ഹാക്ക് ചെയ്യപ്പെട്ട തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് തിരികെ കിട്ടിയെന്ന് നടനും സംവിധായകനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണിക്കൃഷ്ണൻ.
ഹാക്കര്‍ തന്റെ അക്കൗണ്ടില്‍ ലോഗ് ഇൻ ചെയ്തത് പാകിസ്ഥാനിൽ നിന്നാണെന്നും ഈ വിഷയത്തില്‍ ഇടപെട്ട് 24 മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിക്കാൻ ഒപ്പം നിന്നവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് വിഷ്ണു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കഴിഞ്ഞ ദിവസമാണ് വിഷ്ണു ഉണ്ണിക്കൃഷ്ണന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്.
വിഷ്ണുവിന്റെ കുറിപ്പ് –
എന്റെ ഫേസ്ബുക് പേജ് തിരിച്ചു കിട്ടി. പേജിലെ വശപിശക് പോസ്റ്റുകൾ കണ്ട്, ഹാക്കിങ് ആണെന്ന് മനസിലാക്കി ഉടനെ എന്നെ വിവരം അറിയിക്കാൻ ശ്രമിച്ച ആയിരക്കണക്കിന് സുഹൃത്തുക്കൾക്ക് നന്ദി. ഇന്നലെ മുതൽ എന്റെ ഫേസ്ബുക് പേജ് ആരോ ഹാക്ക് ചെയ്തെടുത്ത് പല തരത്തിലുള്ള അശ്ലീല ചിത്രങ്ങളും വിഡിയോയും പോസ്റ്റ് ചെയ്യുകയും, ചിലരോട് പണം ആവശ്യപ്പെട്ട് മെസ്സേജ് അയക്കുകയും ചെയ്തതായി അറിഞ്ഞു. ഇന്നലെ രാത്രി തന്നെ സൈബർ സെല്ലിൽ വിവരം അറിയിക്കുകയും ഫേസ്ബുക്കിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടുകയും 24 മണിക്കൂറിനുള്ളിൽ പേജ് തിരിച്ചു പിടിച്ചു തരുകയും ചെയ്യാൻ സഹായിച്ച ജിനു ബ്രോയ്ക്കും, ജിയാസ് ജമാലിനും ഒരു ലോഡ് നന്ദി. ഹാക്കർ ലോഗിൻ ചെയ്തിരിക്കുന്നതായി കണ്ടത് പാകിസ്ഥാനിൽ നിന്ന്.