Monday 27 January 2020 12:37 PM IST : By സ്വന്തം ലേഖകൻ

‘ഇത് നിസ്സാര കളിയാണെന്ന് കരുതിയോ...’! തകർപ്പൻ ഗെറ്റപ്പിൽ ചാക്കോച്ചൻ: പോസ്റ്റ് വൈറൽ

kunchakko

ചാക്കോച്ചൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രങ്ങൾ കണ്ട് സിനിമാ ലോകവും ആരാധകരും ഞെട്ടിയിരിക്കുകയാണ്. തന്റെ പുതിയ ചിത്രത്തിനു വേണ്ടി വൻ മേക്കോവറിലാണ് താരം. മസിൽമാനായുള്ള തന്റെ ലുക്കാണ് താരം പങ്കുവച്ചിരിക്കുന്ന ചിത്രങ്ങൾക്കിടയിൽ വൈറൽ. ചിത്രീകരണത്തിനിടയിലെ, പരുക്കുകൾ നിറഞ്ഞ തന്റെ ശരീരത്തിന്റെ ചിത്രം ഒരു കുറിപ്പോടെയാണ് ചാക്കോച്ചന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഷൂട്ടിങ്ങിനിടയിലെ, വടം വലിയുടെ ചിത്രങ്ങളാണ് താരം തുടക്കത്തിൽ പങ്കുവച്ചിരിക്കുന്നത്. ഇത് ചുമ്മാ കളിയാണെന്ന് കരുതുന്നുണ്ടെങ്കിൽ ബാക്കി ചിത്രങ്ങൾ കൂടി കാണൂ എന്നും അദ്ദേഹം കുറിച്ചിരിക്കുന്നു.

മാർട്ടിൻ പ്രക്കാട്ട് ഒരുക്കുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് ചാക്കോച്ചന്റെ പുതിയ ഗെറ്റപ്പ്. ചിത്രീകരണം കോലഞ്ചേരിയിൽ ആരംഭിച്ചു. ജോജു ജോർജ്, നിമിഷ സജയൻ, യമ, അനിൽ നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ഷാഹി കബീറാണ്. ഷൈജു ഖാലിദാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അൻവർ അലി എഴുതിയ വരികൾക്ക് സംഗീതം നിർവഹിക്കുന്നത് വിഷ്ണു വിജയാണ്. മഹേഷ് നാരായൺ എഡിറ്റിങ്ങും റോണി സേവ്യർ മേക്കപ്പും നിർവഹിക്കുന്നു. സമീറ സനീഷാണ് കോസ്റ്റ്യൂം ഒരുക്കുന്നത്.

സംവിധായകൻ രഞ്ജിത്, ശശികുമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോൾ‍ഡ് കോയ്ൻ പിക്‌ചേഴ്സും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.