Wednesday 06 March 2024 03:26 PM IST : By സ്വന്തം ലേഖകൻ

‘എന്തു പറയണം എന്നറിയില്ല, വല്ലാത്ത ഒരു തരിപ്പിൽ ആണ്’: വേദന പങ്കുവച്ച് സുബീഷ് സുധി

subish-sudhi

തിരക്കഥാകൃത്ത് നിസാം റാവുത്തറിന്റെ അപ്രതീക്ഷിത വിയോഗത്തിൽ വേദന പങ്കുവച്ച് നടൻ സുബീഷ് സുധി.

‘മറ്റന്നാൾ നമ്മുടെ സിനിമ റിലീസ് ആകാൻ പോവുകയുമാണ് അതിന് മുൻപ് ഈ സിനിമയിൽ എന്നെ നായകൻ ആക്കിയ അന്റെ പ്രിയപ്പെട്ട നിസാം ഇക്ക നമ്മളെ വിട്ടുപോയി. എന്തു പറയണം എന്ന് അറിയില്ല വല്ലാത്ത ഒരു തരിപ്പിൽ ആണ്’.– നിസാമിനൊപ്പമുള്ള തന്റെ ചിത്രം പങ്കുവച്ച് സുബീഷ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
മറ്റന്നാൾ റിലീസ് ചെയ്യാനിരിക്കുന്ന ‘ഒരു സർക്കാർ ഉൽപന്നം’ എന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കിയത് നിസാമാണ്. സുബീഷ് സുധിയാണ് നായകൻ.

നിസാം റാവുത്തറിന് 49 വയസ്സായിരുന്നു. പത്തനംതിട്ട കടമ്മനിട്ടയിലെ വസതിയിൽ വച്ച് ഹൃദയാഘാതത്താലാണ് മരണം. കടമ്മനിട്ട സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആയിരുന്നു.
ആദിക്കാട്ടുകുളങ്ങര നൂർമഹലിൽ റിട്ട.സെയിൽസ് ടാക്സ് ഡെപ്യൂട്ടി കമ്മിഷണർ മീരാസാഹിബിന്റെ മകനാണ് നിസാം. ഭാര്യ: ഷഫീന, മക്കൾ: റസൂൽ, അജ്മി. സഹോദരങ്ങൾ: നിസാർ നൂർമഹൽ, നിസ.
‘ഒരു സർക്കാർ ഉൽപന്നം’ എന്ന ചിത്രത്തിന്റെ പ്രമോ വിഡിയോ ഉൾപ്പെടെ പങ്കുവച്ച് ഇന്നലെ രാത്രി വൈകിയും സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. നിരവധി ഡോക്യുമെന്ററികളും ഒരുക്കിയിട്ടുണ്ട്. ആനുകാലികങ്ങളിൽ ലേഖനങ്ങളും എഴുതിയിരുന്നു.
അനീഷ് അൻവർ സംവിധാനം ചെയ്ത ‘സക്കറിയയുടെ ഗര്‍ഭിണികള്‍’ എന്ന ചിത്രത്തിൽ നിസാം റാവുത്തറും തിരക്കഥാ പങ്കാളിയായിരുന്നു. ബോംബെ മിഠായി, റേഡിയോ തുടങ്ങിയവയാണ് മറ്റു പ്രധാന ചിത്രങ്ങൾ.