വളരെ മോശം അവസ്ഥയിലൂടെയാണ് സിനിമ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ കടന്നുപോകുന്നതെന്നും എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങൾ മാർക്കറ്റിലെ രീതിയിലാണ് സംസാരിക്കുന്നതെന്നും നടനും തിരക്കഥാകൃത്തും സംവിധായകനുമായ ജോയ് മാത്യു. ‘വനിത’ ഡിജിറ്റലിനു നൽകിയ അഭിമുഖത്തിലാണ് ‘അമ്മ’യിലെ ആഭ്യന്തര കലഹങ്ങളെയും ഈഗോകളെയും കുറിച്ച് അദ്ദേഹം തുറന്നടിച്ചത്.
നിലവിലെ അവസ്ഥയിൽ മാനസിക രോഗം ചികിത്സിക്കാൻ ഒരു സൈക്യാട്രിസ്റ്റ് കൂടി സംഘടനയ്ക്ക് ആവശ്യമാണെന്ന് ജോയ് മാത്യു പരിഹസിച്ചു. നിലവിലെ ഈ വർക്കിങ് രീതിയുമായി പൊരുത്തപ്പെട്ടുപോകാൻ തനിക്ക് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പേടിയുള്ള, എന്തൊക്കെയോ ഒളിക്കാൻ ശ്രമിക്കുന്ന ഒരു ഭരണസമിതിക്കൊപ്പം ഇനി തുടരണോ വേണ്ടയോ എന്ന കാര്യം താൻ ഗൗരവമായി ആലോചിക്കുകയാണെന്നും താരം വ്യക്മാക്കി.
‘‘ഇവിടെ അങ്ങനെ ഒരു പോളിസി ഇല്ല, ഓരോരുത്തരും സ്വതന്ത്രമായി മത്സരിച്ചു വന്നവരാണ്. ആ വന്നവരൊക്കെ തന്നെ പരസ്പരം ശത്രുത മനോഭാവത്തോടെയാണ് പെരുമാറുന്നത്. ഞാനാണോ വലുത് നീയാണോ വലുത്, നിന്നെ ഞാനെന്തിന് കേൾക്കണം, നീ പറയുന്നത് എന്തിനു ഞാൻ കേൾക്കണം എന്ന മനോഭാവത്തോടെയാണ് ഓരോരുത്തരും വന്നത്.
താരസംഘടന ആയതുകൊണ്ടാണ് മാധ്യമങ്ങൾക്ക് ഇത്ര താൽപര്യം. നാടകക്കാരുടെ സംഘടന ആണെങ്കിൽ എത്രയും താൽപര്യം കാണിക്കുമോ? ഇല്ല.
ഇതിൽ 150 ഓളം ആൾക്കാർക്ക് ഞങ്ങൾ മാസംതോറും കൈനീട്ടം എന്ന രീതിയിൽ പെൻഷൻ കൊടുക്കുന്നുണ്ട്. തീരെ നിവർത്തിയില്ലാത്ത ഇനി ചാൻസുകൾ ഒന്നുമില്ലാത്ത ഇതുകൊണ്ട് മാത്രം ജീവിച്ചു പോകുന്ന നിരവധി ആൾക്കാരുണ്ട്, അവർക്ക് ഉള്ള സഹായം നിലക്കാൻ പാടില്ല. മറ്റൊന്ന് നൂറിലധികം ആളുകൾക്ക് ജീവൻ രക്ഷാ മരുന്നുകൾ ഫ്രീയായി കൊടുക്കുന്നുണ്ട്. അതിനു തന്നെ മാസം മൂന്നു ലക്ഷത്തിലധികം രൂപ വേണം ഒരു വർഷം 36 ലക്ഷത്തിലധികം രൂപ വേണം. ഇത് പല സ്പോൺസർഷിപ്പുകളിൽ നിന്നും വാങ്ങുകയും അത് വിതരണം ചെയ്യുകയും മാത്രമേ പണിയുള്ളൂ. അല്ലാതെ അവിടെ മലമറിക്കുന്ന പണിയൊന്നുമില്ല പക്ഷേ ഇവരൊക്കെ ധരിച്ചിരിക്കുന്നത് ഇത് മലമറിക്കുന്ന പണിയാണെന്നാണ്. ഉത്തരവാദിത്വബോധമില്ലാത്ത കുറച്ച് ആൾക്കാർ ഈ കമ്മിറ്റിയിൽ കടന്നുകൂടിയിട്ടുണ്ട് അതാണ് സംഗതികൾ ഇത്രയും വഷളാകാൻ കാരണം.
സത്യത്തിൽ നല്ലൊരു ഡോക്ടർ കൂടി അവിടെ വേണം. ഡോക്ടർ റോണി അവിടെ ഉണ്ട്, പക്ഷേ അത് പോരാ, മാനസിക രോഗം ചികിത്സിക്കാൻ വേണ്ടി ഒരു സൈക്യാട്രിസ്റ്റ് കൂടി സംഘടനയിൽ ഉണ്ടാകണം എന്നാണ് എന്റെ അഭിപ്രായം’’.– ജോയ് മാത്യു പറഞ്ഞു.