ADVERTISEMENT

തനിക്കേറെ പ്രിയപ്പെട്ടൊരാളുടെ വിയോഗം അറിയിച്ച് നടി അഞ്ജു അരവിന്ദ്. അഞ്ജുവിന്റെ അമ്മയുടെ അനിയത്തിയാണ് മരണപ്പെട്ടത്.നാട്ടിലെ ഡോക്ടറെ അമിതമായി വിശ്വസിച്ചതിനാൽ തന്റെ ആന്റിക്ക് ശരിയായ ചികിൽസ ലഭിക്കാൻ വൈകിയെന്നും എന്തെങ്കിലും ചെറിയ സംശയം തോന്നിയാൽ തന്നെ വിദഗ്ധ പരിശോധന നടത്തണമെന്നും അഞ്ജു അരവിന്ദ് കുറിക്കുന്നു.

‘രാജാന്റി... അമ്മയുടെ അനിയത്തി മാത്രമല്ല, എനിക്ക് അമ്മയെപ്പോലെ തന്നെയായിരുന്നു. എന്റെ ജീവിതത്തിലെ ഒരു വലിയ റോൾ മോഡൽ.

ADVERTISEMENT

ആന്റി സാരി ഉടുത്ത് നടക്കുന്നത് കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയായിരുന്നു. ഇന്നത്തെ പോലെ അല്ല, അന്നത്തെ കാലത്ത് ഹീൽ ചെരുപ്പ് ധരിച്ച് ആത്മവിശ്വാസത്തോടെ നടന്നിരുന്ന ഒരാളായിരുന്നു ആന്റി. ഞാൻ ആദ്യമായി അത് കണ്ടതും ആന്റിയിലൂടെയായിരുന്നു.

എന്റെ നൃത്തപഠനകാലത്ത് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഏറെയായിരുന്നു. ആദ്യമായി കുച്ചിപ്പുടി പഠിച്ചപ്പോൾ ഡ്രസ്സ് തുന്നാൻ പോലും വഴിയില്ലാതിരുന്ന സമയത്ത് ആന്റി തന്റെ സാരി തന്നു. ആ സാരി സ്റ്റിച്ച് ചെയ്താണ് എന്റെ ആദ്യ നൃത്തവേഷം ഒരുക്കിയത്. ആ വേഷം ധരിച്ച് യൂത്ത് ഫെസ്റ്റിവലിൽ പങ്കെടുത്ത ഞാൻ സ്റ്റേറ്റ് ലെവൽ വരെ എത്തി.

ADVERTISEMENT

ഇന്ന് ഞാൻ സ്വയംപര്യാപ്തയായി, സ്വന്തം കാലിൽ നിന്ന് ജോലി ചെയ്ത് ജീവിക്കുന്നുണ്ടെങ്കിൽ അതിന്റെ മുക്കാൽ ഭാഗം ക്രെഡിറ്റും രാജാന്റിക്കാണ്.

ജീവിതത്തിലെ ഏറ്റവും വിഷമഘട്ടത്തിലൂടെ കടന്നുപോയ സമയത്ത് മാതൃഭൂമിയിൽ വന്ന ഒരു പരസ്യം ആന്റി എനിക്ക് കാണിച്ചുതന്നു. ആ കോളേജിലേക്ക് അപേക്ഷിക്കാൻ പ്രോത്സാഹിപ്പിച്ചു. അതിലൂടെയാണ് ഞാൻ ഭരതനാട്യത്തിൽ B.A. എടുത്തത്. പിന്നീട് RLV-യിൽ നിന്ന് M.A.യും പൂർത്തിയാക്കി. എന്റെ സിനിമാജീവിതത്തിലേക്കുള്ള യാത്രയ്ക്കും നിമിത്തമായത് രാജാന്റി തന്നെയാണ്.

ADVERTISEMENT

പക്ഷേ, നാട്ടിലെ ഡോക്ടറെ അമിതമായി വിശ്വസിച്ചതാണ് നമുക്ക് പറ്റിയ വലിയ തെറ്റ്. ആന്റി വയറുവേദനയെക്കുറിച്ച് പറയുമ്പോഴെല്ലാം അത് ഗ്യാസ് ട്രബിൾ ആണെന്ന് പറഞ്ഞ് മരുന്ന് കൊടുത്ത് തിരിച്ചയക്കുമായിരുന്നു. ഏറെ വൈകിയാണ് അത് നാലാം ഘട്ട കാൻസറാണെന്ന് തിരിച്ചറിഞ്ഞത്. തുടക്കത്തിൽ തന്നെ ഒരു സ്കാനിംഗ് നിർദേശിച്ചിരുന്നെങ്കിൽ, ഒരുപക്ഷേ രാജാന്റി ഇന്നും നമ്മളോടൊപ്പം ഉണ്ടായേനേ. ഒരു രോഗിയോട് ഒരു ഡോക്ടറും ഇങ്ങനെ ചെയ്യാൻ പാടില്ല.

ഇന്ന് എല്ലാം അവസാനിച്ച് ആന്റിയെ അവസാനമായി ഒരുക്കിക്കൊടുക്കുമ്പോൾ മനസ്സ് തകർന്നുപോയി. വാക്കുകൾക്കതീതമായ ഒരു ശൂന്യത...

തീരാത്ത കടപ്പാടും അളവറ്റ സ്നേഹവും മാത്രം ബാക്കി.

പ്രണാമം’ എന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്...

Actress Anju Aravind's Emotional Tribute to Her 'Raja Aunt':

Actress Anju Aravind shares the heartbreaking news of the passing of her beloved aunt, referred to as 'Raja Aunt', who was like a mother figure and a significant role model in her life. The actress also expresses her deep regret and sorrow over the delayed diagnosis of her aunt's fourth-stage cancer, attributing it to over-reliance on a local doctor, and urges others to seek expert medical opinions promptly.

ADVERTISEMENT