ഭർത്താവ് ലല്ലുഷ് ഫിലിപ്പ് ഒരു അപകടത്തെ തുടർന്ന് ചികിത്സയിലാണെന്നും ആശുപത്രിയിൽ കഴിയുന്ന ഭർത്താവിൽ നിന്നും സ്വത്തിന്റെ പവർ ഓഫ് അറ്റോണി വാങ്ങാൻ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ശ്രമിച്ചുവെന്നും നടി സുമ ജയറാം.
കിടക്കയിൽ നിന്നു വീണാണ് ലല്ലുഷിനു പരുക്കേറ്റതെന്നും ശരീരത്തിന്റെ കണ്ടീഷൻ അൽപം മോശമായതുകൊണ്ട് ഉടനടി ഓപ്പറേഷൻ സാധ്യമായിരുന്നില്ല. ഇടത് ഷോൾഡറിനാണ് ഫ്രാക്ചറെന്നും സുമ പറയുന്നു. പത്ത് ദിവസത്തിനുള്ളിൽ ഓപ്പറേഷനുണ്ടാകും. അതിന് വേണ്ടി മറ്റൊരു വലിയ ആശുപത്രിയിലേക്ക് മാറ്റുമെന്നും സുമ.
‘‘ഹോട്ടൽ വിൽപ്പനയ്ക്ക് വേണ്ടി ലല്ലുഷിന്റെ പവർ ഓഫ് അറ്റോണി വാങ്ങാൻ വേണ്ടി ലല്ലുഷ് അഡ്മിറ്റായിരിക്കുന്ന ആശുപത്രിയിൽ അദ്ദേഹത്തിന്റെ അമ്മയും സഹോദരനുമെല്ലാം വന്നിരുന്നു. അതിന്റെ പേരിൽ ആശുപത്രി അധികൃതരും അവരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. ലല്ലുഷിന്റെ ഭാര്യ ഇല്ലാത്തപ്പോൾ ഇത്തരം കാര്യങ്ങൾ ചെയ്യാൻ അനുവദിക്കില്ലെന്ന് അവർ അറിയിച്ചു.
ലല്ലുഷിന് ഒരുപാട് കടങ്ങളുണ്ട്. ഷെയർ വീതിച്ച് തന്നിട്ടുമില്ല. ലല്ലുഷിന്റെ അച്ഛൻ സമ്പാദിച്ചതൊന്നും ഞങ്ങൾക്ക് തന്നിട്ടില്ല. അതിനാൽ തന്നെ അമ്മയും സഹോദരനും വന്ന് ചോദിക്കുമ്പോൾ ഹോട്ടൽ ഷെയറിന്റെ പവർ ഓഫ് അറ്റോണി കൊടുക്കുക എന്നത് നല്ലതല്ല. മാത്രമല്ല ലല്ലുഷ് ആശുപത്രിയിലുമാണ്. അഡ്വക്കേറ്റിനോട് ചോദിച്ചപ്പോൾ ഇപ്പോൾ ഒന്നും ചെയ്യേണ്ട ലല്ലുഷ് ഓപ്പറേഷൻ കഴിഞ്ഞ് വരട്ടേയെന്നാണ് പറഞ്ഞത്. അല്ലെങ്കിൽ ഭാര്യയായ എന്റെ പേരിൽ ചെയ്യാനാണ് അഡ്വക്കേറ്റ് പറഞ്ഞത്. രണ്ട് വർഷമായി ഇതുമായി ബന്ധപ്പെട്ട് നടക്കുകയാണ് ലല്ലുഷിന്റെ ഫാമിലി. പക്ഷെ ഒന്നും ശരിയായില്ല. എന്നാൽ ലല്ലുഷ് വീണ് കഴിഞ്ഞ് രണ്ട് ദിവസത്തിനകം വാങ്ങാൻ ആളെ കിട്ടി. അതെങ്ങനെ എന്ന ചോദ്യമാണ് മനസിൽ വന്നത്. ആര് വാങ്ങാൻ വന്നാലും എനിക്ക് കണ്ട് സംസാരിക്കണമെന്ന് ഞാൻ പറഞ്ഞു. ഞങ്ങൾക്ക് കുഞ്ഞുങ്ങള്‍ ഉള്ളതല്ലേ. വിറ്റു കിട്ടുന്ന പണം കൊണ്ട് കടങ്ങൾ തീർക്കാൻ കഴിഞ്ഞില്ലെങ്കിൽ ബുദ്ധിമുട്ടാണ്. ഇതു ഞാൻ പറഞ്ഞപ്പോൾ അവിടെ വഴക്കായി’’.– എന്നും സുമ ജയറാം പറയുന്നു...