‘എന്റെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനം, എന്റെ ഓരോ ദിവസവും നീ ആഘോഷമാക്കി മാറ്റുകയാണ്’: പ്രപ്പോസൽ വിഡിയോ പങ്കുവച്ച് ആദിത്യ
Mail This Article
മലയാളത്തിന്റെ പ്രിയഗായികയാണ് അഞ്ജു ജോസഫ്. കഴിഞ്ഞ വർഷമാണ് അഞ്ജുവും ജീവിതപങ്കാളി ആദിത്യ പരമേശ്വരനും വിവാഹിതരായത്. 2024 നവംബർ 30 ന്, ആലപ്പുഴ റജിസ്ട്രാർ ഓഫിസിൽ വച്ചായിരുന്നു ലളിതമായ ചടങ്ങ്.
ഇപ്പോഴിതാ, അഞ്ജുവിന്റെ പിറന്നാൾ ദിനത്തിൽ, കഴിഞ്ഞ പിറന്നാൾ ദിനത്തിൽ അഞ്ജുവിനെ പ്രപ്പോസ് ചെയ്യുന്ന വിഡിയോ പങ്കുവച്ചിരിക്കുകയാണ് ആദിത്യ.
‘നമ്മുടെ തിരഞ്ഞെടുപ്പുകളുടെ ആകെ തുകയാണ് ജീവിതമെന്നാണ് പറയാറുള്ളത്. 365 ദിവസം മുൻപ്, 2024 നവംബർ 7ന്, ഏകദേശം അർദ്ധരാത്രിയോടെ നിന്നെ പ്രപ്പോസ് ചെയ്യാൻ ഞാൻ തീരുമാനിച്ചു, യെസ് പറയാൻ നീയും തീരുമാനിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനം. പിറന്നാൾ ആശംസകൾ. എന്റെ ഓരോ ദിവസവും നീ ആഘോഷമാക്കി മാറ്റുകയാണ്’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ച് ആദിത്യന് നൽകുന്ന അഞ്ജുവിനെ വിഡിയോയിൽ കാണാം. അപ്പോൾ ആദിത്യ പ്രപ്പോസ് ചെയ്യുന്നു. പ്രിയപ്പെട്ടവനെ കെട്ടിപ്പിടിച്ച അഞ്ജു ‘അവസാനം നീ ചോദിച്ചല്ലോ’ എന്നാണ് മറുപടി പറയുന്നത്. ‘നീ വിചാരിച്ചാലും ഊരി കളയാൻ പറ്റില്ല’ എന്ന് പറഞ്ഞാണ് ആദിത്യ അഞ്ജുവിന്റെ വിരലുകളിൽ മോതിരം അണിയിക്കുന്നത്. പിന്നീട് സന്തോഷത്താൽ കരയുന്ന അഞ്ജുവിനെ വിഡിയോയിൽ കാണാം. ശേഷം ആദിത്യയോട് ‘കല്യാണം കഴിക്കാം’ എന്ന് അഞ്ജു പറയുന്നു.