ADVERTISEMENT

കൂട്ടുകാർക്കിടയിലൊക്കെ മുഴങ്ങിക്കേൾക്കുന്നതു കൊണ്ട് തന്റെ ശബ്ദം സയനോരയ്ക്ക് ഇഷ്ടമേ അല്ലായിരുന്നുവത്രേ. ‘‘പാട്ടു പഠിച്ചു തുടങ്ങിയ കാലം. കർണാടക സംഗീതത്തിൽ ആറര സ്കെയിലിൽ പിച്ച് സെറ്റ് ചെയ്താണു ക്ലാസ് എടുക്കുക. എന്റെ പിച്ച് അഞ്ചിൽ താഴെയാണ്. ഹൈ പിച്ചിൽ പാടാൻ പറ്റുന്നില്ലല്ലോ എന്ന സങ്കടം കൊണ്ട് ഈ ശബ്ദം അത്ര പോരാ എന്നായിരുന്നു ചിന്ത,’’ സയനോര വനിതയ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ശബ്ദത്തെ കുറിച്ചുള്ള ഈ സങ്കടം സയനോര മറികടന്നത് ഒരാളുടെ ഉപദേശത്തെ തുടർന്നാണ്. ആ സീക്രട് വനിതയോടു തുറന്നു പറഞ്ഞതിങ്ങനെ. ‘‘ഡാഡി ഫിലിപ് ഫെർണാണ്ടസ് കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിൽ സംഗീതാധ്യാപകനായിരുന്നു. രാഗം കലാമന്ദിർ എന്ന മ്യൂസിക് സ്കൂളും ഡാഡിക്കുണ്ട്. ഒരിക്കൽ എന്റെ സങ്കടം കണ്ട് ഡാഡി വിവരം അന്വേഷിച്ചു.

ADVERTISEMENT

സംഗതി കേട്ടു കഴിഞ്ഞപ്പോൾ ഡാഡി പൊട്ടിച്ചിരിച്ചു കൊണ്ടു പറഞ്ഞു, ‘സുപ്രാനോ എന്നാണു ഹൈ റേഞ്ച് ഫീമെയിൽ വോയ്സിനെ വിളിക്കുക. അതിനു താഴെ ആൾട്ടോയും ടെനോറുമൊക്കെയുണ്ട്. സയനോര ആൾട്ടോ വോയ്സിലുള്ള പാട്ടുകാരിയാണ്. അതിൽ ഒട്ടും വിഷമിക്കരുത്. ഒരുപാടു താഴെ വരെയുള്ള റേഞ്ചിൽ പാടാൻ പറ്റും എന്നതാണ് ഈ ശബ്ദത്തിന്റെ സാധ്യത...’ അതോടെ സങ്കടം മാറി.

ആ സാധ്യത മനസ്സിലായതു സിനിമയിൽ പാടിയപ്പോഴാണ്. ബേസ് റേഞ്ചിലുള്ള ഒരുപാടു ഹിറ്റു പാട്ടുകൾ കിട്ടി.

sayanorasingerstateawardforbestdubbingfamily2
ഡാഡി ഫിലിപ് ഫെർണാണ്ടസ്, അനിയത്തി ശ്രുതി ഫിലിപ്, നാത്തൂൻ ശിൽപ, മമ്മി ബേബി, സയനോര (മുൻനിരയിൽ) അനിയൻ സ്വരാഗിന്റെ മക‍ൾ നൈല, ശ്രുതിയുടെ ഭർത്താവ് മനു, സയനോരയുടെ മകൾ സന, സ്വരാഗിന്റെ മക്കൾ ദിയ, ലൈറ, സ്വരാഗ് (പിൻനിരയിൽ)
ADVERTISEMENT

വെസ്റ്റേൺ ടീച്ചറാണെങ്കിലും മൂന്നു മക്കളെയും കർണാടക സംഗീതവും ഹിന്ദുസ്ഥാനിയും പഠിപ്പിക്കാൻ മുൻകൈ എടുത്തത് ഡാഡിയാണ്. അഞ്ചാം വയസ്സിലാണ് അമ്മിണി മിസ്സിന്റെ കീഴിൽ കർണാടക സംഗീതം പഠിച്ചു തുടങ്ങിയത്. പിന്നെ വൽസൻ മാഷും ശ്രീജൻ മാഷും തലശ്ശേരി ബാലൻ മാഷും മനീഷ് സാറുമൊക്കെ പഠിപ്പിച്ചു. 12 വർഷം കർണാടക സംഗീതവും മൂന്നു വർഷം ഹിന്ദുസ്ഥാനിയും പഠിച്ചു.

ഹോം വർക്ക് ചെയ്യാത്തതിനല്ല, പാട്ടു പ്രാക്ടീസ് ചെയ്യാത്തതിനാണ് അച്ഛന്റെ വഴക്കു കേൾക്കുക. അനിയൻ സ്വരാഗും അനിയത്തി ശ്രുതിയും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വെസ്റ്റേൺ വയലിനിൽ ഒന്നാം സമ്മാനം വാങ്ങിയിട്ടുണ്ട്. ശ്രുതി നന്നായി പാടും. സ്വരാഗ് നന്നായി കംപോസ് ചെയ്യും. അവർ രണ്ടുപേരും എൻജിനീയർമാരാണ്.

ADVERTISEMENT

വെട്ടത്തിലെ ഐ ലവ് യൂ ഡിസംബർ എന്ന പാട്ടിലെ ഇംഗ്ലിഷ് വരികളാണ് ആദ്യം പാടിയത്. ബിഎസ്‌സി സുവോളജി കഴിഞ്ഞ് എംഎസ്‌സി മറൈൻ ബയോളജിക്ക് ചേരാനിരിക്കുകയാണ് അന്ന്. ഇന്റർവ്യൂവിന്റെ തലേദിവസം ഫോൺ, ‘സംഗീതസംവിധായകൻ അൽഫോൺസാണ്, സയനോരയുമായി നാളെ തൃശൂരിലേക്കു വരാമോ...’ മഞ്ഞുപോലൊരു പെൺകുട്ടിയിലേക്കാണു വിളിക്കുന്നത്.

പാട്ടു വേണോ, പഠനം വേണോ എന്നു തീരുമാനിക്കേണ്ട നിർണായക നിമിഷമായി അത്. ഈ ദിവസം ഇങ്ങനെയൊരു കോൾ വന്നെങ്കിൽ ഒന്നുകൂടി ചിന്തിക്കണം എന്നാണു ഡാഡി പറഞ്ഞത്. അങ്ങനെ തൃശൂരിലേക്കു ബസ് കയറി. പാട്ടിനു വേണ്ടി ഡാഡി നൽകിയ സപ്പോർട്ട് ചെറുതല്ല. രമേശ് നാരായണൻ സാറിന്റെ കണ്ണൂരിലെ വീട്ടിൽ പോയി ഹിന്ദുസ്ഥാനി കുറച്ചൊക്കെ പഠിച്ചിരുന്നു. മഞ്ഞുപോലൊരു പെൺകുട്ടി കഴിഞ്ഞ് ഒരു വർഷം തിരുവനന്തപുരത്തു താമസിച്ചു ഹിന്ദുസ്ഥാനി പഠിച്ചു. അതിനായി അച്ഛൻ വോളണ്ടറി റിട്ടയർമെന്റ് എടുത്തു വരികയായിരുന്നു.

അതിനു പിന്നാലെയാണ് എ.ആർ. റഹ്മാൻ സാറിന്റെ വേൾഡ് ടൂറിൽ കോറസ് ഗായികയാകാൻ അവസരം വന്നത്. ആ നാലുവർഷത്തിനിടെയാണു ശിവാജിയിലെ ‘തീ തീ തീ...’ എന്ന പാട്ടൊക്കെ കിട്ടിയത്... സയനോരയുടെ അഭിമുഖത്തിന്റെ പൂർണരൂപം പുതിയ ലക്കം (നവംബർ 2–2 ഡിസംബർ 5) വനിതയിൽ.

English Summary:

Sayanora Philip initially disliked her voice, but her father's advice changed her perspective. Understanding her alto voice range opened doors to many opportunities in her singing career.

ADVERTISEMENT