
നായകനായ പുതിയ സിനിമ ‘അങ്കം അട്ടഹാസം’ തിയറ്ററിലെത്തിയതിനു പിന്നാലെ നടൻ മാധവ് സുരേഷിനെതിരെ കടുത്ത പരിസാസങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. മാധവിന്റെ അഭിനയത്തെയാണ് യു ട്യൂബർമാരിൽ ഒരു വിഭാഗം കളിയാക്കുന്നത്.
ഇപ്പോഴിതാ, ഇതിനെതിരെ രംഗത്തെത്തി മാധവിനെ പിന്തുണച്ചിരിക്കുകയാണ് സംവിധായകനും നടനുമായ സാജിദ് യഹിയ.
‘അങ്കം അട്ടഹാസം’ പുറത്തിറങ്ങിയതിനു പിന്നാലെ ധാരാളം പോപ്പ് - അപ്പ് വിഡിയോകളും ഓൺലൈനിൽ നെഗറ്റിവിറ്റിയും കാണുന്നുവെന്നും മാധവിനെ നിരന്തരം ലക്ഷ്യമിടുന്ന, യൂട്യൂബ് വരുമാനത്തിൽ ജീവിക്കുന്ന റിവ്യൂവർമാരേയും കാണുന്നുണ്ടെന്നും സാജിദ് പറഞ്ഞു.
സിനിമ എപ്പോഴും വ്യക്തിപരമാണ്. എന്നാൽ എനിക്കൊരു കാര്യം പറയാനുള്ളത്, കഴിവ് തെളിയിക്കാൻ മാധവിന് അല്‍പം സമയം നൽകണം എന്നാണ്. 23 വയസ്സുള്ള ഒരു യുവനടനെ ഏറ്റവും മോശമായി രീതിയില്‍ ഉന്നമിടുന്നത് നല്ലതാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ എന്നും സാജിദ് യഹിയ സോഷ്യൽ മീഡിയയിൽ കുറിച്ചു.
‘സിനിമയോടും സ്വന്തം കരിയറിനോടും വലിയ താല്‍പര്യമുള്ള വ്യക്തിയാണ് അദ്ദേഹം. അദ്ദേഹം സ്വാഭാവികമായി പെരുമാറുന്നു എന്നതാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യം. സിനിമാമേഖലയിലെ പലരേയും പോലെ അദ്ദേഹം അഭിമുഖങ്ങളിൽ അഭിനയിക്കുന്നില്ല. യഥാർഥത്തിൽ എന്താണോ അതുപോലെ, നിഷ്‌കളങ്കനായി അദ്ദേഹം കാണപ്പെടുന്നു.
അദ്ദേഹത്തിന് ഇടംകൊടുക്കൂ, പിന്തുണയ്ക്കൂ. അദ്ദേഹത്തെ വളരാൻ അനുവദിക്കൂ. പരാജയങ്ങളിൽ നിന്നു പഠിച്ച് ശക്തനായി തിരിച്ചു വരട്ടെ. അങ്ങനെയാണ് ഓരോ നല്ല നടനും ഉണ്ടാവുന്നത്. ആരും ഒറ്റരാത്രികൊണ്ട് ഇതിഹാസങ്ങളാവുന്നില്ല. മാധവ് - ആ ഊർജ്ജവും സത്യസന്ധതയും നിലനിർത്തൂ. എപ്പോഴും ആ തീ ഉള്ളിൽ നിലനിർത്തൂ. സിനിമ എപ്പോഴും ശരിയായ ആളുകളെ തിരഞ്ഞെടുക്കും, യഥാർഥ വ്യക്തിത്വമുള്ളവർ എപ്പോഴും പ്രേക്ഷകരുടെ ഹൃദയത്തിൽച്ചേക്കേറും’.– സാജിദ് യഹിയ കുറിച്ചു.