നടി നസ്രിയ നസീമിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. ‘റെഡ് ഫ്ലാഗു’കൾക്ക് പിന്നാലെ പായുന്ന കാളയുടെ അവസ്ഥയെപ്പറ്റിയാണ് നസ്രിയയുടെ പോസ്റ്റ്. ‘ചുവപ്പു കണ്ടാൽ പിന്നാലെ പായുന്ന കാളകൾക്ക് ഭ്രാന്താണെന്നാണ് ഞാൻ വിചാരിച്ചിരുന്നത്, എന്നാൽ ഇപ്പോൾ ഞാനും ഇതാ ഇവിടെയാണ്...’ എന്നാണ് താരം കുറിച്ചത്. ബന്ധങ്ങളിലെ തകർച്ചയെയോ മോശം പ്രവണതകളെയോ സൂചിപ്പിക്കാൻ ഇന്റർനെറ്റ് ലോകം വ്യാപകമായി ഉപയോഗിക്കുന്ന പ്രയോഗമാണ് ‘റെഡ് ഫ്ലാഗ്’.സ്‌പെയിനിലെ പ്രസിദ്ധമായ കാളപ്പോരിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടതാണ് താരം പങ്കുവച്ചിരിക്കുന്ന ഉദ്ധരണി.
നസ്രിയയുടെ കുറിപ്പ് വന്നതിനു പിന്നാലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പലവിധം ഊഹാപോഹങ്ങളാണ് പ്രചരിക്കുന്നത്. നസ്രിയയുടെ വ്യക്തിജീവിതത്തിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്ന ചോദ്യവുമായി ചിലർ രംഗത്തെത്തിയെങ്കിലും, താരം പങ്കുവെച്ച വരികളുടെ അർത്ഥം മറ്റൊന്നാണെന്നാണ് ആരാധകരുടെ സൂചനകൾ.
താരദമ്പതികളായ ഫഹദ് ഫാസിലും നസ്രിയയും തമ്മിൽ എന്തെങ്കിലും അസ്വാരസ്യങ്ങളുണ്ടോ എന്ന തരത്തിലുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ ചിലർ ഉയർത്തുന്നുണ്ട്. എന്നാൽ ഇത്തരം വ്യാജ പ്രചാരണങ്ങളെ പൂർണമായും തള്ളിക്കളയുകയാണ് ആരാധകർ. ടൊവിനോ തോമസിനൊപ്പം നസ്രിയ പ്രധാന വേഷത്തിലെത്തുന്ന ‘എൽ ക്ലാസിക്കോ’എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് ഈ പോസ്റ്റെന്നാണ് ഭൂരിഭാഗം പേരും വിശ്വസിക്കുന്നത്. സ്പെയിനിന്റെ പശ്ചാത്തലത്തിൽ, ബുൾ ഫൈറ്റിനും ഫുട്ബോളിനും പ്രാധാന്യമുള്ളതാണ് ‘എൽ ക്ലാസിക്കോ’യുടെ കഥ എന്നു റിപ്പോർട്ടുകളുണ്ട്.