പലരും റിയാലിറ്റി ഷോയെ എതിർക്കുമ്പോൾ എം.ജി. ശ്രീകുമാർ 20 വർഷമായി ജഡ്ജ്; പാട്ടിലെ ആ രഹസ്യം പറഞ്ഞ് ശ്രീക്കുട്ടൻ M.G. Sreekumar's Dedication to Music Education
Mail This Article
‘പണ്ടു രവീന്ദ്രൻ മാഷ് പറഞ്ഞിട്ടുണ്ട്, ശ്രീക്കുട്ടന് എത്ര പാടിയാലും മതിയാകില്ല... റിക്കോർഡിങ് കഴിഞ്ഞ് ഞാൻ എൻജിനിയറുടെ അടുത്തു ചെന്നുനിൽക്കും, ചില ഭാഗങ്ങൾ വീണ്ടും പാടാൻ. ആ മനസ്സ് നഷ്ടപ്പെട്ടിട്ടില്ല.
തെറ്റുകൾ തിരുത്താനും പഠിപ്പിക്കാനും വലിയ ഇഷ്ടമാണ്. സംഗീതത്തിൽ അഭിരുചിയുള്ള, ശുദ്ധമായ സംഗീതത്തെ ഉപാസിക്കുന്നവരെ കൈപിടിച്ചുയർത്താനാകുന്നതു ഭാഗ്യമല്ലേ. അതിൽ ഒരു പക്ഷപാതിത്വവും കാണിക്കില്ല,’’ റിയാലിറ്റി ഷോയിൽ ജഡ്ജാകുന്നതിന്റെ ത്രില്ലും സീക്രട്ടും വനിതയ്ക്കു നൽകിയ അഭിമുഖത്തിലാണ് എം.ജി. ശ്രീകുമാർ തുറന്നുപറഞ്ഞത്.
‘‘ഒരിക്കൽ റിയാലിറ്റി ഷോയുടെ ഗ്രാൻഡ് ഫിനാലെയിൽ ഗസ്റ്റായി വന്ന ദാസേട്ടൻ ഒരു ഗായിക പാടി കഴിഞ്ഞപ്പോൾ എഴുന്നേറ്റു നിന്നു കയ്യടിച്ചു. ആ കുട്ടിക്ക് ഒന്നാം സമ്മാനം കൊടുക്കാൻ ചാനൽ നിർബന്ധിതരായി. പിന്നാലെ അതിനെ ചോദ്യം ചെയ്തു കേസ് വന്നു. ചാനൽ ഉടമകൾ മുതൽ ഞാൻ വരെ പ്രതികളായെങ്കിലും ആ പാട്ടിന് ഞാൻ വളരെ കുറച്ചു മാർക്കാണു നൽകിയിരുന്നതെന്നും എം.ജി. ശ്രീകുമാർ പറയുന്നു.
റിയാലിറ്റി ഷോയിലൂടെ മാത്രമല്ല എം.ജി. ശ്രീകുമാർ കുട്ടികളെ പാട്ടു പഠിപ്പിക്കുന്നത്. എംജി മ്യൂസിക് അക്കാദമിക്ക് തിരുവനന്തപുരത്തും കഴക്കൂട്ടത്തും പരവൂരിലെ ദേവരാജൻ മാസ്റ്ററുടെ വീടിനടുത്തുള്ള പുറ്റിങ്ങൽ ദേവീക്ഷേത്ര ഓഡിറ്റോറിയത്തിലും ക്ലാസ്സുകളുണ്ട്. മാഷിന്റെ വീട് വാടകയ്ക്കെടുത്തിട്ടോ വാങ്ങിയിട്ടോ മ്യൂസിക് സ്കൂൾ തുടങ്ങണമെന്നായിരുന്നു ആഗ്രഹം, അതു നടന്നില്ലയെന്നും ശ്രീക്കുട്ടൻ പറഞ്ഞു.
പാട്ടിനെ ഇത്രമാത്രം സ്നേഹിക്കുന്നയാളിന്റെ പ്രിയതമ പാടുമോ എന്ന ചോദ്യത്തിന് ശ്രീക്കുട്ടന്റെ ഭാര്യ ലേഖയുടെ മറുപടി ഇങ്ങനെ, ‘‘പാട്ട് പഠിച്ചിട്ടുണ്ട്. പക്ഷേ, പാട്ടുകാരന്റെ ഭാര്യയായതിൽ പിന്നെ മൂളിപ്പാട്ടു പോലും പാടിയിട്ടില്ല. സിനിമയിൽ അഭിനയിക്കാൻ പലവട്ടം അവസരം വന്നിട്ടുണ്ട്. അതിനോടും ‘നോ’ ആയിരുന്നു മറുപടി.’’
