ADVERTISEMENT

വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുൻപേ പ്രിയപ്പെട്ടവനെ നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് സംവിധായകൻ ബെൽരാജിന്റെ ഭാര്യ ആതിര. ആറു വർഷം നീണ്ട പ്രണയത്തിനൊടുവിൽ കഴിഞ്ഞ സെപ്റ്റംബറിലാണ് യുവ സംവിധായകനും 'കാപ്പി സ്ക്വാഡ്' വെബ് സീരീസിന്റെ സ്രഷ്ടാവുമായ ബെൽരാജ് കളരിക്കലും (ചെഗു) ആതിരയും വിവാഹിതരായത്. 

ഒക്ടോബറിൽ ബെൽരാജിന്റെ അപ്രതീക്ഷിത നിര്യാണം ആതിരയുടെ ജീവിതത്തില്‍ ഇരുട്ട് വീഴ്ത്തി. വിവാഹ ശേഷമുള്ള ആദ്യ പിറന്നാൾ ദിനത്തിൽ, ബെൽരാജിന്റെ ഓർമകളിൽ ആതിര കുറിച്ച ഹൃദയഭേദകമായ വരികളാണ് ഇപ്പോൾ ഏവരെയും കണ്ണീരിലാഴ്ത്തുന്നത്. 

ADVERTISEMENT

ആതിര പങ്കുവച്ച കുറിപ്പ് വായിക്കാം:

‘‘എന്റെ ജന്മദിനത്തിൽ പോസ്റ്റ് ചെയ്യാൻ നീ തിരഞ്ഞെടുത്ത ചിത്രം ഇതാണ്. നമുക്ക് ഒന്നിച്ച് ഇത്രയധികം മനോഹരമായ പുതിയ ചിത്രങ്ങളുള്ളപ്പോൾ എന്തുകൊണ്ടാണ് ഈ പഴയ ഫോട്ടോ തന്നെ തിരഞ്ഞെടുത്തതെന്ന് ഞാൻ നിന്നോട് ചോദിച്ചിരുന്നു. അപ്പോൾ നീ നൽകിയ മറുപടി ഇതായിരുന്നു: “നമ്മൾ തമ്മിലുള്ള ഈ ബന്ധം ഇന്നലെയോ ഇന്നോ തുടങ്ങിയതല്ലെന്ന് എല്ലാവരെയും കാണിക്കാനാണ് എനിക്ക് ഇഷ്ടം.”

ADVERTISEMENT

എല്ലാ ജന്മദിനത്തിലും നീ എനിക്ക് ചെയ്യാറുള്ള ആ അർദ്ധരാത്രിയിലെ ഫോൺ കോൾ ഇന്ന് ഞാൻ ഒരുപാട് മിസ്സ് ചെയ്തു. തിരക്കുപിടിച്ച ഷൂട്ടിങ് തിരക്കുകൾക്കിടയിലും നീ അത് മുടക്കാറില്ലായിരുന്നു. ഞാൻ അത് ഒരിക്കലും ആവശ്യപ്പെടേണ്ടി വന്നിട്ടുമില്ല. “ചെഗൂ, നീ ഈ കോൾ ചെയ്യേണ്ടതില്ല” എന്ന് ഞാൻ എപ്പോഴും നിന്നോട് പറയാറുണ്ടായിരുന്നു, എങ്കിലും എനിക്ക് ലഭിക്കുന്ന ആദ്യത്തെ ബർത്ത്ഡേ വിഷ് നിന്റേത് തന്നെയാണെന്ന് നീ എന്നും ഉറപ്പുവരുത്തിയിരുന്നു.

എന്റെ കഴിഞ്ഞ ജന്മദിനത്തിൽ നമ്മൾ നമ്മുടെ പ്രിയപ്പെട്ട റെസ്റ്റോറന്റിൽ പോയിരുന്നു. അന്ന് രാത്രി നീ എനിക്ക് ഏറെ പ്രിയപ്പെട്ട കേക്ക് വാങ്ങിത്തന്നു, പിന്നെ സ്കൂട്ടറിന്റെ സീറ്റ് തുറന്ന് ഞാൻ നാളുകളായി ആഗ്രഹിച്ചിരുന്ന ആ ഡ്രെസ് എടുത്തു തന്നു. സന്തോഷം കൊണ്ട് ഞാൻ നിന്നെ കെട്ടിപ്പിടിച്ച് കരഞ്ഞുപോയി. എന്നെ സന്തോഷിപ്പിക്കാൻ വേണ്ടി എത്രത്തോളം ശ്രദ്ധയോടെയാണ് നീ ഓരോന്നും പ്ലാൻ ചെയ്തിരുന്നത്! നൂറു കണക്കിന് ചെറിയ വഴികളിലൂടെ എന്നോട് സ്നേഹം പ്രകടിപ്പിച്ച്, ഓരോ നിമിഷവും നീ എനിക്കായി ജീവിക്കുകയായിരുന്നു.

ADVERTISEMENT

ഇന്ന് ഈ പോസ്റ്റിനൊപ്പം ഞാൻ ചേർക്കുന്നത് നിനക്ക് ഏറ്റവും പ്രിയപ്പെട്ട സംഗീതമാണ്. നമ്മുടെ റജിസ്റ്റർ മാര്യേജ് വിഡിയോയ്ക്ക് ഉപയോഗിക്കണമെന്ന് നീ എപ്പോഴും ആഗ്രഹിച്ച, എന്നാൽ ഞാൻ നിരന്തരം വേണ്ടാ എന്ന് പറഞ്ഞ അതേ സംഗീതം. നമുക്കിടയിൽ ഒത്തുപോകാതിരുന്ന ഒരേയൊരു കാര്യം പാട്ടുകളോടുള്ള നമ്മുടെ അഭിരുചി മാത്രമായിരുന്നു. എന്നാൽ ഇപ്പോൾ നീ ഇഷ്ടപ്പെട്ടിരുന്ന എല്ലാ പാട്ടുകളും എനിക്കും പ്രിയപ്പെട്ടതാണ്, കാരണം അവ കേൾക്കുമ്പോഴെല്ലാം എനിക്ക് നിന്നെ ഓർമ്മവരും. എങ്ങനെയോ, നിന്റെ പ്രിയപ്പെട്ട സംഗീതവും എനിക്ക് എന്നും ഒപ്പം സൂക്ഷിക്കാൻ നീ ബാക്കിവെച്ചുപോയ മറ്റൊരു കൊച്ചു ഓർമ്മച്ചെപ്പായി മാറി.

എനിക്ക് ചെയ്തുതന്ന എല്ലാത്തിനും ഒത്തിരി നന്ദി. എന്നെ തിരഞ്ഞെടുത്ത്, എന്നിൽ വിശ്വസിച്ച്, ഈ രീതിയിൽ എന്നെ സ്നേഹിച്ചതിന് നന്ദി. വളരെ ചെറിയ നിമിഷങ്ങൾ പോലും ഇത്രയധികം സ്പെഷലാക്കിയതിനും, എന്നെ സന്തോഷിപ്പിച്ച കൊച്ചു കാര്യങ്ങൾ പോലും ഓർത്തു വെച്ചതിനും, എന്നെന്നും കൂടെയുണ്ടാകുന്ന ഒരു സ്നേഹം എനിക്ക് നൽകിയതിനും നന്ദി. എന്നെന്നും നിന്റേത് മാത്രം, നിന്റെ കുഞ്ഞിമാളു...’’

കോട്ടയം മണിമല സ്വദേശിയായ ബെൽരാജ് കളരിക്കൽ (ചെഗു ) ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന തന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭത്തിന്റെ തിളക്കത്തിൽ നിൽക്കുമ്പോഴായിരുന്നു അപ്രതീക്ഷിത വിയോഗം. 'നിഴൽ', 'മധുരം', 'ഡാകിനി' തുടങ്ങിയ ചിത്രങ്ങളിൽ അസിസ്റ്റന്റ്, അസോസിയേറ്റ് സംവിധായകനായി പ്രവർത്തിച്ച അദ്ദേഹം, റിനോഷ് ജോർജ് കേന്ദ്രകഥാപാത്രമാകുന്ന 'കാപ്പി സ്ക്വാഡ്' എന്ന വെബ് സീരീസിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്. 

ജിയോ ഹോട്സ്റ്റാറിൽ സീരീസിന്റെ ആദ്യ നാല് എപ്പിസോഡുകൾ സ്ട്രീമിങ് ആരംഭിച്ചതിന്റെ തൊട്ടടുത്ത ദിവസം (ഒക്ടോബർ 17, 2026) എറണാകുളത്തെ ഹോട്ടൽ മുറിയിൽ ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

Wife Shares Emotional Birthday Note for Late Director Belraj Kalarickal:

Athira is mourning the heartbreaking loss of her husband and young director Belraj Kalarickal, who passed away unexpectedly just a month after their wedding. The couple had married in September following a six-year relationship, but tragedy struck in October when Belraj suffered a fatal heart attack. On her first birthday since his passing, Athira shared an emotional social media note remembering her late husband. She recalled how he never failed to make their midnight birthday calls, no matter how busy his shooting schedule was. The emotional tribute also highlighted the thoughtful surprises and deep love Belraj constantly showed throughout their time together. She even embraced his favorite music, which she previously used to tease him about, as a precious memory of him. Belraj, known for the web series Kaappi Squad, was found dead in an Ernakulam hotel room just a day after its release.

ADVERTISEMENT