ഭർത്താവിന് പിറന്നാൾ ആശംസകൾ നേർന്ന് കുറിപ്പും ചിത്രങ്ങളും പങ്കുവച്ച് നടി ജ്യോതി കൃഷ്ണ.
‘എന്റെ ഏറ്റവും പ്രിയപ്പെട്ട വ്യക്തിക്ക്, എന്റെ പ്രിയ കൂട്ടുകാരന്, എന്റെ എന്നത്തേയും മികച്ച സുഹൃത്തിന് ജന്മദിനാശംസകൾ!
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഞാൻ ഒരു റീൽ കണ്ടിരുന്നു. അതിലൊരു ലളിതമായ ചോദ്യമുണ്ടായിരുന്നു: ‘ആരാണ് നിങ്ങളുടെ ഏറ്റവും മികച്ച സുഹൃത്ത് എന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം ?’ സന്തോഷം വരുമ്പോൾ നിങ്ങൾ ആരെയാണ് വിളിക്കാറുള്ളത് ? സങ്കടം വരുമ്പോൾ നിങ്ങൾ ആരെയാണ് വിളിക്കാറുള്ളത് ? ദേഷ്യം വരുമ്പോഴും, ആശയക്കുഴപ്പത്തിലാകുമ്പോഴും, അല്ലെങ്കിൽ വെറുതെ ഒരാൾ പറയുന്നത് കേട്ടിരിക്കാൻ തോന്നുമ്പോഴും നിങ്ങൾ ആരെയാണ് വിളിക്കാറുള്ളത് ?
അപ്പോൾ പെട്ടെന്നാണ് എനിക്ക് ആ കാര്യം മനസ്സിലായത്… ഇതിനെല്ലാം ഞാൻ വിളിക്കുന്നത് നിങ്ങളെയാണെന്ന്!
എന്റെ ജീവിതത്തിൽ എന്ത് സംഭവിച്ചാലും, അത് ആദ്യം പറയാൻ എനിക്ക് തോന്നുന്നത് നിങ്ങളോടാണ്. നല്ല കാര്യങ്ങൾ, മോശം കാര്യങ്ങൾ, എന്റെ സന്തോഷം, സങ്കടം, എന്തിന് എന്റെ ദേഷ്യവും അനാവശ്യ ഡ്രാമകൾ പോലും! അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്— നിങ്ങള്‍ എന്റെ പങ്കാളി മാത്രമല്ല, എന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണെന്ന്.
നമ്മൾ ഒരു പെർഫെക്റ്റ് ഭർത്താവും ഭാര്യയുമാണെന്ന് ഞാൻ പറയില്ല, കാരണം സത്യത്തിൽ നമ്മൾ തമ്മിൽ വഴക്കിടാറുണ്ട്, അങ്ങോട്ടുമിങ്ങോട്ടും ചൊറിയാറുണ്ട്, അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്, ചിലപ്പോഴൊക്കെ പരസ്പരം ക്ഷമയുടെ അതിര് പരീക്ഷിക്കാറുമുണ്ട്! എന്നാൽ ഇതിലൂടെയെല്ലാം, നിങ്ങള്‍ എനിക്ക് നല്ലൊരു കൂടെപ്പിറപ്പും, എന്റെ സുരക്ഷിത താവളവും, മനോഹരനായ ഒരു അച്ഛനും, എന്റെ ബെസ്റ്റ് ഫ്രണ്ടും, ഒപ്പം... നല്ലൊരു ഭർത്താവുമായിരുന്നു.
എപ്പോഴും കൂടെയുള്ളതിന് നന്ദി. എന്റെ സകല കാര്യങ്ങളും പങ്കുവെക്കാനും, ഒന്നിച്ച് ചിരിക്കാനും, വഴക്കിടാനും, ദിവസാവസാനം വീണ്ടും തിരികെ വരാനുമുള്ള എന്റെ പ്രിയപ്പെട്ട വ്യക്തിയായി നിലകൊള്ളുന്നതിന് നന്ദി.
ഹാപ്പി ബർത്ത്ഡേ, എന്റെ കൂട്ടുകാരാ... നിങ്ങള്‍ അർഹിക്കുന്ന എല്ലാ സന്തോഷങ്ങളും ജീവിതം നിങ്ങള്‍ക്ക് നൽകട്ടെ. നമ്മൾ ഒന്നിച്ച് വളരുകയും, ചിരിക്കുകയും, വഴക്കിടുകയും, മാപ്പ് നൽകുകയും, പരസ്പരം തിരഞ്ഞെടുക്കുകയും ചെയ്യുന്ന ഈ യാത്ര... എന്നും തുടരട്ടെ.
പിന്നെ ഒരു ചെറിയ ഓർമ്മപ്പെടുത്തൽ കൂടി... ഈ വരുന്ന 27-ന് എന്നെ വിഷ് ചെയ്യാൻ മറക്കരുത്—എന്റെ ബർത്ത്ഡേ വിഷ് ഇതിനേക്കാൾ മനോഹരമായിരിക്കണം കേട്ടോ! ഞാൻ മുൻകൂട്ടി ഓർമ്മിപ്പിച്ചെന്നേയുള്ളൂ! എന്റെ ബെസ്റ്റ് ഫ്രണ്ടിന് ജന്മദിനാശംസകൾ!’ എന്നാണ് ഭര്‍ത്താവിനും മകനുമൊപ്പമുളള ചിത്രം പങ്കുവച്ച് ജ്യോതി കൃഷ്ണ കുറിച്ചത്.
നടി രാധികയുടെ സഹോദരന്‍ അരുണ്‍ ആനന്ദ് രാജയാണ് താരത്തിന്റെ പങ്കാളി. കുടുംബത്തോടൊപ്പം ദുബായില്‍ താമസിക്കുകയാണ് ജ്യോതി.