നടി മഞ്ജു പത്രോസിനെക്കുറിച്ച് റഫീല നിസാർ അഹമ്മദ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ചർച്ചയാകുന്നു. മഞ്ജുവിന്റെ ഭർത്താവ് സുനിച്ചൻ എന്ന സുനിൽ ബെർണാഡിന്റെ ഒരു യു ട്യൂബ് അഭിമുഖം ചർച്ചയായ പശ്ചാത്തലത്തിലാണ് റഫീലയുടെ കുറിപ്പ്.
തൊട്ടതെല്ലാം തിരിച്ചടികളായപ്പോഴും തളരാതെ സ്വന്തം അധ്വാനം കൊണ്ടും സൗഹൃദത്തണലിലും അന്തസോടെ തലയുയർത്തി നിൽക്കുന്ന മഞ്ജു പത്രോസ് പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഓരോ സ്ത്രീക്കും വലിയൊരു പ്രചോദനമാണെന്ന് റഫീല നിസാർ അഹമ്മദ് കുറിച്ചു.
റഫീല നിസാർ അഹമ്മദിന്റെ കുറിപ്പ്–
ഭർത്താവിന് കടം കൊടുത്തവർ അത് കിട്ടാനായി വാടക വീട്ടിലെ കോളിങ് ബെല്ലടിക്കുമ്പോൾ ഞെട്ടിവിറക്കാറുണ്ടായിരുന്ന മഞ്ജു... ബെല്ലിന്റെ ശബ്ദം പോലും പിന്നീടവർക്ക് ട്രോമയായി മാറിയ ദിനങ്ങൾ...കുറേ കടങ്ങൾ മാത്രമുള്ള വാടകവീട്ടിൽ സ്വസ്ഥത ഇല്ലാതേ ഓരോരോ ദിനങ്ങളും തള്ളിനീക്കുമ്പോൾ എന്നെങ്കിലും ഇതൊന്നുമില്ലാതെ സമാധാനമായി ഉറങ്ങാനൊരു വീട് അവർ വല്ലാതെ സ്വപ്നം കണ്ടിരുന്നൂ...മദ്യപാനവും, പിന്നെ കൂട്ടുകാരും,കുറേ കടങ്ങളും വരുത്തി വെച്ച് ഉത്തരവാദിത്വം ഇല്ലാതെ ജീവിക്കുന്ന കൊറേ ഭർത്താക്കന്മാരീ ഭൂമിയിൽ ഉണ്ട്...
വരുമാനം ഇല്ലാത്ത ഭാര്യയായിരിക്കും മറ്റുള്ളവരുടെ ആട്ടും,തുപ്പും കൂടുതൽ കേൾക്കേണ്ടി വരിക...അങ്ങനെ അനുഭവിച്ച ഒരു സ്ത്രീയും മഞ്ജുവിനേ ഒരിക്കലും കുറ്റം പറയില്ല...അത്ര നരകമായിരിക്കും അവസ്ഥ...
ചില ആണുങ്ങളുടേ ചുഴിഞ്ഞ് നോട്ടങ്ങൾ, അശ്ലീലച്ചുവയുള്ള വർത്തമാനം ഒക്കെ കൊടുക്കാനുള്ള പണത്തിന്റെ പേരിൽ കേൾക്കേണ്ടി വരുന്ന ഒരു സ്ത്രീ പിന്നെ എന്ത് ചെയ്യണമായിരുന്നു....ഇങ്ങനെയൊരു കൂട്ടുകാരി ഉണ്ടായിരുന്നില്ലെങ്കിൽ ഒരുപക്ഷേ മഞ്ജു ഈ ഭൂമുഖത്ത് തന്നെ ഉണ്ടാകുമായിരുന്നില്ല...ജീവിതത്തിൽ അത്രക്ക് അനുഭവിച്ചിട്ടുണ്ട്...അവർ ആ അവസ്ഥയിൽ നിന്നും ഓവർക്കം ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ സകല ക്രെഡിറ്റും ഞാനീ കൂട്ടുകാരിക്ക് കൊടുക്കും...കൂടെ നിർത്താൻ യോഗ്യത ഉണ്ടോയെന്ന് അല്ലെങ്കിൽ വല്ല മെച്ചവുമുണ്ടോ എന്ന് നോക്കി മാത്രം കൂട്ടു കൂടുന്ന, നമ്മളൊന്ന് മാറിയാൽ കുറ്റം പറയുന്ന, പരദൂഷണം പറയുന്ന മനുഷ്യർക്കിടയിൽ ഇങ്ങനേയും ചില സൗഹൃദങ്ങൾ ഉണ്ടെന്നുള്ളത് വലിയൊരു സംഭവം തന്നെയാണ്...
അനുഭവങ്ങളുടെ കരുത്തിൽ മുന്നേറുന്ന, ഉയർച്ചതാഴ്ചകളെ ധീരതയോടെ നേരിട്ട, സ്വന്തം നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാത്ത ഒരു അപൂർവ്വ വ്യക്തിത്വം...മഞ്ജുവിന്റെ ഓരോ അഭിമുഖങ്ങൾ കാണുമ്പോഴും ആ വ്യക്തിത്വത്തിന്റെ ആഴം നമുക്ക് ബോധ്യപ്പെടും. താൻ കാരണം തന്റെ മകൻ എവിടെയും തലകുനിക്കരുത് എന്ന ഉറച്ച ബോധ്യമുള്ള, അന്തസ്സോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു അമ്മ കൂടിയാണവർ.. ‘അടിച്ചമർത്താൻ നോക്കിയവർക്ക് മുന്നിൽ സ്വന്തം വ്യക്തിത്വം കൊണ്ട് മറുപടി നൽകുക’. ഒരിക്കൽ ബിഗ് ബോസ് പോലുള്ള റിയാലിറ്റി ഷോകളിലെ എഡിറ്റ് ചെയ്യപ്പെട്ട ദൃശ്യങ്ങൾ മാത്രം കണ്ട് മലയാളി സമൂഹം അവരെ ക്രൂരമായി വിചാരണ ചെയ്യുകയും സൈബർ അധിക്ഷേപങ്ങൾക്ക് ഇരയാക്കുകയും ചെയ്തിട്ടുണ്ട്...എന്നാൽ ഇന്ന്, കാലം മാറുമ്പോൾ മഞ്ജുവിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും മാറുകയാണ്...
താനനുഭവിക്കാത്ത ജീവിതങ്ങളൊക്കേ പലർക്കും കെട്ടുകഥകൾ മാത്രമാണെന്നറിയാം...പക്ഷേ ഇത് പറയാതിരിക്കാനാവില്ല...സഹിക്കാൻ കഴിയാതേ ഒരു സ്ത്രീ ഇറങ്ങിപ്പോയി സ്വന്തം കാലിൽ നിന്നാൽ ആളുകൾ പറയും അത് അവനോടുള്ള ചതി ആണെന്ന്..അതല്ലെങ്കിൽ സഹികെട്ട് ആത്മഹത്യ ചെയ്താൽ പറയും...ഇറങ്ങിപ്പോയി ജീവിക്കാമായിരുന്നില്ലേയെന്ന്...
സ്വന്തം പരിധികൾ നിശ്ചയിക്കാനും മാന്യമായി പെരുമാറാനും കൃത്യമായി അറിയാവുന്ന സ്ത്രീ.
മറ്റാരോ എഡിറ്റ് ചെയ്ത് അവതരിപ്പിച്ച ബിംബമല്ല താനെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച വ്യക്തി...ജീവിതത്തെ നേരിട്ട് കണ്ട് നേടിയെടുത്ത ആത്മവിശ്വാസവും, സമാധാനവുമാണ് അവരുടെ ഏറ്റവും വലിയ കരുത്ത്...തൊട്ടതെല്ലാം തിരിച്ചടികളായപ്പോഴും തളരാതെ, സ്വന്തം അധ്വാനം കൊണ്ടും,
ഈ സൗഹൃദത്തണലിലും അന്തസ്സോടെ തലയുയർത്തി നിൽക്കുന്ന മഞ്ജു പത്രോസ്, പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഓരോ സ്ത്രീക്കും വലിയൊരു പ്രചോദനമാണ്...