Saturday 11 January 2020 06:14 PM IST : By സ്വന്തം ലേഖകൻ

നൂറിൻ ഷെരീഫ് പ്രണയത്തിൽ; ആശംസാ പ്രവാഹവുമായി താരങ്ങളും ആരാധകരും

noorin

ചുരുങ്ങിയ നാളുകൾ കൊണ്ട് പ്രേക്ഷക ഹൃദയത്തിൽ ഇടംപിടിച്ച നായികയാണ് നൂറിൻ ഷെരീഫ്. അഡാർ ലൗവിലെ ഈ സുന്ദരിക്ക് സോഷ്യൽ മീഡിയയിലും ആരാധകരേറെയാണ്. മലയാളം വിട്ട് അന്യഭാഷകളിലേക്ക് ചേക്കേറുന്ന താരം ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചൊരു പോസ്റ്റാണ് ഏവരും ഏറ്റെടുത്തിരിക്കുന്നത്. പ്രണയത്തെ കുറിച്ച് തുറന്നു പറയുന്ന നൂറിന്റെ പോസ്റ്റാണ് വൈറലായി മാറിയിരിക്കുന്നത്. താൻപ്രണയത്തിലായെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

നൂറിന്‍ പങ്കുവച്ചിരിക്കുന്ന ചിത്രവും അതിനൊപ്പം കുറിച്ചിരിക്കുന്ന വാക്കുകളാണ് ആകാംക്ഷയേറ്റുന്നത്. കോര്‍ത്തു പിടിച്ചിരിക്കുന്ന കൈകളുടെ ചിത്രമാണ് നൂറിന്‍ പോസ്റ്റ് ചെയ്തത്. ‘ദൈവത്തിന് സ്തുതി...എന്‍റെ ജീവിതത്തില്‍ നീയുള്ളതിനാല്‍ ഒരുപാട് സന്തോഷിക്കുന്നു. ലോകത്തോട് നമ്മളെക്കുറിച്ച് വിളിച്ചു പറയുന്നതിന്റെ ആവേശത്തിലാണ് ഞാന്‍' എന്നാണ് നൂറിന്‍ ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്.

എന്നാല്‍ പ്രണയിക്കുന്നയാളുടെ പേരോ മറ്റുവിവരങ്ങളോ താരം പുറത്ത് വിട്ടിട്ടില്ല. കമന്റ് ബോക്സിൽ അതാരാണെന്ന് വെളിപ്പെടുത്തിക്കൂടേ എന്നാണ് ആരാധകരുടെ ആവശ്യം. അതേസമയം, വിവാഹത്തെ കുറിച്ചാണോ നൂറിന്‍ എഴുതിയിരിക്കുന്നതെന്ന സംശയവും ആരാധകര്‍ ഉന്നയിക്കുന്നുണ്ട്.

ചിത്രത്തിന് കമന്‍റുമായി താരങ്ങളും എത്തിയിട്ടുണ്ട്. കമ്മിറ്റഡായോ എന്ന് അഞ്ജലി അമീര്‍ കമന്‍റിലൂടെ ചോദിക്കുന്നുണ്ട്. എന്നാല്‍ ഇതിന് സ്മൈലി മാത്രമാണ് നൂറിന്‍ മറുപടിയായി നല്‍കിയിരിക്കുന്നത്. നേഹ സക്സേനയും ഇരുവര്‍ക്കും ആശംസകള്‍ നേരുന്നുണ്ട്.