നടിയും അവതാരകയുമായ പേളി മാണിക്കെതിരെ സിബി മലയിലിന്റെ മകൻ ജോ രംഗത്ത്. ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ടുള്ള തന്റെ നിലപാടിനെ വിമർശിച്ച ജോയ്ക്കെതിരെയുള്ള പേളിയുടെ പ്രതികരണമാണ് ചർച്ചകൾക്ക് വഴിവച്ചത്.
വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചതിനൊപ്പം അക്രമ സംഭവങ്ങളിൽ നിന്ന് വിദ്യാർഥികൾ പിന്മാറണമെന്നും ജീവനാണ് പ്രധാനം എന്നും വ്യക്തമാക്കി പേളി പങ്കുവച്ച ദീർഘമായ കുറിപ്പാണ് ജോ അടക്കമുള്ള ഒരു വിഭാഗം ആളുകളെ പ്രകോപിപ്പിച്ചത്. ‘ഷെയിം ഓൺ യു’ എന്നായിരുന്നു പേളിയുടെ ഈ പോസ്റ്റിൽ ജോ കമന്റിട്ടത്. പേളിയുടെ നിലപാടിനെ വമിർശിച്ച് പിന്നീട് ജോ പോസ്റ്റ് ചെയ്ത കുറിപ്പിന് മറുപടിയെന്നോളം പേളി തന്റെ ഇൻസ്റ്റ്ഗ്രാമിൽ പങ്കുവച്ച സ്റ്റോറിയാണ് വലിയ ചർച്ചകൾക്കു വഴിവച്ചത്. സിബി മലയിലാണ് ഇത് എഴുതിയതെന്ന ധാരണയിലായിരുന്നു പേളിയുടെ മറുപടി. ‘പരാജയപ്പെട്ട സിനിമാക്കാരൻ’ എന്ന വിശേഷണത്തോടെയാണ് ജോയുടെ വിമർശനത്തിനെതിരെ പേളി രംഗത്തു വന്നത്.
‘എന്റെ പോസ്റ്റിനൊപ്പം ഒരു മുന്നറിയിപ്പ് നൽകേണ്ടിയിരുന്നു എന്ന് തോന്നുന്നു! അത് പലരെയും അസ്വസ്ഥരാക്കി. അത് എത്രയധികം പേരെയാണ് പ്രകോപിപ്പിച്ചത്! എനിക്ക് സമാധാനവും സുരക്ഷിതത്വവും അഹിംസയുമാണ് വേണ്ടത്! ഇവരൊക്കെ ആരാണെന്നോർത്ത് എനിക്ക് ആകാംക്ഷ തോന്നുന്നു. ഒരു പരാജയപ്പെട്ട സിനിമാക്കാരൻ എന്റെ നാല് പേജ് പോസ്റ്റിനെക്കുറിച്ച് ഇപ്പോൾ ഒരു പത്ത് പേജ് തിരക്കഥയെഴുതുന്നു. അതിനെ പരമാവധി അനാരോഗ്യകരമാക്കാൻ മുളകുപൊടിയും അജിനോമോട്ടോയും ചേർക്കുന്നു !
എന്റെ രണ്ട് കുട്ടികൾ ഇപ്പോൾ സുരക്ഷിതരാണോ എന്ന് ചിലർ പരിഹാസരൂപേണ ചോദിക്കുന്നുണ്ട്. അവർ പെൺകുട്ടികളാണെന്ന് എന്നെ ഓർമിപ്പിച്ചുകൊണ്ട്... അതെ, അവർ പെൺകുട്ടികളാണെന്ന് എനിക്കറിയാം. അതുകൊണ്ടെന്താ ? ഓ ! എന്റെ പ്രസ്താവന മാറ്റാൻ എന്നെ ഭീഷണിപ്പെടുത്തുകയാണോ? അതിനായി ആദ്യം അവരുടെ ഈ അമ്മപോരാളിയെ തൊടണം. നിങ്ങൾ കളിക്കുന്നത് തെറ്റായ ആളോടാണ്. എനിക്ക് അഭിപ്രായ സ്വാതന്ത്ര്യം നൽകേണ്ട കാര്യം നിങ്ങൾക്കില്ല. അത് എനിക്കിപ്പോൾ തന്നെയുണ്ട്, ഞാൻ അത് ഉപയോഗിക്കുകയും ചെയ്യും! നിങ്ങളുടെ പതിവ് പാവയല്ല ഞാൻ. ഞാൻ പേളി മാണിയാണ്. അതെ! എന്റെ പ്രിയപ്പെട്ട നിറം കാവിയാണ്’ എന്നു പേളി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
ആ ‘പരാജയപ്പെട്ട സിനിമക്കാരൻ’ നട്ടെല്ലില്ലാത്ത ഒരു മകനെയായിരുന്നില്ല വളർത്തിയതെന്നും ഒരു ഭീരുവിനെയാണ് നിങ്ങളുടെ അച്ഛൻ വളർത്തി വലുതാക്കിയതെന്നുമാണ് ജോയുടെ മറുപടി.
‘ഹേയ്, അമ്മ പോരാളി, ആ ‘പരാജയപ്പെട്ട സിനിമക്കാരൻ’ എന്റെ അച്ഛനാണ്. ആരോടാണ് കളിക്കുന്നതെന്ന് നന്നായി അറിഞ്ഞിരിക്കുന്നത് നല്ലതാണ്. എന്റെ 7 സ്ലൈഡുകൾ വായിക്കാൻ നിങ്ങൾക്ക് ഇത്ര മടിയുണ്ടായിരുന്നോ? 57 ലക്ഷം ഫോളോവേഴ്സ് നിങ്ങളുടെ അപൂർണ്ണമായ ആശയങ്ങൾ വായിക്കണമെന്ന് പ്രതീക്ഷിക്കുന്ന നിങ്ങൾക്ക്, ഏഴ് സ്ലൈഡുകൾ വായിക്കുന്നത് ഇത്ര വലിയ ഭാരമായി തോന്നുന്നുവോ? നിങ്ങൾ ഈ വിഷയം വ്യക്തിപരമാക്കിയ സ്ഥിതിക്ക് കളി തുടങ്ങാം. ഒരു ഭീരുവിനെ വളർത്തിയ നിങ്ങളുടെ പിതാവിൽ നിന്ന് വ്യത്യസ്തമായി, ‘ആ പരാജയപ്പെട്ട ചലച്ചിത്രകാരൻ’ നട്ടെല്ലില്ലാത്ത ഒരു മകനെയല്ല വളർത്തിയത്. അദ്ദേഹത്തിന്റെ പേര് സിബി മലയിൽ എന്നാണ്. മുന്നോട്ടു വരൂ. നിങ്ങളുടെ കഴിവിന്റെ പരമാവധി കാണിക്ക്.
തെറ്റിദ്ധരിക്കപ്പെട്ട ഒരു കാര്യം ചൂണ്ടിക്കാണിക്കുന്നത് ഒരു മഹാഅപരാധമാണ് പോലും. ഒന്ന് ശ്രദ്ധിക്കൂ, ഭയമില്ലാത്തവരെ ആർക്കും അപമാനിക്കാൻ സാധിക്കില്ല. അതൊക്കെ പിന്നീട് പഠിക്കേണ്ട പാഠങ്ങളാണ്. ഞാനൊരു തെറ്റാണ് ചൂണ്ടിക്കാണിച്ചത്. ഇതൊന്നും എന്റെ ജീവിതത്തിന്റെ ഭാഗമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാനൊരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അല്ല. അവരെ ഫോളോ ചെയ്യാനോ അൺഫോളോ ചെയ്യാനോ ആഗ്രഹിക്കുന്നവർ സ്വന്തം ഇഷ്ടപ്രകാരം ചെയ്യുക. അവർക്കെതിരെയുള്ള ഒരു വ്യക്തിപരമായ ആക്രമണങ്ങളെയും ഞാൻ പിന്തുണയ്ക്കില്ല. അതായിരുന്നില്ല എന്റെ ഉദ്ദേശ്യം. എന്നാൽ അസംബന്ധത്തെ അസംബന്ധമെന്ന് വിളിക്കുന്നത് ആളുകളെ പ്രകോപിപ്പിക്കുന്നുവെങ്കിൽ അങ്ങനെയാകട്ടെ. ഇനി കൂടുതലായി ഒന്നും പറയാനില്ല. എല്ലാവർക്കും ശുഭരാത്രി. നമ്മുടെ പിന്തുണ ആവശ്യമുള്ളവർക്കുവേണ്ടി, എന്തുവന്നാലും ഒരുമിച്ച് കരുത്തോടെ നിൽക്കുക. പരസ്പരം സ്നേഹിക്കുക. പ്രളയത്തിലും മഹാമാരിയിലും നമ്മൾ പരസ്പരം താങ്ങും തണലുമായി ഒന്നിച്ച് നിന്നു. നമുക്കും ഇത് നമ്മുടെ മക്കൾക്കുവേണ്ടി തുടരാം. ജയ് ഹിന്ദ്. പി.എസ്: വ്യക്തിപരമായ ഏത് ആക്രമണങ്ങളെയും നിയമപരമായി നേരിടും’ എന്നാണ് ജോയുടെ പോസ്റ്റ്.