‘ഞാൻ ചെയ്ത മോശം പ്രവർത്തി എന്താണെന്ന് തെളിയിക്കണം’: നിയമനടപടി സ്വീകരിക്കുമെന്ന് അക്ബർ ഖാൻ
Mail This Article
ഗായകനും ബിഗ് ബോസ് മലയാളം താരവുമായ അക്ബര്‍ ഖാനെതിരെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഫസ്മിന സാക്കിർ രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. വിവാഹിതനായ അക്ബർ ഖാൻ പ്രമുഖ ഡേറ്റിങ് ആപ്പായ ടിന്ററിൽ സജീവമാണെന്നും അപരിചിതരായ പെൺകുട്ടികളുമായി ചാറ്റ് ചെയ്യുകയും ഫോൺ നമ്പർ കൈമാറുകയും ചെയ്യുന്നുണ്ടെന്നുമാണ് വെളിപ്പെടുത്തൽ.
ഇപ്പോഴിതാ, ഈ ആരോപണങ്ങളിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അക്ബർ. അടിസ്ഥാനരഹിതമായ ആരോപണമാണ് തനിക്കെതിരെ ഉന്നയിച്ചിരിക്കുന്നതെന്നും നിയമനടപടി സ്വീകരിക്കുമെന്നും അക്ബർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
‘ഒരു യുട്യൂബ് ചാനൽ വഴി എന്റെ പേരിൽ തെറ്റായതും അടിസ്ഥാനരഹിതവുമായ നിരവധി ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് വിഡിയോ പ്രസിദ്ധീകരിച്ചിരിക്കുന്നതായി എന്റെ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. ചില ഔദ്യോഗിക പരിപാടികൾക്കായി ഞാൻ ഖത്തറിൽ ആയതുകൊണ്ടാണ് എന്റെ പ്രതികരണം വൈകിയത്. ഞാൻ ഈ വിഷയത്തിൽ നിയമനടപടികൾ ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അഭിപ്രായപ്രകടനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പേരിൽ ആരും മറ്റൊരാളുടെ വ്യക്തിത്വത്തെ ഹനിക്കുന്ന തരത്തിലുള്ള അപകീർത്തികരമായ പ്രസ്താവനകൾ നടത്താൻ അധികാരമുള്ളവരല്ലെന്നത് മനസിലാക്കുക.
നിയമപരമായ പ്രക്രിയയിലൂടെ ബന്ധപ്പെട്ട വ്യക്തികളോട് അവർ ആരോപിക്കുന്നതുപോലെ ഞാൻ ചെയ്തുവെന്ന് പറയുന്ന ഏതെങ്കിലും മോശമായ പ്രസ്താവനയോ പ്രവർത്തിയോ എന്താണെന്ന് തെളിയിക്കണമെന്നാവശ്യപ്പെടും. സത്യാവസ്ഥ തെളിയിക്കപ്പെടുമെന്നും നിയമ വ്യവസ്ഥ ഈ വിഷയത്തിൽ അനുയോജ്യമായ വിധിനിർണയം നടത്തുമെന്നും ഞാൻ വിശ്വസിക്കുന്നു’.– എന്നാണ് അക്ബർ കുറിച്ചത്.
അക്ബറിന്റെ ടിന്റർ അക്കൗണ്ട് വ്യാജമല്ലെന്നും അത് ബ്ലൂ ടിക്കുള്ള വെരിഫൈഡ് പ്രൊഫൈൽ ആണെന്നുമാണ് ഫസ്മിന വിഡിയോയിൽ പറഞ്ഞത്. ആപ്പിലൂടെ പരിചയപ്പെട്ട ഒരു പെൺകുട്ടിയോട് താൻ അക്ബർ ഖാൻ തന്നെയെന്നു വെളിപ്പെടുത്തിയ ശേഷം വിശ്വാസം വരാത്ത പെൺകുട്ടിക്ക് തന്റെ ഫോൺ നമ്പർ നൽകാനും കൂടുതൽ പരിചയപ്പെടാൻ താൽപ്പര്യമുണ്ടെന്ന് അറിയിക്കാനും അക്ബർ തയ്യാറായെന്ന് ഫസ്മിന പറയുന്നു.
താരം അയച്ച നമ്പറും ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളും ഫസ്മിന വിഡിയോയിലൂടെ പങ്കുവച്ചു. അക്ബറിന് നൽകിയ നമ്പറിലേക്ക് ഫസ്മിന നേരിട്ട് മെസേജ് അയച്ചെങ്കിലും താരം പ്രതികരിച്ചില്ല. വിവാഹിതനായ ഒരാൾ ഡേറ്റിങ് ആപ്പിൽ അക്കൗണ്ട് തുടങ്ങി മറ്റൊരു പെൺകുട്ടിയുമായി അടുക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫസ്മിനയുടെ വിഡിയോ. അക്ബറിന്റെ വിവാഹക്കാര്യം അറിഞ്ഞതോടെ ആ പെൺകുട്ടി ചാറ്റ് അവസാനിപ്പിക്കുകയായിരുന്നുവെന്നും വിഡിയോയിൽ പറയുന്നു.