‘സത്യത്തിൽ ഇത് പറയാൻ എനിക്ക് ചമ്മലാണ്, അതിപ്പോൾ പുറത്തു പറയാൻ പറ്റാത്ത ഒരു സംഗതിയായി മാറിയിട്ടുണ്ട്’: സബ്സ്ക്രിപ്ഷൻ ആരംഭിച്ച് നടി മഞ്ജു പത്രോസ് Manju Pathrose Unveils New Instagram Subscription Feature
Mail This Article
ഇൻസ്റ്റാഗ്രാമിൽ പുതിയ സബ്‌സ്‌ക്രിപ്ഷൻ ഫീച്ചർ ആരംഭിക്കാൻ നടി മഞ്ജു പത്രോസ്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. സബ്‌സ്‌ക്രിപ്ഷൻ പ്ലാറ്റ്‌ഫോമുകൾ വഴി ചിലർ നടത്തുന്ന മോശം പ്രവണതകൾ കാരണം ഈ ഫീച്ചറിനെക്കുറിച്ച് തുറന്നുപറയാൻ തനിക്ക് ചെറിയൊരു മടിയുണ്ടായിരുന്നുവെന്ന് മഞ്ജു പറയുന്നു.
തെറ്റായ പ്രതീക്ഷകളോടെ ആരും പണം നൽകി സബ്സ്ക്രൈബ് ചെയ്യേണ്ടതില്ലെന്ന് താരം മുൻകൂട്ടി ഓർമ്മിപ്പിച്ചു. നിലവിൽ രണ്ടുപേർ ഇതിനോടകം തന്നെ സബ്സ്ക്രൈബ് ചെയ്തുകഴിഞ്ഞു എന്നും അഞ്ചുപേരായാൽ പോലും താൻ കൃത്യമായി കോണ്ടന്‍റ് നൽകുമെന്നും മഞ്ജു.
‘സത്യത്തിൽ ഇത് പറയാൻ എനിക്ക് ചമ്മലാണ്. ഞാൻ പറയാൻ പോകുന്ന കാര്യം ഭയങ്കരമായി ദുരുപയോഗം ചെയ്തിട്ട് അതിപ്പോൾ പുറത്തു പറയാൻ പറ്റാത്ത ഒരു സംഗതിയായി മാറിയിട്ടുണ്ട്. എന്നാലും ഞാൻ പറയുകയാണ്. എനിക്ക് ഇൻസ്റ്റാഗ്രാമിൽ സബ്‌സ്‌ക്രിപ്‌ഷന്റെ അറിയിപ്പ് വന്നിട്ടുണ്ടായിരുന്നു. എന്നാൽ പിന്നെ ഞാനും ഒരു സബ്‌സ്‌ക്രിപ്‌ഷൻ തുടങ്ങാം എന്ന് വിചാരിച്ചു.
ഈ സബ്‌സ്‌ക്രിപ്‌ഷൻ എന്ന സംഭവം തുടങ്ങുമ്പോൾ ഞാനെന്തോ മോശം കാര്യത്തിലേക്ക് ഇറങ്ങി തിരിക്കുന്നതുപോലെ എനിക്ക് തന്നെ തോന്നുന്നു. വളരെ കുറച്ചുപേര് ചെയ്യുന്ന തോന്ന്യാസങ്ങൾ കാരണം കുറച്ചുകൂടി നന്നായിട്ട് ഉപയോഗിക്കാൻ കഴിയുന്ന ഒരു പ്ലാറ്റ്ഫോമിനെ മോശമാക്കുന്ന നിലയിലേക്ക് വന്നിരിക്കുകയാണ്.
ഞാൻ സബ്‌സ്‌ക്രിപ്‌ഷൻ തുടങ്ങുകയാണ്. നിങ്ങളിൽ കഴിയുന്നവർ സബ്സ്ക്രൈബ് ചെയ്യണം. സബ്സ്ക്രൈബ് ചെയ്തു എന്ന് കരുതി നിങ്ങൾ പ്രതീക്ഷിക്കുന്ന ത്രസിപ്പിക്കുന്ന രംഗങ്ങൾ ഒന്നും അതിൽ ഉണ്ടാകില്ല. അങ്ങനെയുള്ള താല്പര്യമുള്ളവർ സബ്സ്ക്രൈബ് ചെയ്യണ്ട അല്ലാത്തവർ എടുക്കണം’.– മഞ്ജു പത്രോസ് പറഞ്ഞു.