‘മൂന്നാമത്തേത് പെൺകുഞ്ഞ്... ഭാഗ്യം ആ കാര്യത്തിൽ ദാസേട്ടനെ അനുകരിച്ചില്ല’: ചിരിനിറച്ച് മാർക്കോസ്: വിമർശകർക്ക് മറുപടി The Musical Journey of KG Markos
Mail This Article
മലയാളിയുടെ ഓർമകളെ തൊട്ടുണർത്തുന്ന എത്രയോ ഗാനങ്ങൾ. സിനിമയിലും ആൽബങ്ങളിലുമായി കെ.ജി. മാർക്കോസ് എന് അനുഗ്രഹീത ഗായകൻ പാടിവച്ച പാട്ടുകളൊക്കെയും പവിഴങ്ങളാണ്. ഓരോന്നിനും സംഗീതാസ്വാദകരുടെ ഹൃദയങ്ങളിൽ തിളക്കമേറെ. ഇസ്രായേലിൻ നാഥനും, പാൽനിലാ പുഞ്ചിരിയും, പൂമാനമേയും തുടങ്ങി ഇന്ന് ന്യൂജന്‍ പിള്ളേരെ വൈബിലാക്കിയ തെലുങ്കാന ബൊമ്മലുവിന്റെ പിന്നണിയിൽ വരെ ആ മധുരസ്വരമുണ്ട്. തന്റെ സംഗീത ജീവിതത്തെക്കുറിച്ചും ഇഷ്ടങ്ങളെക്കുറിച്ചും വനിത ഓൺലൈനോട് മനസു തുറക്കുകയാണ് മാർക്കോസ്. വനിത ഓൺലൈൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അനുഗ്രഹീത ഗായകൻ മനസു തുറന്നത്. ജീവിതത്തിൽ നേരിട്ട വിമർശനങ്ങളെ സരസമായും പക്വതയോടെയും നേരിട്ട അനുഭവവും മാർക്കോസ് പറയുന്നുണ്ട്.
ജീവിതത്തിലെ ഏറെ ബഹുമാനിക്കുന്ന യേശുദാസിനെ കണ്ട അനുഭവം മാർക്കോസ് പറയുന്നത് ഇങ്ങനെ.
‘1972ലാണ് ആദ്യമായി, ജീവിതത്തിൽ ഏറെ ബഹുമാനിക്കുന്ന കെ.ജെ യേശുദാസിനെ കാണുന്നത്. കൊല്ലത്തെ അദ്ദേഹത്തിന്റെ സുഹൃത്തിന്റെ വീട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച്ചക്കിടെ കുറച്ചു പാട്ടുകൾ ദാസേട്ടനായി പാടി. കേട്ടപാടെ നിന്റെ ശബ്ദം കൊള്ളാം. സംഗീതം പടിച്ചിട്ടുണ്ടോ എന്ന് ചോദ്യം. സംഗീതം പഠിക്കാനുള്ള അവസ്ഥ അല്ല കുടുംബത്തിന്റേത് എന്ന് മറുടി പറഞ്ഞു. സംഗീതം പഠിക്കണമെങ്കിൽ ചെറിയ പ്രായത്തിൽ തന്നെ പഠിക്കണം, കുറേ കഷ്ടപ്പെടണം എന്ന് ദാസേട്ടന്റെ ഉപദേശം. ആ വാക്കുകളായിരുന്നു സംഗീത ജീവിതത്തിൽ കരുത്ത്.’– കെ.ജി മാർക്കോസ് പറയുന്നു.
അതേസമയം യേശുദാസിനെ അനുകരിക്കുന്നു എന്നു പറഞ്ഞ് അക്കാലത്ത് നേരിട്ട വിമർശനങ്ങളെക്കുറിച്ചും മാർക്കോസ് വിവരിക്കുന്നുണ്ട്.
‘എന്റ അച്ഛൻ ഡോക്ടറായിരുന്നു. അദ്ദേഹം വെള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. കാരണം വെള്ള, ഡോക്ടർമാരുടെ മനസിന്റെ നൈർമല്യത്തെയാണ് സൂചിപ്പിക്കുന്നത്. വെള്ള എന്നെ സ്വാധീനിക്കുന്നതും അങ്ങനെയാണ്. പക്ഷേ വെള്ള ധരിച്ചതിന്റെ പേരിൽ യേശുദാസിനെ അനുകരിക്കുന്നു എന്ന രീതിയിൽ വിമർശനങ്ങളുണ്ടായി. എന്തു ചെയ്താലും യേശുദാസിനെ പോലെയെന്നായി... മുടിവളർത്തുന്നു, യേശുദാസിനെ പോലെ പാടുന്നു, യേശുദാസിനെ പോലെ വെള്ളയിടുന്നു എന്നൊക്കെ പറഞ്ഞു തുടങ്ങി. ഒരു തരത്തിലും മുന്നോട്ടു പോകാൻ കഴിയാത്ത അവസ്ഥ. അങ്ങനെയിരിക്കേയാണ് കല്യാണം കഴിയുന്നത്. ആദ്യത്തെ രണ്ട് പേരും ആൺകുട്ടികൾ. മൂന്നാമത്തേതും ആണായിരുന്നെങ്കിൽ പറഞ്ഞേനെ അതിലും യേശുദാസിനെ അനുകരിച്ചെന്ന്. അപ്പോൾ ഞങ്ങൾ തീരുമാനിച്ചു, രണ്ട് ആൺപിള്ളേര്‍ മതിയെന്ന്. ഇതിനിടെ പരിചയമുള്ള അമ്മച്ചിമാർ പറഞ്ഞു, മോളേ... ഒരു പെൺകുഞ്ഞു കൂടി വേണമെന്ന്. അങ്ങനെ നാളുകൾക്ക് ശേഷം ഒരു മോളെ കിട്ടി. ഭാഗ്യം ആ കാര്യത്തിൽ യേശുദാസിനെ അനുകരിച്ചില്ല.– ചിരിയോടെ മാർക്കോസിന്റെ കമന്റ്.
വിഡിയോ അഭിമുഖം കാണാം.