തിയറ്ററുകളിൽ മികച്ച വിജയം നേടി പ്രദർശനം തുടരുന്ന ബാലൻ സിനിമയെക്കുറിച്ച് അവതാരകയും നടിയുമായ പേളി മാണി സോഷ്യൽ മീഡിയയിൽ കുറിച്ചത് ശ്രദ്ധേയമാകുന്നു. ‘ബാലൻ’ സിനിമയെയും അതിലെ കഥാപാത്രത്തെയും ഒരു അമ്മയുടെ കാഴ്ചപ്പാടിലൂടെ നോക്കിക്കണ്ടപ്പോൾ തനിക്കുണ്ടായ തിരിച്ചറിവുകളും വികാരങ്ങളുമാണ് പേളി കുറിച്ചിരിക്കുന്നത്. തന്റെ പെൺമക്കളായ നിലയുടെയും നിതാരയുടെയും കളിയും ചിരിയും നിറഞ്ഞ മനോഹരമായ ഒരു വിഡിയോയും ഒപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘POV: they are just like their mother’ എന്നും വിഡിയോയ്ക്കൊപ്പം പേളി പ്രത്യേകം കുറിച്ചിട്ടുണ്ട്.
‘അവർ അങ്ങനെ തന്നെ ഇരിക്കട്ടെ...കാരണം ഈ ലോകം എങ്ങനെയായാലും അവരെ മെരുക്കിയെടുക്കും, ബാക്കി എല്ലാവരെയും മെരുക്കിയതുപോലെ. പക്ഷേ അവർ അവരുടെ അമ്മയെപ്പോലെയാണ്.. അതുകൊണ്ട് നോക്കാം, ആരാണ് ജയിക്കുന്നതെന്ന്’.– പേളി കുറിച്ചു.
ഒരു കുട്ടിക്ക് ഏറ്റവും കൂടുതൽ സുരക്ഷിതത്വവും സമാധാനവും നൽകാൻ കഴിയുന്നത് അമ്മയുടെ സാന്നിധ്യത്തിനാണെന്ന് ‘ബാലൻ’ തന്നെ വീണ്ടും ഓർമ്മിപ്പിച്ചുവെന്നും പേളി. നരകത്തിലാണെങ്കിൽ പോലും, അമ്മ കൂടെയുണ്ടെങ്കിൽ ആ കുട്ടിക്ക് സമാധാനം കണ്ടെത്താനാകും എന്നും ഈ ചിത്രം തന്നിൽ വലിയ ചിന്തകളാണ് ഉണ്ടാക്കിയതെന്നും കുറിപ്പ് പങ്കുവച്ചതിന് ശേഷവും താൻ ആ ചിന്തകളിൽ തന്നെയാണെന്നും താരം കൂട്ടിച്ചേർത്തു.
പോസ്റ്റിന് താഴെ ‘ബാലൻ’ സംവിധായകൻ ചിദംബരവും സ്നേഹം അറിയിച്ചെത്തി.