മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നീ സൂപ്പർതാരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ജോഷി സംവിധാനം ചെയ്ത ബ്ലോക്ക് ബസ്റ്റർ ചിത്രം ‘ട്വന്റി 20’ യുടെ ക്ലൈമാക്സ് ഫൈറ്റിന് ശേഷം സൂപ്പർതാരങ്ങൾ ഒരുമിച്ച് നടന്നു വരുന്ന മാസ്സ് രംഗത്തിൽ താൻ എന്തുകൊണ്ട് ഉണ്ടായിരുന്നില്ല എന്ന ചോദ്യത്തിന് ജയറാം പല അഭിമുഖങ്ങളിൽ നൽകിയ വ്യത്യസ്ത മറുപടികളാണ് ഇപ്പോൾ ചർച്ചയാകുന്നത്.
മുൻപ് ഒരു മലയാളം ചാനലിന് നൽകിയ അഭിമുഖത്തിൽ ശബരിമലയ്ക്ക് പോകാൻ ഡേറ്റ് ബുക്ക് ചെയ്തതിനാലാണ് താൻ ക്ലൈമാക്സ് ഷൂട്ടിന് നിൽക്കാതെ പോയതെന്നാണ് ജയറാം പറഞ്ഞിരുന്നത്. എന്നാൽ, ഇപ്പോൾ തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ താൻ ദീപാവലിക്കായി വീട്ടിൽ പോയതിനാലാണ് ക്ലൈമാക്സിൽ ഇല്ലാതിരുന്നത് എന്നാണ് ജയറാം പറയുന്നത്.
‘‘അതിന്റെ ക്ലൈമാക്സ് ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോൾ എന്റെ പോർഷൻ ഫൈറ്റ് ഒക്കെ കഴിഞ്ഞു. അവസാനം ഈ അഞ്ചു പേരും ചേർന്ന് നടന്നു വരുന്ന ഒരു ഷോട്ട് മാത്രം എടുക്കാനുണ്ട്. ജോഷി സാറാണ് ഡയറക്ടർ. അതെന്തായാലും ഈ ഫൈറ്റ് ഒക്കെ കഴിഞ്ഞ് എങ്ങനെ വരുമെന്ന് നോക്കിയിട്ടേ എടുക്കാൻ പറ്റൂ എന്ന് പറഞ്ഞു. ഇനി രണ്ടു ദിവസം കൂടിയുണ്ടെന്ന് പറഞ്ഞു. കറക്റ്റ് ദീപാവലി സമയം. സർ എനിക്ക് വീട്ടിൽ പോകണം, ചെന്നൈയിൽ പോകണം.‘നിനക്ക് ദീപാവലിയാണോ വലുത് ? അതോ അവസാനം എല്ലാവരും നടന്നു വരുന്ന ഷോട്ടാണോ വലുത്?’ എന്ന് സർ ചോദിച്ചു. ഞാൻ ആലോചിച്ചു. ‘സർ, എനിക്ക് ദീപാവലിയാണ് പ്രധാനം’. ‘എങ്കിൽ പൊയ്ക്കോ’ എന്ന് അദ്ദേഹം പറഞ്ഞു...’ എന്നാണ് ജയറാം തമിഴ് ചാനലിനോട് പറഞ്ഞത്.