ഒരുകാലത്ത് മലയാളികളുടെ പ്രിയനായികയായിരുന്നു നടി മാധവി. ആകാശദൂത്, ഒരു വടക്കൻ വീരഗാഥ തുടങ്ങിയ ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക പ്രീതി സ്വന്തമാക്കിയ താരം വിവാഹത്തോടെയാണ് സിനിമവിട്ടത്. അടുത്തകാലത്ത് സോഷ്യൽ മീഡിയയിലൂടെ മാധവിയുടെ ചില പുതിയ ചിത്രങ്ങൾ ആരാധകർക്കിടയിൽ വൈറലായിരുന്നു.
മാധവിയ്ക്കും ബിസിനസ്സുകാരനായ റാൽഫ് ശർമ്മയ്ക്കും മൂന്നു മക്കളാണ്. ഈവ്ലിൻ,ടിഫാനി,പ്രിസില. മാധവി കുടുംബസമേതം അമേരിക്കയിലാണ് താമസം. കനക വിജയലക്ഷ്മി എന്നാണ് മാധവിയുടെ യഥാർത്ഥ പേര്. ആന്ധ്രപ്രദേശ് സ്വദേശിനിയായ മാധവി ദക്ഷിണേന്ത്യൻ ഭാഷകളിലെല്ലാം അഭിനയിച്ചു.
സിനിമയിൽ സജീവമല്ലെങ്കിലും ഇടയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെ മക്കളുടെ ചിത്രങ്ങളും വിശേഷങ്ങളും നേട്ടങ്ങളുമൊക്കെ മാധവി ആരാധകരുമായി പങ്കിടാറുണ്ട്.
മാധവിയുടെ കുടുംബത്തിൽ ഇപ്പോൾ സന്തോഷത്തിന്റെ നിമിഷങ്ങളാണ്. മാധവിയുടെ മകൾ ടിഫാനി ഗൗരിക യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ഇർവിനിൽ നിന്നും മികച്ച മാർക്കോടെ എംബിഎ. ബിരുദം കരസ്ഥമാക്കിയിരിക്കുകയാണ്.
ഭർത്താവ് റാൽഫ് ശർമ്മയ്ക്കും മറ്റ് മക്കളായ പ്രിസില്ല, എവ്‌ലിൻ എന്നിവർക്കുമൊപ്പം മകളുടെ ബിരുദദാന ചടങ്ങിൽ പങ്കെടുത്തതിന്റെ സന്തോഷത്തിലാണ് താരം.
‘യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ഇർവിനിൽ നിന്നും ഉന്നത വിജയത്തിന്റെ തിളക്കത്തോടെ എംബിഎ. പൂർത്തിയാക്കിയ ഞങ്ങളുടെ പ്രിയപ്പെട്ട ടിഫാനി ഗൗരികയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! നിന്റെ ശോഭനവും സുന്ദരവുമായ ഭാവിയിൽ വിഘ്നേശ്വരന്റെയും നമ്മുടെ പരമപൂജ്യ ഗുരു സ്വാമി രാമന്റെയും അനുഗ്രഹങ്ങളും കാവലും എപ്പോഴുമുണ്ടാകും എന്ന് ഓർക്കുക.
വിജയങ്ങളിലേക്കുള്ള നിന്റെ ഓരോ ചുവടിലും കൂടെ നിൽക്കാൻ ഡാഡിയും, പ്രിസില്ലയും, എവ്‌ലിനും, ഞാനും എപ്പോഴുമുണ്ടാകും. നിന്റെ ഈ വലിയ നേട്ടത്തിലും വിജയത്തിലും ഞങ്ങൾ പ്രാർഥനയോടെ അഭിമാനത്തോടെ സന്തോഷിക്കുന്നു’–മാധവി കുറിച്ചു...