‘ഞാൻ നല്ല വണ്ണം ഉണ്ട്, അതു കൊണ്ടു മാത്രം ‘ഈ വസ്ത്രം ധരിക്കരുതായിരുന്നു’ എന്ന് പറയാനാകില്ല’: പ്രതികരിച്ച് സനൂജ Sanuja Somanath Addresses Social Media Scrutiny Over Her Attire
Mail This Article
വസ്ത്രത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ഉയർന്ന വിമർശനങ്ങൾക്കും ബോഡി ഷെയ്മിങിനും മറുപടിയുമായി നടി സനൂജ സോമനാഥ്. അടുത്തിടെ പാലക്കാട് ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയപ്പോൾ ധരിച്ച വസ്ത്രത്തിന്റെ പേരിലാണ് താരത്തിന് സൈബർ അറ്റാക്ക് നേരിട്ടത്. എഡിറ്റ് ചെയ്യാത്ത ഒരു ചിത്രം പങ്കുവച്ച്, ഓൺലൈൻ ചാനലുകൾ മോശം ആംഗിളുകളിൽ പകർത്തുന്ന വിഡിയോകളാണ് കൂടുതൽ റീച്ച് നേടുന്നതെന്ന് സനൂജ കുറിച്ചു.
‘ഇതൊരു എഡിറ്റ് ചെയ്യാത്ത ചിത്രമാണ്. അതു കാണുന്നവർക്ക് മനസ്സിലാകുമെന്നാണ് ഞാൻ കരുതുന്നത്. ഓരോ വിഡിയോ / ഫോട്ടോ എങ്ങനെയാണ് നമ്മളെ കാണിക്കുന്നത് എന്നത് പല കാര്യങ്ങൾ ആശ്രയിച്ചിരിക്കും.
അന്ന് ഉദ്ഘാടന ദിവസം എന്റെ വിഡിയോ പല ഇടങ്ങളിലും സർക്കുലേറ്റ് ആയിരുന്നു. അത് എടുത്ത ഓൺലൈൻ ചാനലുകൾ ഓരോ ആംഗിളുകളിലും വന്നു എടുക്കും. ഒരേ ആളെ പല ആംഗിളുകളിൽ നിന്ന് എടുക്കുമ്പോൾ പല രീതിയിലായി കാണാം. ചില ആംഗിളുകൾ നമുക്ക് കൂടുതൽ ഭംഗിയായിരിക്കും, ചിലത് മോശവും. ഇവിടെ ഭംഗിയായി കണ്ട കുറച്ച് വിഡിയോകൾ ഉണ്ടായിരുന്നു പക്ഷേ അതിനൊന്നും വലിയ വ്യൂ വന്നില്ല, റീച്ച് വന്നില്ല. പക്ഷേ ഒന്ന് ആംഗിൾ മാറിയപ്പോളോ….?
പിന്നെ ഞാൻ നല്ല വണ്ണം ഉണ്ട് അതു കൊണ്ടു മാത്രം “ഈ വസ്ത്രം ധരിക്കരുതായിരുന്നു” എന്ന് പറയാനാകില്ല. ഞാൻ അന്ന് ധരിച്ചിരുന്നതും ഇതേ വസ്ത്രമാണ്. അവസാനം അത് നമ്മുടെ ഇഷ്ടവും കംഫർട്ടും തന്നെയാണ്
അതുപോലെ, ഞാൻ സ്വയം ഫോട്ടോ എടുക്കാൻ തിരഞ്ഞെടുക്കുമ്പോൾ, എന്റെ ഏറ്റവും നല്ല ആംഗിൾ നോക്കിയാണ് എടുക്കുക. എന്റെ മോശം ആംഗിളിൽ നിന്ന് എടുക്കാൻ ഞാൻ സ്വയം തിരഞ്ഞെടുക്കില്ല. അത് ഞാൻ മാത്രം അല്ല, എല്ലാവർക്കും അങ്ങനെ ഒക്കെ ഉണ്ടാകാം, ചിലർക്കു ഇടതു സൈഡിലെ ആംഗിൾ നന്നായിരിക്കും, ചിലർക്കു വലത്. നമ്മളെ ഏറ്റവും കോൺഫിഡന്റായി തോന്നിക്കുന്ന ആംഗിൾ തിരഞ്ഞെടുക്കാൻ ആവും എല്ലാവരും ശ്രമിക്കാറുള്ളത് അല്ലേ’ എന്നാണ് താരം കുറിച്ചത്.
താരം നൽകിയ മറുപടിക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്.