ADVERTISEMENT

അമ്മ സംഘടനയിലുണ്ടായ തർക്കങ്ങളെത്തുടർന്ന് നടി ലക്ഷ്മിപ്രിയ നടി അൻസിബ ഹസനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ വലിയ ചർച്ചയായിരുന്നു. പിന്നാലെ ഇതുമായി ബന്ധപ്പെട്ട് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പങ്കുവച്ച വിഡിയോയും എത്തി.

ഇപ്പോഴിതാ, ഭാഗ്യലക്ഷ്മിയ്ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ലക്ഷ്മിപ്രിയയുടെ ഭർത്താവ് ജയ് ദേവ്.
തങ്ങളുടെ കുടുംബവുമായി പതിറ്റാണ്ടുകളുടെ ആത്മബന്ധമുള്ള ഭാഗ്യലക്ഷ്മിക്ക്. എന്തെങ്കിലും ചോദിച്ചറിയണമെന്നുണ്ടായിരുന്നെങ്കിൽ വ്യക്തിപരമായി ഫോണിൽ വിളിക്കാമായിരുന്നു. അതിനുപകരം പൊതുസമൂഹത്തിന് മുന്നിൽ വിഡിയോയുമായി വന്നത് മറുകക്ഷിയെ സഹായിക്കാൻ വേണ്ടിയാണെന്ന ധ്വനിയാണ് നൽകുന്നതെന്ന് ജയ് ദേവ്.

ADVERTISEMENT

ഭാര്യയുടെ ചെലവിലാണ് ജീവിക്കുന്നത് എന്ന തരത്തിൽ വരുന്ന പരിഹാസങ്ങൾക്കും ജയദേവ് മറുപടി നൽകി. ലക്ഷ്മിപ്രിയ ഇന്നറിയപ്പെടുന്ന നടിയാകുന്നതിന് മുൻപ്, സ്വന്തം കരിയർ പോലും മാറ്റിവച്ച് കൂടെ നിന്ന ആളാണ് താനെന്നും, ദമ്പതികൾ പരസ്പരം തണലാകുന്നതിൽ യാതൊരു നാണക്കേടുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മികച്ച രീതിയിൽ മ്യൂസിക് ക്ലാസുകൾ എടുക്കുകയും, മാധ്യമ സ്ഥാപനങ്ങളിൽ ജോലി ചെയ്യുകയും ചെയ്തിട്ടുള്ള താൻ നിലവിലും ജോലിക്ക് പോകുന്നുണ്ടെന്നും, കുടുംബത്തിലെ രണ്ട് സ്ത്രീകൾക്ക് തണലായി തന്നെയാണ് ജീവിക്കുന്നതെന്നും ജയ് ദേവ് കൂട്ടിച്ചേർത്തു.

മുൻപ് ലക്ഷ്മിക്കെതിരെ നിരന്തരം നെഗറ്റീവ് വിഡിയോകളും കടുത്ത വ്യക്തിഹത്യകളും ഉണ്ടായപ്പോൾ ഭാഗ്യലക്ഷ്മി ഒരക്ഷരം പോലും മിണ്ടിയിരുന്നില്ലെന്നും ഇപ്പോൾ ചേച്ചി വന്ന് ലക്ഷ്മിയോട് അടങ്ങിയൊതുങ്ങി ജീവിച്ചുകൂടെ എന്ന് ചോദിക്കുന്നുവെന്നും ജയ് ദേവ്.

ADVERTISEMENT

‘‘തനിക്ക് നേരെ ഒരു പ്രശ്നം വന്നപ്പോൾ ഒരു യൂട്യൂബറുടെ വീട്ടിൽ കയറി മുഖത്ത് കരിയോയിൽ ഒഴിച്ചും അടിച്ചുമാണ് ചേച്ചി അന്ന് പ്രതികരിച്ചത്. അന്ന് ഞാൻ ചേച്ചിയോട് ചോദിച്ചിരുന്നു, ‘പൊലീസിൽ പരാതിപ്പെടാമായിരുന്നില്ലേ, എന്തിനാണ് ഇങ്ങനെ ചെയ്തത്’ എന്ന്. അന്ന് ചേച്ചി പാലിക്കാത്ത ആത്മസംയമനവും മര്യാദയുമാണ് ഇപ്പോൾ ലക്ഷ്മിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. സ്വന്തം വീട്ടിൽ ഒരു പ്രശ്നം ഉണ്ടാകുമ്പോൾ ആർക്കാണെങ്കിലും നിയന്ത്രണം നഷ്ടപ്പെടും, കാരണം നമ്മളാരും സന്യാസം പരിശീലിക്കുന്നവരല്ല, സാധാരണ മനുഷ്യരാണ്. സത്യസന്ധമായ തെളിവുകൾ ഉണ്ടെങ്കിൽ മാത്രമേ ഇത്തരം കാര്യങ്ങൾ സംസാരിക്കാവൂ. എന്നാൽ ലക്ഷ്മി ബാറിൽ പോയി മദ്യപിച്ചു എന്ന് പറയുന്നവർ അതിനൊരു തെളിവ് പോലും പുറത്തുവിടാതെ വെറും പോസ്റ്ററുകൾ മാത്രമാണ് കാണിക്കുന്നത്.

ഞങ്ങൾക്ക് വലിയ ബിനാമി, മാഫിയ ബന്ധങ്ങൾ ഉണ്ടെന്നാണ് ചിലർ ആരോപിക്കുന്നത്. ഇത്രയും വലിയ മാഫിയ ബന്ധങ്ങൾ ഉണ്ടെങ്കിൽ ഞാൻ എന്തിനാണ് ഇപ്പോഴും ചെറിയ ശമ്പളത്തിന് ജോലിക്ക് പോകുന്നത് ? എനിക്ക് വീട്ടിൽ സുഖമായി ഇരുന്നാൽ പോരേ ? രാവിലെ എഴുന്നേറ്റ് വൈകുന്നേരം വരെ ഞാൻ അധ്വാനിക്കുന്നത് കാറിലല്ല, മൈലേജ് കുറവായതുകൊണ്ട് വെയിലും മഴയും കൊണ്ട് ബൈക്കിലാണ് ഞാൻ ജോലിക്ക് പോകുന്നത്. സത്യസന്ധമല്ലാത്ത കാര്യങ്ങൾ ആർക്ക് വേണമെങ്കിലും ആരോപിക്കാം, അതിൽ എനിക്ക് ദുഃഖമില്ല. ഒരാളെക്കുറിച്ച് പറഞ്ഞ് ആളുകൾക്ക് ബോറടിക്കുമ്പോൾ അവർ അടുത്ത ആളെ തപ്പും. മറ്റുള്ളവരെ പരിഹസിച്ച് പണം ഉണ്ടാക്കാൻ ഞാൻ ഇതുവരെ നോക്കിയിട്ടില്ല. എന്റെ ചാനലിലെ വിഡിയോകൾ നോക്കിയാൽ അതറിയാം’’.– അദ്ദേഹം വ്യക്തമാക്കുന്നു.

ADVERTISEMENT

‘ഭാഗ്യലക്ഷ്മി ചേച്ചി സോഷ്യൽ മീഡിയയിൽ ഒരു വിഡിയോ പങ്കുവെച്ചപ്പോൾ, അത് വസ്തുതകൾ പൂർണമായി മനസ്സിലാക്കാതെ ഒരു ഭാഗത്തേക്ക് മാത്രം ചാഞ്ഞുള്ള പ്രതികരണമായിപ്പോയി. ചേച്ചിക്ക് അറിയാത്ത പല കാര്യങ്ങളും ഇതിന് പിന്നിലുണ്ട്. വ്യക്തിപരമായ പ്രശ്നങ്ങളിൽ ഇടപെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. എന്നാൽ, ഒരാളെ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്നാൽ ഒടുവിൽ അവരുടെ ആത്മസംയമനം നഷ്ടപ്പെടും. മനസ്സിൽ സൂക്ഷിച്ചുവെച്ചിരിക്കുന്ന പലതും ഹൃദയം പൊട്ടി പുറത്തുപറഞ്ഞുപോയെന്ന് വരാം. പണം മുടക്കി ആളുകളെക്കൊണ്ട് സോഷ്യൽ മീഡിയയിലൂടെ നിരന്തരം അധിക്ഷേപിക്കുമ്പോൾ ആർക്കാണെങ്കിലും നിയന്ത്രണം നഷ്ടപ്പെടും. ഇത്തരം വിവാദങ്ങളിൽ പൊലീസ് കേസുകളോ കോടതി നടപടികളോ ഉണ്ടെങ്കിൽ, അതിന്റെ സത്യാവസ്ഥ പുറത്തുവരുന്നതുവരെ കാത്തിരിക്കാനുള്ള മര്യാദയും ക്ഷമയും പൊതുസമൂഹം കാണിക്കണം.

പ്രത്യേകിച്ച് ഭാഗ്യലക്ഷ്മി ചേച്ചിയോട് ഞാൻ ക്ഷമ ചോദിക്കുന്നു, ചേച്ചിയെ പബ്ലിക് ആയി കുറ്റപ്പെടുത്താൻ വേണ്ടിയല്ല ഞാൻ ഇത് പറയുന്നത്. ഞാൻ ഈ കാര്യങ്ങൾ എഡിറ്റിംഗ് ഇല്ലാത്ത ലൈവ് വിഡിയോയിലൂടെയാണ് സംസാരിക്കുന്നത്. ഇത്രയും വർഷമായി രാവിലെ എഴുന്നേൽക്കുമ്പോൾ എന്റെ ഭാര്യയുടെ കൈകൊണ്ടുള്ള ഒരു ഗ്ലാസ് ചായ കുടിക്കുന്ന ഒരാളാണ് ഞാൻ. അതുകൊണ്ട് അവൾക്കെതിരെ അനാവശ്യമായ ആരോപണങ്ങൾ വരുമ്പോൾ എനിക്ക് വിഷമം വരും. എല്ലാവരും സമാധാനത്തോടെയും സന്തോഷത്തോടെയും ഇരിക്കാൻ ശ്രമിക്കുക’.– സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിൽ ജയ്ദേവ് പറയുന്നു.

Lakshmi Priya's Husband Responds to Controversy:

Actress Lakshmi Priya's husband, Jayadev, has responded to allegations and a video shared by dubbing artist Bhagyalakshmi regarding a dispute within an actresses' organization. Jayadev addressed personal attacks, clarified his financial independence, and highlighted past instances where Bhagyalakshmi remained silent on issues concerning his wife, while now expecting restraint.

ADVERTISEMENT