ഹൈ വോൾട്ടേജ് എനർജി! ദിലീപിനൊപ്പം മോഹൻലാലും: ഭ.ഭ.ബയിലെ ആഘോഷഗാനം എത്തി Dileep's Bh.Bh.Ba Song 'Azhinjattam' Released
Mail This Article
പാട്ടും ആഘോഷവും ആരവവുമൊക്കെയായി ദിലീപ് ചിത്രം 'ഭ.ഭ.ബ' യിലെ ആദ്യ ഗാനം പുറത്ത്. അഴിഞ്ഞാട്ടം എന്ന ടൈറ്റിലോടെ പുറത്ത് വന്നിരിക്കുന്ന ഗാനം ഇതിനോടകം തന്നെ ട്രെൻഡിങ് ലിസ്റ്റിലുണ്ട്. എം.ജി ശ്രീകുമാർ, വിനീത് ശ്രീനിവാസൻ, നിരഞ്ജ് സുരേഷ് എന്നിവർ ചേർന്ന് ആലപിച്ച ഗാനത്തിന് വരികൾ രചിച്ചത് വിനായക് ശശികുമാർ ആണ്. ഷാൻ റഹ്മാൻ ആണ് ഈ ഗാനത്തിന് ഈണം പകർന്നത്. ദിലീപും മോഹൻലാലും ചുവട് വെക്കുന്ന ഈ ത്രസിപ്പിക്കുന്ന ഗാനത്തിന് നൃത്തം ഒരുക്കിയത് സാൻഡി മാസ്റ്റർ ആണ്.
ദിലീപിനെ നായകനാക്കി ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നതിനു പിന്നാലെയാണ് ചിത്രത്തിലെ ആഘോഷഗാനവും പുറത്തു വന്നിട്ടുള്ളത്.
നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത ചിത്രം 2025 ഡിസംബർ 18 നാണ് ആഗോള റിലീസായി എത്തുക. ദിലീപിനൊപ്പം വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ ആണ് മോഹൻലാൽ എത്തുന്നത്.
ദിലീപ്, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവർ സ്‌ക്രീനിൽ തകർക്കുന്നതിനൊപ്പം മോഹൻലാലിന്റെ ഒരു മാസ്സ് അഴിഞ്ഞാട്ടവും പ്രേക്ഷകരെ കാത്തിരിക്കുന്നുണ്ട് എന്ന് ചിത്രത്തിന്റെ ട്രെയിലർ കാണിച്ചു തരുന്നുണ്ട്. ‘വേൾഡ് ഓഫ് മാഡ്‌നെസ്സ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. "ഭയം ഭക്തി ബഹുമാനം" എന്നതിന്റെ ചുരുക്ക രൂപമായിട്ടാണ് "ഭ.ഭ.ബ" എന്ന ടൈറ്റിലോടെ ചിത്രമെത്തുന്നത്.
ആക്‌ഷൻ, കോമഡി, ഗാനങ്ങൾ, ത്രിൽ എന്നിവ കോർത്തിണക്കി ഒരുക്കിയ ഈ ആഘോഷ ചിത്രം ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്.
സിദ്ധാർഥ് ഭരതൻ, ബൈജു സന്തോഷ് , ബാലു വർഗീസ്, സലിം കുമാർ, അശോകൻ, ദേവൻ, ബിജു പപ്പൻ, ജി. സുരേഷ് കുമാർ, നോബി, വിജയ് മേനോൻ, റിയാസ് ഖാൻ, സെന്തിൽ കൃഷ്ണാ, റെഡിൻ കിംഗ്സിലി (തമിഴ്), ഷമീർ ഖാൻ (പ്രേമലു ഫെയിം) ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, നൂറിൻ ഷെറീഫ്, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫർ സാന്റി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.