ADVERTISEMENT

ഓർത്താൽ ഇന്നും വിസ്മയമാണു വിദ്യാസാഗറിന്. കഷ്ടിച്ച് ഇരുപത്തഞ്ചു സെക്കൻഡ് മാത്രം നീളുന്ന ഒരു സംഗീതശകലം ലോകമലയാളികളുടെ മുഴുവൻ ഓണസ്മൃതികളുടെ സിഗ്‌നേചർ ട്യൂൺ ആയി മാറുമെന്നു സങ്കൽപിച്ചിട്ടു പോലുമില്ല അതിന്റെ ശിൽപി. കാൽ നൂറ്റാണ്ടോളമായി ഓണപ്പൂക്കളം പോലെ, ഓണനിലാവ് പോലെ, ഓണസദ്യപോലെ, ഓണവുമായി ചേർന്നുനിൽക്കുന്ന എല്ലാ മിത്തുകളെയും പോലെ ഇത്തിരിപ്പോന്ന ആ ഈണവും  നമ്മുടെ ഗൃഹാതുരതയുടെ ഭാഗമായി മാറി.

25 വര്‍ഷം മുന്‍പ് തിരുവോണക്കൈനീട്ടം എന്ന ആൽബത്തിലെ ‘പറ നിറയെ പൊന്നളക്കും പൗര്‍ണമി രാവായി...’ എന്ന ഗാനത്തിനു വേണ്ടിയാണു വിദ്യാസാഗര്‍ അനവദ്യസുന്ദരമായ ഈ പശ്ചാത്തല സംഗീതശകലം സൃഷ്ടിച്ചത്. എന്താവാം ഈ പ്രതിഭാസത്തിന്റെ പൊരുളെന്നു ചോദിച്ചിട്ടുണ്ടു സംഗീത സംവിധായകനോട്.

ADVERTISEMENT

‘‘എവിടെനിന്നാണ് ആ മ്യൂസിക്കൽ ബിറ്റ് ആ നിമിഷം എന്റെ മനസ്സിൽ, ചിന്തകളിൽ ഒഴുകിയെത്തിയത് എന്നറിയില്ല.’’ വിദ്യാസാഗര്‍ ഒാര്‍ക്കുന്നു. ‘‘കാലത്തെ അതിജീവിക്കും അതെന്നു സങ്കൽപിച്ചിട്ടുമില്ല. ഓണത്തിന്റെ ഓർമകൾ ഉണർത്തുന്ന ഒരു പാട്ട് ചെയ്യണമെന്നേ ഉണ്ടായിരുന്നുള്ളൂ. അഞ്ചോ ആറോ മിനിറ്റ് ദൈർഘ്യമുള്ള ആ പാട്ടിന്റെ ഇൻട്രോയിലെ ഒരു കൊച്ചു പുല്ലാങ്കുഴൽ ശകലം അത്രകണ്ടു മലയാളികളെ വശീകരിച്ചു എന്നത് എന്നെപ്പോലും അദ്ഭുതപ്പെടുത്തുന്നു. ഇന്നും ഓണക്കാലത്തു ടെലിവിഷനോ റേഡിയോയോ തുറന്നാൽ ആദ്യം ഒഴുകിയെത്തുക ആ ഈണമാണ്. സോഷ്യല്‍മീഡിയ ആശംസകളിൽ നിറയുന്നതും അതു തന്നെ. െെദവാനുഗ്രഹം എന്നേ പറയാനാകൂ.’’ വിഖ്യാത പുല്ലാങ്കുഴല്‍ വാദകന്‍ നവീനാണു പാട്ടിന്റെ തുടക്കത്തിലെ മുരളീനാദശകലം വായിച്ചതെന്നും ഒാര്‍ത്തു പറയുന്നു വിദ്യാജി.

തെല്ലും നിനച്ചിരിക്കാതെ ആ ഈണം വന്നു മനസ്സിനെ കീഴടക്കിയ ഒരു രാത്രി ഇന്നുമുണ്ട് ഓർമയിൽ. പത്തു വർഷം മുൻപത്തെ വിദേശ സന്ദർശനവേളയിലെ അനുഭവം. പകൽ നേരത്തെ കഠിനയാത്രകൾ സമ്മാനിച്ച ക്ഷീണവുമായി ഹോട്ടൽ മുറിയിൽ ഉറങ്ങിക്കിടക്കുമ്പോൾ ഒപ്പമുള്ള കൂട്ടുകാരന്റെ മൊബൈൽ ഫോൺ ശബ്ദിക്കുന്നു. സുഖകരമായ മയക്കം മുറിഞ്ഞുപോയതിന്റെ ആഘാതത്തിൽ പൊട്ടിത്തെറിച്ചു പോകേണ്ടതാണ്. പക്ഷേ, അതല്ല ഉണ്ടായത്. ഫോണിലെ റിങ് ടോണിന്റെ ഇന്ദ്രജാലമാകാം, നിമിഷാർധം കൊണ്ടു കാതങ്ങൾക്കപ്പുറത്തേക്കു യാത്രയാകുന്നു മനസ്സ്. ഉൾക്കണ്ണിൽ നിരവധി ചിത്രങ്ങൾ തെളിയുന്നു. ഓണത്തിന്റെ പ്രസാദാത്മകസ്മൃതികൾ നിറഞ്ഞുതുളുമ്പുന്ന വർണചിത്രങ്ങളുടെ ഒരു പരമ്പര. അവയിൽ പൂക്കളുണ്ട്, പൂപ്പടയുണ്ട്, പൂവിളിയുണ്ട്..... ഓണത്തെക്കുറിച്ചുള്ള എല്ലാ മോഹനസങ്കൽപങ്ങളുമുണ്ട്. ഉറക്കം അതോടെ അതിന്റെ പാട്ടിനുപോയി. എല്ലാം ഒരു കൊച്ചു സംഗീതശകലത്തിന്റെ മാജിക്. ഒറ്റപ്പെട്ട അനുഭവമാകാനിടയില്ല എന്റേത്.

ADVERTISEMENT

‘‘ഒരാഴ്ചയേ വേണ്ടിവന്നുള്ളൂ തിരുവോണക്കൈനീട്ടത്തിലെ ഗാനങ്ങൾ ഒരുക്കാൻ.’’ വിദ്യാസാഗർ പറയുന്നു. ‘‘ഓണത്തെക്കുറിച്ചു പറഞ്ഞുകേട്ട ഐതിഹ്യങ്ങളും കേട്ടുകേൾവികളും മാത്രമായിരുന്നു ഈണമിടാനിരിക്കുമ്പോൾ എന്റെ കൈമുതൽ. ഒട്ടും പരിചിതമല്ലാത്ത അന്തരീക്ഷം. പക്ഷേ, ഗിരീഷ് പുത്തഞ്ചേരിയുടെ വരികളിൽ എനിക്കു വേണ്ടതെല്ലാം ഉണ്ടായിരുന്നു. സംഗീതബോധമുള്ള ആളായതുകൊണ്ട്, നമുക്കു ചിട്ടപ്പെടുത്താൻ പാകത്തിലാണ് ഗിരീഷ് പാട്ടെഴുതിത്തരിക. അതുകൊണ്ട് അധികം പ്രയാസപ്പെടേണ്ടി വന്നില്ല. രുദ്രവീണ, പുല്ലാങ്കുഴല്‍, ഇടയ്ക്ക, നാദസ്വരം തുടങ്ങിയ ഉപകരണങ്ങളേ പാട്ടുകളുടെ പശ്ചാത്തലത്തിൽ ഉപയോഗിച്ചുള്ളൂ. വാദ്യവിന്യാസത്തിൽ ഒട്ടും ആർഭാടം വേണ്ടെന്നു നേരത്തെ തീരുമാനിച്ചിരുന്നു.’’

തിരുവോണക്കൈനീട്ടത്തിലെ പാട്ടുകളിൽ ‘ആരോ കമഴ്ത്തിവച്ചൊരോട്ടുരുളി’യോടു പ്രത്യേകിച്ചൊരു ഇഷ്ടമുണ്ടു വിദ്യാജിക്ക്. ഗിരീഷിന്റെയും ഏറ്റവും പ്രിയപ്പെട്ട രചനകളിൽ ഒന്നായിരുന്നു അത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ എഴുതിത്തീർത്ത ആ ഗാനത്തെ ക്കുറിച്ചു കോഴിക്കോട്ടെ മുല്ലശ്ശേരി രാജുവേട്ടന്റെ ‘ദർബാറി’ൽ ഇരുന്നു ഗിരീഷ് വാചാലനായത് ഒാര്‍മയിലുണ്ട്. ഗിരീഷ് അന്നു പറഞ്ഞു, ‘‘പാട്ട് എഴുതിത്തീർന്ന ശേഷം അതങ്ങു മറന്നുകളയുകയാണ് എന്റെ രീതി. പിന്നീടത് ഏറ്റെടുക്കേണ്ടതും തള്ളിക്കളയേണ്ടതുമൊക്കെ ജനങ്ങളാണല്ലോ. പക്ഷേ, ‘ആരോ കമഴ്ത്തിവച്ചൊരോട്ടുരുളി’ പോലെ ആകാശത്താവണിത്തിങ്കൾ’ എന്ന പാട്ട് എഴുതി ഒരാവർത്തി വായിച്ചപ്പോൾ കണ്ണു നിറഞ്ഞു. അങ്ങനെയൊരു അനുഭവം അപൂർവമായിരുന്നു. വറുതികൾ മാത്രം നിറഞ്ഞ എന്റെ ബാല്യകാലം ആ വരികളിൽ അറിയാതെ വന്നതുകൊണ്ടാകാം.’’

ADVERTISEMENT

കുട്ടിക്കാലത്തെ ഓണം നടുക്കത്തോടെയല്ലാതെ ഓർത്തെടുക്കാനാകില്ലെന്നും പറഞ്ഞിട്ടുണ്ട് ഗിരീഷ്. ‘‘ജീവിതത്തിൽ ഞാൻ പൂ പറിച്ചിട്ടില്ല. കുട്ടിക്കാലത്തു പൂ പറിക്കാനോ പൂപ്പാട്ടു പാടാനോ കഴിഞ്ഞില്ല. കോടി വാങ്ങിത്തരാൻ പോലും ആരുമുണ്ടായിരുന്നില്ല. ആഘോഷദിവസങ്ങളിൽ അതിന്റെ മാറ്റും മണവും കണ്ട് ജീവിതത്തിലൊരിക്കലും ഓണം വരല്ലേയെന്നു പ്രാർഥിച്ചിട്ടുണ്ട്. മനസ്സിന്റെ അടിത്തട്ടിൽ നിന്നുണ്ടായ നൊമ്പരവും വേദനയുമായിരുന്നു അത്.

ഓണമെല്ലാം കഴിഞ്ഞു പിറ്റേന്നു നേരം വെളുത്ത് അച്ഛനും അച്ഛന്റെ മദ്യലഹരിയും മഹാബലിയെപ്പോലെ മടങ്ങിപ്പോകുമ്പോൾ വിശന്നൊട്ടിയ വയറുമായി അമ്മയും ഞങ്ങൾ മക്കളും വീടിനകത്തെ നിശ്ശബ്ദതയിൽ എവിടെയെങ്കിലുമൊക്കെ ചുരുണ്ടിരിപ്പുണ്ടാകും. കാലിന്റെ തുടയുടെ മുകളിൽ അഞ്ചു വിരൽ അടയാളം നീളത്തിൽ പതിഞ്ഞുകിടപ്പുണ്ടാകും. ഓണത്തിന്റെ പൂക്കളം ഓർക്കുമ്പോൾ ഭീതി തോന്നുന്നൊരു ബാല്യമാണ് ഞാൻ പിന്നിട്ടത്; കൗമാരവും...

വർഷങ്ങൾ എത്രയോ പിന്നിട്ടു. മാംഗല്യം കഴിഞ്ഞു. കുട്ടികളുണ്ടായി. അവർ വലുതായപ്പോഴേക്കും തുമ്പയും അരളിയും ചെമ്പകവും ഇലഞ്ഞിയുമൊന്നുമില്ല. അവരെ വൈകുന്നേരം കുളിപ്പിച്ചു കുറിയിടീച്ചു കടയിൽ പോയി പൂക്കളൊക്കെ വാങ്ങിക്കൊണ്ടുവരും. കാലത്തു പൂക്കളമിടും. നാട്ടിൽ പൂക്കളില്ലാതായി. പ്രായം കൂടുന്തോറും, മനസ്സ് പരിപാകം വരുമ്പോൾ എന്ത് ഓണം? കയ്യിൽ കാശും മനസ്സമാധാനവും ഉണ്ടെങ്കിലേ ഓണം ആഘോഷിക്കാൻ കഴിയൂ. അതില്ലാത്തവന് എന്നും കള്ളക്കർക്കടകം.’’

ഓണ ആൽബങ്ങളിൽ പൊതുവെ സന്തോഷാന്തരീക്ഷത്തിലുള്ള ഗാനങ്ങളേ കേട്ടിട്ടുള്ളൂ. ദുഃഖവും നിരാശാബോധവുമൊക്കെ അന്തർധാരയായി വരുന്ന ഒരു പാട്ട് ശ്രോതാക്കൾ സ്വീകരിക്കുമോ എന്നു സംശയമുണ്ടായിരുന്നു ഗിരീഷിനും വിദ്യാജിക്കും പാടിയ യേശുദാസിനും. കാലം അവരുടെ ധാരണ തിരുത്തി. അതുകൊണ്ടുതന്നെ ഹൃദയത്തോട് ഏറ്റവും ചേർന്നുനിൽക്കുന്ന പാട്ടുകളിലൊന്നായി പലരും ആ ഗാനം എടുത്തുപറഞ്ഞുകേൾക്കുമ്പോൾ സന്തോഷം തോന്നാറുണ്ടെന്നു വിദ്യാസാഗർ.

എന്നും ചിരിക്കുന്ന സൂര്യൻ

ശ്രീകുമാരൻ തമ്പിയുടെ എക്കാലത്തെയും സൂപ്പർഹിറ്റ് ഓണപ്പാട്ടായ ‘ഉത്രാടപ്പൂനിലാവേ’യിലുമുണ്ട് ഗൃഹാതുരതയുടെ നേർത്ത നൊമ്പരം.‘തിരുവോണത്തിൻ കോടിയുടുക്കാൻ കൊതിക്കുന്നു തെരുവിൻ മക്കൾ അവർക്കില്ല പൂമുറ്റങ്ങൾ പൂനിരത്തുവാൻ വയറിന്റെ രാഗം കേട്ടേ മയങ്ങുന്ന വാമനന്മാർ...’ എന്ന വരിയിൽ സ്വന്തം ബാല്യത്തിന്റെ തപ്തസ്മരണകൾ മാത്രമല്ല, സമഭാവനയെക്കുറിച്ചുള്ള സങ്കൽപങ്ങളും പ്രതീക്ഷകളുമെല്ലാം ചേർത്തുവച്ചിരിക്കുന്നു തമ്പി.

ആ സങ്കൽപങ്ങളിൽ പ്രണയത്തിന്റെ മധുരനൊമ്പരം കൂടി കലർന്നാൽ അതേ ആൽബത്തിലെ ‘എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിർ ഇന്നെത്ര ധന്യതയാർന്നു...’  എന്ന പാട്ടായി. ‘ഇന്നത്തെ പൊൻവെയിൽ ഇന്നത്തെ മാരുതൻ ഈ മുഗ്ദ്ധ ഭൂപാള രാഗം, ഇല്ല മറക്കില്ലൊരിക്കലുമെന്നല്ലീ കണ്ണുനീർ ചൊല്ലുന്നു തോഴീ...’ എന്ന വരിയിൽ ഒരു വികാരസാഗരം തന്നെ ഒളിച്ചുവച്ചിരിക്കുന്നു കവി.

തരംഗിണിക്ക് വേണ്ടി ശ്രീകുമാരൻ തമ്പി ആദ്യം രചന നിർവഹിച്ച ഓണ ആൽബമാണ്  ‘ഉത്സവഗാനങ്ങൾ.’ ജനപ്രീതിയിൽ സിനിമാഗാനങ്ങളെപ്പോലും അതിശയിപ്പിച്ചു രവീന്ദ്രൻ മാസ്റ്റർ സംഗീത സംവിധാനം നിർവഹിച്ച ആ പാട്ടുകൾ. ‘എൻ ഹൃദയപ്പൂത്താലം’,  ‘ഒരു നുള്ളു കാക്കപ്പൂ’, ‘പായിപ്പാട്ടാറ്റിൽ വള്ളംകളി...’ തുടങ്ങി വൈവിധ്യമാർന്ന ഗാനങ്ങളുണ്ടായിരുന്നു ആ കസറ്റിൽ. ഇതേ കൂട്ടുകെട്ടിന്റെ ‘പൊന്നോണ തരംഗിണി’യിലെ പ്രണയസുഗന്ധം കലർന്ന ഓണപ്പാട്ടുകൾ അന്നത്തെ തലമുറ ഇന്നും മനസ്സില്‍ സൂക്ഷിച്ചിട്ടുണ്ട്. ‘മുടിപ്പൂക്കൾ വാടിയാലെന്തോമനേ...’, ‘പാതിരാമയക്കത്തിൽ പാട്ടൊന്നു കേട്ടേൻ’, ‘പൂക്കളം കാണുന്ന പൂമരം പോലെ നീ...’ തുടങ്ങിയവ.

മലയാളത്തിൽ ചലച്ചിത്രേതര ഓണപ്പാട്ടുകളുടെ മ ഹാപ്രവാഹത്തിനു തുടക്കമിട്ടതും ശ്രീകുമാരൻ തമ്പിയാണ്. 1970 ൽ എച്ച്എംവി പുറത്തിറക്കിയ ‘മധുരഗീതങ്ങൾ’ എന്ന ആൽബത്തിലൂടെ. ദക്ഷിണാമൂര്‍ത്തിയായിരുന്നു സംഗീതം. പ്രണയഗാന സമാഹാരമെങ്കിലും ഓണത്തിന്റെ ഓർമകൾ കൂടി കലർന്നിരുന്നു പല പാട്ടുകളിലും. പ്രകൃതിയും പ്രഭാതവുമൊക്കെ വന്നു കൈകോർത്തു നിന്ന വരികള്‍. ‘തുയിലുണരൂ തുയിലുണരൂ തുമ്പികളേ തുമ്പപ്പൂം കാട്ടിലെ വീണകളേ... തിരുവോണപ്പുലരി വന്നൂ തൃക്കാക്കര നട തുറന്നൂ...’  ഹൃദയത്തില്‍ വല്ലാതെ പതിഞ്ഞു പോയതുെകാണ്ട്, പാട്ടു പിറന്ന് 53 വര്‍ഷം കഴിഞ്ഞിട്ടും മലയാളി ഇന്നും മൂളുന്നുണ്ട്, ആ ഗാനങ്ങള്‍. ‘ഓണക്കോടിയുടുത്തൂ വാനം, മേഘക്കസവാലേ... വെണ്‍ മേഘക്കസവാലേ...’

അതിനും നാലു വർഷം മുൻപാണു സിനിമയ്ക്കു വേണ്ടി ആദ്യ ഓണപ്പാട്ടു ശ്രീകുമാരന്‍തമ്പി എഴുതുന്നത്. ‘പ്രിയതമ’യിലെ ‘മുത്തേ നമ്മുടെ മുറ്റത്തും മുത്തുക്കുടകളുയർന്നല്ലോ... ഓണം വന്നു ഓണം വന്നു നമ്മുടെ വീട്ടിലും ഓണപ്പൂക്കൾ വിരിഞ്ഞല്ലോ...’ എന്ന പാട്ട് പി.ലീലയുെട ശ്രുതിമധുരമായ ശബ്ദത്തില്‍ മലയാളി േകട്ടു.  

മറക്കാനാകാത്ത മറ്റൊരോണയീണം നമുക്കു സമ്മാനിച്ചതു ബംഗാളിയായ സലീല്‍ ചൗധരിയാണ്. വിഷുക്കണി എന്ന സിനിമയ്ക്കു േവണ്ടി ഒരുക്കിയ ആഘോഷപാട്ടില്‍ പൂവും പൂ വിളിയും െപാന്നോണവുമെല്ലാം നിറഞ്ഞു നിന്നു. ഒപ്പം ആരേയും തുള്ളിക്കളിപ്പിക്കുന്ന ഈണവും. ‘പൂവിളി പൂവിളി പൊന്നോണമായി... നീ വരൂ നീ വരൂ പൊന്നോണത്തുമ്പീ...’

തമ്പിയുടെ തൂലികയില്‍ നിന്നു പിന്നീടു വന്നത് ഒാണപ്പാട്ടുകളുടെ പൂക്കാലമാണ്. ‘തിരുവോണപ്പുലരി തൻ തിരുമുല്‍ക്കാഴ്ച കാണാന്‍’, ‘പൊന്നിൻ ചിങ്ങത്തേരു വന്നു പൊന്നമ്പലമേട്ടിൽ പൂവണി പൊന്നും ചിങ്ങം വിരുന്നു വന്നു...’ അങ്ങനെയങ്ങനെ എത്രയോ...

തരംഗിണിയുടെ പരീക്ഷണം

സിനിമയിലെ ഓണപ്പാട്ടുകളുടെ ജനപ്രീതി തരംഗിണിയുടെ ലേബലിൽ ഉത്സവഗാന ആൽബങ്ങളിറക്കാൻ പ്രചോദനമായിട്ടുണ്ടെന്നു പറയുന്നു യേശുദാസ്. ‘‘ഓണം മലയാളികൾക്ക് ഓർമകളുടെ ഉത്സവം കൂടിയാണ്. ഗൃഹാതുരത്വം നിറഞ്ഞ ആ അനുഭവങ്ങൾ ഇമ്പമാർന്ന സംഗീതത്തിന്റെ അകമ്പടിയോടെ കേൾക്കാൻ ആർക്കാണ് ഇഷ്ടമില്ലാത്തത്? ആ ഇഷ്ടം തന്നെയാണ് ഓണപ്പാട്ടുകൾ മാത്രം ഉൾപ്പെടുത്തി ഒരു ആൽബം എന്ന ആശയത്തിലേക്കു നയിച്ചത്. ദൈവാനുഗ്രഹത്താൽ ആദ്യത്തെ പരീക്ഷണം തന്നെ ജനങ്ങൾ ഹൃദയപൂർവം സ്വീകരിച്ചു. പിന്നീടങ്ങോട്ടു വർഷങ്ങളോളം അത്തരം ആൽബങ്ങൾ പുറത്തിറക്കേണ്ടത് ഒരു കടമ കൂടിയായി.’’

തരംഗിണിയുടെ ആദ്യ ഓണപ്പാട്ടുകൾ ഒരുക്കിയത് ഒഎൻവിയും ആലപ്പി  രംഗനാഥും ചേർന്നാണ്, 1982ല്‍. എഴുതാനിരിക്കുമ്പോൾ തന്നെ കവി ഒരു നിർദേശം വച്ചിരുന്നു. ‘‘വെറും ആഘോഷ പാട്ടുകളല്ല എന്റെ മനസ്സിലുള്ളത്. അൽപം ദാർശനിക മാനങ്ങൾ കൂടി ഉൾക്കൊള്ളുന്ന ഗാനങ്ങളാണ്. പ്രകൃതിയും പ്രണയവും ഭക്തിയും വാത്സല്യവുമൊക്കെ ഇടകലർന്ന, ഭാവ വൈവിധ്യമുള്ള ഗാനങ്ങൾ.’’

കാവ്യഭംഗിയാർന്ന ആ രചനകളാണു താൻ ഏറ്റവും ആസ്വദിച്ചു ചിട്ടപ്പെടുത്തിയതെന്നു പറഞ്ഞിട്ടുണ്ട് ആലപ്പി രംഗനാഥും. ‘പറയൂ നിൻ ഗാനത്തിൽ നുകരാത്ത തേനിന്റെ മധുരിമയെങ്ങനെ വന്നു’ എന്ന വരികളൊക്കെ വായിച്ചപ്പോള്‍, കണ്ണു നിറഞ്ഞു രംഗനാഥിന്. യേശുദാസിന്റെ ഗന്ധർവ സ്വരമാധുരി കൊണ്ടുകൂടി ഹൃദയം കവർന്നു ആല്‍ബത്തിലെ എല്ലാ ഗാനങ്ങളും.

രണ്ടു വർഷം കഴിഞ്ഞുള്ള ഒാണക്കാലത്തു പുറത്തുവന്ന ‘വസന്തഗീതങ്ങ’ളിലും ഉണ്ടായിരുന്നു, കേരളീയതയുടെ ഇമേജറികളും ബിംബങ്ങളും നിറഞ്ഞുനിന്ന പാട്ടുകൾ. ബിച്ചു തിരുമലയുെടയായിരുന്നു വരികള്‍. രവീന്ദ്രന്‍റെ സംഗീതം.‘മാമാങ്കം പലകുറി കൊണ്ടാടി’, ‘ശ്രാവണ പൗർണമി സൗന്ദര്യമേ’, ‘അരയന്നമേ ആരോമലേ...’  പിന്നീടു തരംഗിണിയില്‍ നിന്ന് ഒാണപ്പാട്ടുകളുെട ഘോഷയാത്രയായിരുന്നു.

അഭയദേവിൽ നിന്നാണു മലയാളസിനിമയിലെ ഓണപ്പാട്ടുകളുടെ ചരിത്രം തുടങ്ങുന്നത്. 1951ൽ പുറത്തുവന്ന ‘യാചകന്‍’ എന്ന സിനിമയ്ക്കു വേണ്ടി അഭയദേവ് എഴുതിയ ‘മഹനീയം തിരുവോണം മനോജ്ഞമലനാട്ടിൻ സുദിനം’ ആകണം, സിനിമയിൽ കേട്ട ലക്ഷണമൊത്ത ആദ്യ ഓണപ്പാട്ട്. അടുത്ത വർഷം ‘അമ്മ’ എന്ന സിനിമയ്ക്കായി പി. ഭാസ്കരന്‍ ‘ഹാ പൊൻതിരുവോണം വരവായി’ എന്ന ഗാനമെഴുതി. പിന്നീടു തിരുനയിനാർ കുറിച്ചി മാധവൻ നായരു വയലാറും ഒഎൻവിയുമൊക്കെ മനോഹരങ്ങളായ ഓണപ്പാട്ടുകൾ രചിച്ചു.

2016 ൽ പുറത്തുവന്ന ‘ജേക്കബിന്റെ സ്വർഗരാജ്യ’ത്തിലും ഉണ്ടായിരുന്നു മലയാളച്ചുണ്ടില്‍ നിന്നു മായാത്ത ഒരു മലരോണപ്പാട്ട്. ‘തിരുവാവണി രാവ്..മനസ്സാകെ നിലാവ്... മലയാളച്ചുണ്ടില്‍ മലരോണപ്പാട്ട്....’ മനു മഞ്ജിത്തിന്‍റെ വരികള്‍ക്കു ഷാന്‍ റഹ്മാന്‍ ശ്യാമരാഗത്തില്‍ പകര്‍ന്ന അതിസുന്ദര ഈണത്തില്‍ മലയാളി മയങ്ങി വീണു. ഉണ്ണിമേനോനും സിതാരയും ആയിരുന്നു ആലാപനം.

പഴയ പോലെ ഉത്സവഗാനങ്ങൾ ഓണക്കാലത്തെ ഇപ്പോള്‍ സംഗീത സാന്ദ്രമാക്കാറില്ല. യുട്യൂബിൽ മിന്നിമറയുന്ന ‘സിംഗിളു’കളില്‍ ഒതുങ്ങുന്നു അവയെല്ലാം. എങ്കിലും ‘ഉത്രാടപ്പൂവിളിയില്‍ കേരളമുണരുകയായ്...              പൂ തിറയാടും ഗ്രാമവസന്തം തിരുമുടിയണിയുകയായ്...’ എന്നു യൗവനയുക്തമായ ശബ്ദത്തിൽ യേശുദാസ് പാടി കേൾക്കുമ്പോൾ എവിടെയോ ഒരു നഷ്ടനൊമ്പരം. ഇനിയെന്നെങ്കിലും തിരിച്ചുവരുമോ ആ കാലം?

ADVERTISEMENT