Thursday 04 April 2024 03:05 PM IST : By സ്വന്തം ലേഖകൻ

ഇപ്പോൾ ‘ഇതിയാൻ’ സംസാരവിഷയമാണെന്ന്...പിടി കിട്ടിയോ ? അതു ബ്ലെസിയാണെന്ന് പ്രേക്ഷകർ

balachandra-menon

പൃഥ്വിരാജിനെ നായകനാക്കി സംവിധായകൻ ബ്ലെസി ഒരുക്കിയ ആടുജീവിതം തിയറ്ററുകളിൽ വൻ വിജയം നേടി പ്രദർശനം തുടരുമ്പോൾ, മലയാളത്തിന്റെ പ്രിയ ചലച്ചിത്രകാരൻ ബാലചന്ദ്ര മേനോൻ പങ്കുവച്ച ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് ആണ് ചർച്ചയാകുന്നത്. വർഷങ്ങൾക്കു മുമ്പ് ഇന്റർ കോളജിയേറ്റ് നാടക മത്സരത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത സമയത്ത് മത്സര വിജയിക്ക് ട്രോഫി സമ്മാനിക്കുന്ന ചിത്രമാണ് ബാലചന്ദ്രമേനോൻ പങ്കുവച്ചത്. ഈ ട്രോഫി ഏറ്റുവാങ്ങുന്നത് ഇപ്പോൾ മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ഒരു താരമാണെന്ന സൂചന ബാലചന്ദ്രമേനോൻ കുറിപ്പിൽ നൽകുന്നുണ്ടെങ്കിലും അതാരാണെന്നു വ്യക്തമാക്കുന്നില്ല. എന്നാൽ അതു ബ്ലെസിയാണെന്നാണ് പ്രേക്ഷകർ പറയുന്നത്.

‘പണ്ട് പണ്ടൊരിക്കൽ ബാലചന്ദ്രമേനോൻ ആയ ഞാൻ ഒരു ഇന്റർ കോളേജിയേറ്റ് നാടക മത്സരത്തിൽ മുഖ്യാതിഥി ആയി പങ്കെടുത്തു പോലും !

തീർന്നില്ലാ ......

ആ മത്സരത്തിലെ വിജയിക്ക് ഒന്നാം സ്ഥാനക്കാരനുള്ള ട്രോഫി സമ്മാനിച്ചു പോലും!

അമ്മയാണേ സത്യം, ഈ നിമിഷങ്ങൾ ഒന്നും ഞാൻ ഇപ്പോൾ ഓർമ്മിക്കുന്നില്ല...

എന്റെ കയ്യിൽ നിന്നു സമ്മാനം വാങ്ങുന്ന വിദ്യാർത്ഥി ഇന്ന് അറിയപ്പെടുന്ന ഒരു കലാകാരനാണ് പോലും!

അതേ...സിനിമയിൽ തന്നെ...

ഒന്നു മാത്രം നിങ്ങൾക്കൊപ്പം പങ്കിടാൻ സന്തോഷമുണ്ട് .....

ഇപ്പോൾ ‘ഇതിയാൻ’ സംസാരവിഷയമാണെന്ന് ...

പിടി കിട്ടിയോ ?

ഇല്ലെങ്കിൽ ഉത്തരം നാളെ ഇവിടെ, ഇതേ നേരം പ്രതീക്ഷിക്കുക ....

that's ALL your honour !’ എന്നാണ് ബാലചന്ദ്രമേനോന്റെ കുറിപ്പ്.

ലോകമെമ്പാടുമുള്ള ആരാധകർ ഇപ്പോൾ ചർച്ച ചെയ്യുന്ന ‘ആടുജീവിതം’ എന്ന ഗംഭീര സിനിമ മലയാളത്തിന് സമ്മാനിച്ച ബ്ലെസ്സി ആണ് ആ യുവാവെന്നാണ് ആരാധകരുടെ കണ്ടെത്തൽ.